ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ടാറ്റാ മോട്ടോഴ്സിന്റെ (Tata Motors) തട്ട് എന്നും താണ് തന്നെയിരിക്കും. ഇന്ത്യയിൽ ഇവി പ്ലാനുകൾ ഉണ്ടാക്കുന്ന വിഷയത്തിൽ മറ്റു കമ്പനികളെക്കാൾ ഒരുപടി മുന്നിലാണ് ടാറ്റ. 2025 ആകുമ്പോഴെക്കും ഇന്ത്യയിലെ റോഡുകളിൽ 10 ഇലക്ട്രിക് കാറുകൾ ഇറക്കുമെന്ന് 2021ലേ ടാറ്റ പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ചെയ്തതിൽ മൂന്നെണ്ണം ഇറക്കി കഴിഞ്ഞു. ടാറ്റാ നെക്സോൺ ഇവി (Tata Nexon EV), ടാറ്റാ ടിയാഗോ ഇവി (Tata Tiago EV), ടാറ്റാ ടിഗോർ ഇവി (Tata Tigor EV) എന്നിവയാണ് അവ. ഈ വർഷം ഇലക്ട്രിക് എസ്യുവികൾ നിരത്തിലിറക്കാനാണ് ടാറ്റയുടെ പ്ലാൻ. അവയിൽ ചിലതിനെ പരിചയപ്പെടാം.
ടാറ്റാ കർവ് ഇവി (Tata Curvv EV)
ടാറ്റയിൽ നിന്നുള്ള ഏറ്റവും പുതിയ സമ്മാനമായിരിക്കും കർവ് ഇവി (Curvv EV). വ്യവസായിക അടിസ്ഥാനത്തിൽ കർവ് ഇവിയുടെ നിർമാണം അധികം വൈകാതെ തുടങ്ങുമെന്നാണ് വിവരം. എസ്യുവി കൂപ്പെ (SUV Coupe) സ്റ്റൈലിൽ വരുന്ന കർവ് ഇവി ഇന്ത്യൻ ഇവി മാർക്കറ്റിനെ മാറ്റിമറിക്കും. 500 കിലോമീറ്റർ ഡ്രൈവിംഗ് റെയ്ഞ്ചാണ് കർവ് ഇവിയിൽ ടാറ്റയുടെ വാഗ്ദാനം. വൈദ്യുത മോഡലും ഇന്റേർണൽ കംപ്ഷൻ എൻജിൻ കൗണ്ടർപാർട്ടും ഇതിനുണ്ടാകും. 15-20 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്സ്പോയിൽ കർവ് ഡീസൽ ടാറ്റ അവതരിപ്പിച്ചിരുന്നു.
ടാറ്റാ സഫാരി ഇവി (Tata Safari EV)
ടാറ്റ ഇറക്കാൻ പോകുന്ന ഹാരിയർ ഇവിക്ക് (Harrier EV) സമാനമാണ് ടാറ്റ സഫാരി ഇവി. ഒറ്റ ചാർജിൽ 500 കിലോമീറ്റർ റെയ്ഞ്ചാണ് ടാറ്റാ സഫാരി ഇവിക്കുള്ള ടാറ്റയുടെ ഉറപ്പ്.
AWD പവർട്രെയിനോടെ അത്യുഗ്രൻ ബാറ്ററി ശേഷിയുമായിട്ടായിരിക്കും സഫാരി ഇവിയുടെ വരവ്. പുതിയ ഹാരിയർ ഇവിയുടെ ലോഞ്ചിന് ശേഷമായിരിക്കും ടാറ്റാ സഫാരിയുടെ ലോഞ്ച്. ഫെയ്സ് ലിഫ്റ്റ് ചെയ്ത ടാറ്റാ സഫാരി മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും ഇതിന്റെ രൂപകല്പനയും. 23-30 ലക്ഷം രൂപയ്ക്ക് ഇടയിലാണ് ടാറ്റാ സഫാരി ഇവിയുടെ വില പ്രതീക്ഷിക്കുന്നത്. സിംഗിൾ ട്യൂണിലും ഡ്യുവൽ ട്യൂണിലും കളർ സ്കീം ലഭ്യമായിരിക്കും.
ടാറ്റാ ഹാരിയർ ഇവി (Tata Harrier EV)
ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്സ്പോയിലാണ് ടാറ്റ ആദ്യമായി ഹാരിയർ ഇവിയും അവതരിപ്പിക്കുന്നത്. മെറ്റാലിക് ഗ്രീൻ കളറിൽ ഒരുപാട് പ്രത്യേകതകളുമായാണ് ടാറ്റാ ഇവി ഹാരിയറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം പകുതിയോടെ തന്നെ ഹാരിയർ ഇവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ഫ്ലാഗ്ഷിപ്പ് മോഡലായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാർജിൽ 500 കിലോമീറ്റർ ഹാരിയറിന്റെ റെയ്ഞ്ച്. AWD സെറ്റ് അപ്പുമുണ്ടാകും.
ടാറ്റാ ആൾട്രോസ് ഇവി (Tata Altroz EV)
2025ൽ ആൾട്രോസ് ഇവി വിപണിയിലിറക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ടാറ്റ. Acti.EV പ്ലാറ്റ്ഫോമിൽ നിന്നാണ് ഇവയുടെ വരവ്. പഞ്ച് ഇവി (Punch EV)ക്ക് സമാനമായിരിക്കും ആൾട്രോസ് എന്നും റിപ്പോർട്ടുണ്ട്. 25 കിലോവാട്ട്, 35 കിലോവാട്ട് ബാറ്ററി സൈസുകളിൽ ലഭ്യമാണ്. ARAIയുടെ റേറ്റിംഗ് അനുസരിച്ച് ആൾട്രോസിന്റെ ബാറ്ററി പാക്ക് 315-421 കിലോമീറ്ററാണ്.
ടാറ്റാ സിയേറ ഇവി (Tata Sierra EV)
2020ൽ ടാറ്റ അവതരിപ്പിച്ച ആദ്യ മോഡലിന്റെ എക്സ്റ്റീരിയർ-ഇന്റീരിയർ ഡിസൈനിൽ നിന്ന് വ്യത്യസ്തമായ ഡിസൈൻ ആണ് ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിൽ പുതിയ സിയേറ അവതരിപ്പിച്ചപ്പോൾ ടാറ്റ കണ്ടത്. 60 കിലോവാട്ട് ബാറ്ററി പാക്കുമായാണ് ഈ മോഡൽ വരാൻ പോകുന്നത്. 500-550 കിലോമീറ്ററാണ് സിയേറയുടെ റെയ്ഞ്ച്. ടാറ്റയുടെ ഏറ്റവും പുതിയ Acti.ev പ്ലാറ്റ്ഫോമിലാണ് ഇത് ലഭ്യമാകുക.