സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യവും അപൂർവ വജ്രങ്ങളുമുള്ള ലോകത്തെ ഏറ്റവും ചെലവേറിയ വാച്ചായ ഗ്രാഫ് ഹാലൂസിനേഷൻ്റെ മൂല്യം 55 മില്യൺ ഡോളർ -ഏകദേശം 456 കോടി രൂപ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തൊട്ടു പിന്നാലെയുണ്ട് മോതിരമായി മാറാൻ കഴിയുന്ന ഡയമണ്ട് കൺവെർട്ടിബിൾ വാച്ചായ ‘ദി ഫാസിനേഷൻ’ .ഡയാന രാജകുമാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐക്കണിക് സ്വർണ്ണ കാർട്ടിയർ ‘ടാങ്ക് ഫ്രാങ്കൈസ്’ , റോളക്സിൻ്റെ പോൾ ന്യൂമാൻ ഡേടോണ, ‘പടേക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചിം’ എന്നിവയും പ്രശസ്തമാണ്.
ലക്ഷ്വറി വാച്ചുകൾ സമയം പറയുന്നവ മാത്രമല്ല , ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെ പ്രതീകം കൂടിയാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹൈ-എൻഡ് വാച്ചുകളുടെ നിർമാണത്തിന് പിന്നിലെ വൈദഗ്ധ്യം അല്പം കൂടുതലാണ്.അവ ശ്രദ്ധാപൂർവം രൂപപ്പെടുത്തിയതും, പാരമ്പര്യമായി വന്നതുമാണ്.
ആഗോളതലത്തിൽ ഏറ്റവും ചെലവേറിയ വാച്ചായ ‘ഗ്രാഫ് ഹാലൂസിനേഷൻ’ സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യവും അപൂർവ വജ്രങ്ങളുമുള്ളതാണ്. 2014-ൽ, ലണ്ടൻ ആസ്ഥാനമായുള്ള ജ്വല്ലറി ബ്രാൻഡായ ഗ്രാഫ് ഡയമണ്ട്സ് ഈ വാച്ച് ബാസൽവേൾഡിൽ അനാവരണം ചെയ്തു . ഡിസൈനർമാർ, ജെമോളജിസ്റ്റുകൾ, കരകൗശല വിദഗ്ധർ എന്നിവരുൾപ്പെടെ 30 സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘം നാലര വർഷത്തിലേറെ ചെലവഴിച്ചു തയാറാക്കിയ ഗ്രാഫ് ഹാലൂസിനേഷൻ്റെ മൂല്യം 55 മില്യൺ ഡോളർ -ഏകദേശം 456 കോടി രൂപ എന്നാണ് കണക്കാക്കുന്നത്.
2015-ൽ, ഗ്രാഫ് ഡയമണ്ട്സ് മോതിരമായി മാറാൻ കഴിയുന്ന ഡയമണ്ട് കൺവെർട്ടിബിൾ വാച്ചായ ‘ദി ഫാസിനേഷൻ’ പുറത്തിറക്കി. 152.96 കാരറ്റ് വെളുത്ത വജ്രങ്ങളും അതിൻ്റെ മധ്യഭാഗത്ത് അപൂർവമായ 38.13 കാരറ്റ് പിയർ ആകൃതിയിലുള്ള വജ്രവും കൊണ്ട് അലങ്കരിച്ച ഈ വാച്ചിന് 40 മില്യൺ ഡോളർ-ഏകദേശം 331 കോടി രൂപ വിലവരും, ഇത് ആഗോളതലത്തിൽ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വാച്ച് എന്നാണ് കണക്കാക്കുന്നത്.
ലോകത്തെ ഏറ്റവും പ്രശസ്തമായ വിൻ്റേജ് ആഡംബര വാച്ചുകളിൽ ഒരുകാലത്ത് ഡയാന രാജകുമാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐക്കണിക് സ്വർണ്ണ കാർട്ടിയർ ‘ടാങ്ക് ഫ്രാങ്കൈസ്’ വാച്ച് ഉൾപ്പെടുന്നു, ഡയാന പിന്നീട് അത് മേഗൻ മാർക്കിളിന് സമ്മാനിച്ചു. 2017-ൽ 17 മില്യൺ ഡോളറിന് ഏകദേശം 140 കോടി രൂപക്ക് ലേലം ചെയ്ത റോളക്സിൻ്റെ ‘പോൾ ന്യൂമാൻ ഡേടോണ’യും പേര് കേട്ടതാണ്.
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും ആഗോളതലത്തിൽ ഏറ്റവും വില കൂടിയ വാച്ചുകളുടെ ഉടമയാണ്. 18 കോടിയിലധികം വിലമതിക്കുന്ന ‘പടേക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചിം’ ധരിച്ചതിന്റെ പേരിൽ അടുത്തിടെ അനന്ത് അംബാനി വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
The world of luxury watches, including the Graph Hallucination, The Fascination, and vintage classics like Cartier’s Tank Française. Discover the stories behind these iconic timepieces and Mukesh Ambani’s son Anant Ambani’s Patek Philippe Grandmaster Chime.