വായ്പയും വികസനത്തിന് ആവശ്യമായ ഫണ്ടുകളും നിഷേധിച്ച് കേന്ദ്രം സാവധാനത്തിൽ കേരളത്തെ കഴുത്തു ഞെരിക്കുകയാണെന്ന സംസ്ഥാനത്തിന്റെ വാദം അംഗീകരിക്കാതെ സുപ്രിം കോടതി. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഇടക്കാല ആശ്വാസമെന്ന നിലയിൽ 10,000 കോടി കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിൻ്റെ നടപടികൾ മൂലം സംസ്ഥാനത്തിനുണ്ടായ “നികത്താനാവാത്ത നാശനഷ്ടങ്ങൾക്ക്” തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.
കൂടുതൽ പണം കടമെടുക്കാൻ സംസ്ഥാനത്തിനെ അനുവദിക്കണമെന്ന ആവശ്യം തത്കാലത്തേക്ക് അനുവദിക്കാത്ത സുപ്രീം കോടതി സംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താനുള്ള കേന്ദ്രത്തിൻ്റെ തീരുമാനത്തിനെതിരായ ഹർജി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഹർജി സമർപ്പിച്ചതിന് ശേഷം 13,608 കോടി രൂപ അനുവദിക്കാൻ കേന്ദ്രം സമ്മതിച്ചതിനാൽ സംസ്ഥാനത്തിന് ഇതിനകം കാര്യമായ ആശ്വാസം ലഭിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട, ഭരണഘടനയുടെ 293–-ാം അനുച്ഛേദത്തിലെ വ്യവസ്ഥകളുടെ വിശദമായ വ്യാഖ്യാനം ആവശ്യമായ ഗൗരവമായ നിയമപ്രശ്നങ്ങളാണ് കേരളം ഉന്നയിച്ചതെന്ന് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് കെ വി വിശ്വനാഥനും അംഗമായ ബെഞ്ച് നിരീക്ഷിച്ചു. 293–-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിൽ സുപ്രീംകോടതി ഇതുവരെ ആധികാരികമായ വിധിന്യായം പുറപ്പെടുവിച്ചിട്ടില്ലെന്നതും കേസ് ഭരണഘടനാബെഞ്ചിന് വിടാൻ കാരണമായി.
സംസ്ഥാനങ്ങൾ കൂടുതൽ കടമെടുത്താൽ വരുംവർഷങ്ങളിൽ കടമെടുപ്പു പരിധിയിൽ കേന്ദ്ര സർക്കാരിന് കുറവുകൾ വരുത്താമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോടതി വിശദീകരിച്ചു. കോടതി ഇടപെടലിനെത്തുടർന്ന് നേരത്തെ 13,608 കോടി കടമെടുക്കാൻ കേരളത്തിന് വഴിയൊരുങ്ങിയിട്ടുണ്ട്. അതിനാൽ, 2023– 24 സാമ്പത്തികവർഷം സംസ്ഥാനത്തിന് മതിയായ സഹായം ലഭിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാൻ കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നടപടികളെ ചോദ്യം ചെയ്ത് ആദ്യമായി സുപ്രീംകോടതിയെ സമീപിച്ചത് കേരളമാണ്. കേന്ദ്ര സർക്കാരിന് തോന്നിയ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിച്ച് കടമെടുപ്പു പരിധി വെട്ടിക്കുറച്ച നടപടിക്കെതിരെ പലതവണ പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കേരളം നിയമയുദ്ധത്തിലേക്ക് നീങ്ങിയത്.
ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങൾ
● കേന്ദ്ര നിയന്ത്രണം ഭരണഘടനയുടെ 14–-ാം അനുച്ഛേദത്തിന്റെ ലംഘനമാണോ, റിസർവ് ബാങ്ക് നിയന്ത്രണങ്ങളുമായി ഇത് ഏറ്റുമുട്ടുന്നുണ്ടോ
● ധനകാര്യകമീഷൻ ശുപാർശ പ്രാബല്യത്തിൽ വരുത്തുംമുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കേണ്ടതുണ്ടോ
● കേന്ദ്ര സർക്കാരിൽനിന്നും മറ്റു സ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിയമാനുസൃതമായ അവകാശമുണ്ടോ? അതിൻമേൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രത്തിന് അധികാരമുണ്ടോ?
● കേരളത്തിന്റെ കടമെടുപ്പ് കേന്ദ്രം മുമ്പ് നിയന്ത്രിച്ചിരുന്നത് എങ്ങനെ? ഇപ്പോൾ കാര്യമായ മാറ്റം ഉണ്ടായോ
● കേന്ദ്രത്തിന്റെ നിയന്ത്രണം ചോദ്യംചെയ്ത് കോടതിയെ സമീപിക്കാനുള്ള അവകാശം കേരളത്തിനുണ്ടോ
● സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന കടങ്ങളും പൊതു അക്കൗണ്ട് വഴിയുണ്ടാകുന്ന ബാധ്യതകളും 293(3) അനുച്ഛേദത്തിനു കീഴിൽ വരുമോ എന്നതായിരിക്കും പരിഗണനാ വിഷയങ്ങൾ. ഭരണത്തിൻ്റെ ഫെഡറൽ ഘടനയെ ബാധിക്കുന്ന സുപ്രധാനമായ നിരവധി ചോദ്യങ്ങൾ പരിഗണനയ്ക്കായി ഉയർന്നുവരുമെന്നും അത് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സുപ്രീം കോടതി ഇടക്കാലാശ്വാസം അനുവദിച്ചിരുന്നെങ്കിൽ, പെൻഷൻകാർക്കും മറ്റുള്ളവർക്കും ദീർഘകാലമായി കുടിശ്ശികയും കുടിശ്ശികയും തീർക്കാൻ സംസ്ഥാന സർക്കാരിനാകുമെന്നു കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.
The Supreme Court’s rejection of Kerala’s plea to borrow Rs 10,000 crore amid claims of financial strangulation by the Centre. The bench leaves the decision to a Constitution Bench, raising questions on Article 293 and state borrowing rights.