ബംഗളൂരുവിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പ്രമുഖ ഐടി കമ്പനികളെ കേരളത്തിൽ പ്രവർത്തിക്കാൻ ക്ഷണിച്ച് സംസ്ഥാന സർക്കാർ. കുടിവെള്ളത്തിന്റെയോ ശുദ്ധവായുവിന്റെയോ കാര്യത്തിൽ കേരളത്തിൽ ഒരിക്കലും പ്രതിസന്ധി ഉണ്ടാകില്ല. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന പുതുതലമുറ കമ്പനികളെ ഐടി/ ടെക് കേന്ദ്രമായ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് സർക്കാർ.കേരളത്തിലേക്ക് വരുന്ന
ഐടി സ്ഥാപനങ്ങൾക്ക് എല്ലാ വിധ പിന്തുണയും സംവിധാനങ്ങളും കേരളം ഉറപ്പു നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ ഐടി ഹബ്ബാണ് ബംഗളൂരു. ഐടി മേഖലയിൽ മാത്രം 254 ബില്ല്യൺ ഡോളറിന്റെ വരുമാനം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, വേനൽ കടുത്തതോടെ ഈ വർഷം ബംഗളൂരുവിൽ കടുത്ത ജലദൗർഭല്യം അനുഭവപ്പെടുകയാണ്. ഇതോടെ മിക്ക സ്ഥാപനങ്ങളുടെയും പ്രവർത്തനം താളം തെറ്റി. പല സ്ഥാപനങ്ങളും ജീവനക്കാരെ വർക് അറ്റ് ഹോം സംവിധാനത്തിലേക്ക് മാറ്റി.
5,000 ജീവനക്കാരുള്ള ഒരു ടെക് ഹബ്ബിന് പോലും പ്രതിദിനം 10-12 ടാങ്കർ ലോഡിന് തുല്യമായ ഏകദേശം 1 ലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരുമെന്നാണ് കണക്കുകൾ.
ഐടി സ്ഥാപനങ്ങൾ ഉടനടി പ്രവർത്തന സമയം വെട്ടിക്കുറച്ചേക്കില്ലെങ്കിലും, ഓട്ടോമൊബൈൽ മേഖലയിലെ മാനുഫാക്ചേഴ്സ് അടക്കം ചില വ്യവസായങ്ങൾ ജല ദൗർലഭ്യം കാരണം പ്രതിസന്ധിയിലാണ്.
ബംഗളൂരുവിലെ ജലക്ഷാമം വ്യവസായങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ്, പാക്കേജിംഗ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകൾ ജലവിതരണത്തിൻ്റെ പ്രത്യാഘാതം അനുഭവിച്ചു തുടങ്ങി.
കുടിവെള്ള പ്രതിസന്ധി നേരിടുന്ന ബംഗളൂരുവിലെ സാഹചര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം ഐടി കമ്പനികളുമായി ബന്ധപ്പെട്ടിരുന്നതായി വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വെള്ളം ഉൾപ്പടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകാമെന്ന് അവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറുതും വലുതുമായ 44 നദികൾ നമുക്ക് ഉണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ജലപ്രതിസന്ധി ഒരു പ്രശ്നമേ അല്ലെന്ന് മന്ത്രി പറഞ്ഞു.
8.5 ലക്ഷം ചതുരശ്ര അടിയുടെ ഒരു ടെക് പാർക്ക് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ പണി കഴിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സമാനമായ പാർക്ക് ബ്രിഗേഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഇൻഫോപാർക്കിൽ നിലവിലുള്ള സൗകര്യത്തിന് പുറമെ സ്വകാര്യ ഡെവലപ്പർമാരായ ബ്രിഗേഡ്, കാർണിവൽ, ലുലുഗ്രൂപ്പ്, ഏഷ്യ സൈബർ പാർക്ക് എന്നിവരും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും മികച്ച റോഡ്, റെയിൽ സൗകര്യങ്ങളും സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ക്ഷണിച്ച ഐടി കമ്പനികളുടെ പേരുവിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കമ്പനികളുമായി ചർച്ചകൾ നടത്തി വരികയാണെന്ന് പി.രാജീവ് പറഞ്ഞു.
സിലിക്കൻ വാലിയുടെ മാതൃകയിൽ സംസ്ഥാനത്തെ വികസിപ്പിക്കാൻ ആണ് സർക്കാർ ആഗ്രഹിക്കുന്നത്. ടെക്നോളജിയിൽ ബിരുദം നേടിയ ധാരാളം പ്രതിഭകൾ കേരളത്തിനുണ്ട്. ഇതിന് പുറമെ അനുകൂലമായ ധാരാളം ഘടകങ്ങളും സംസ്ഥാനത്തുണ്ട്.
നിലവിൽ കൊച്ചിയിലെ ഇൻഫോപാർക്ക്, തിരുവനന്തപുരത്തെ ടെക്നോപാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് തുടങ്ങി മൂന്ന് സുപ്രധാന ഐടി കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഉണ്ട്. ഇതിന് പുറമെ ചെറിയ ടെക് പാർക്കുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനായി പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കും.
അഞ്ച് വർഷത്തിനുള്ളിൽ സാങ്കേതികവിദ്യാ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം പത്ത് ലക്ഷമാക്കി ഉയർത്തുക എന്ന ലക്ഷ്യമാണ് സംസ്ഥാനം പിന്തുടരുന്നത്. സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടെക് പാർക്കുകളിൽ നിലവിൽ 2.5 ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇത് നാല് മടങ്ങായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇതിനായി ദേശീയപാത 66നോട് ചേർന്ന് നാല് ഐടി ഇടനാഴികൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്. തിരുവനന്തപുരം – കൊല്ലം, ചേർത്തല – എറണാകുളം, എറണാകുളം – കൊരട്ടി, കോഴിക്കോട് – കണ്ണൂർ എന്നിവയെ ബന്ധിപ്പിച്ചായിരിക്കും നാല് ഐടി ഇടനാഴികൾ തീർക്കുക.
സർവകലാശാലകളുടെ നേതൃത്വത്തിൽ ഇതിനോടകം തന്നെ സയർസ് പാർക്കുകൾ സർക്കാർ സ്ഥാപിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കും കണ്ണൂർ, കേരള, കുസാറ്റ് യൂണിവേഴ്സിറ്റി കാംപസുകളിൽ കൂടുതൽ സയൻസ് പാർക്കുകളും സ്ഥാപിക്കും. പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലായിരിക്കും ഈ പാർക്കുകളെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുക .
How the Kerala government is inviting leading IT companies to address water shortage concerns in Bengaluru by providing facilities, including water, to new generation tech hubs in Kerala. Learn about Kerala’s plans to develop as a Silicon Valley model and expand its IT sector.