തമിഴ്നാടിനെ രാമേശ്വരം ദ്വീപുമായി ബന്ധിപ്പിക്കുന്ന നിർമാണത്തിലിരിക്കുന്ന പാമ്പൻ റെയിൽവേ പാലത്തിലെ ഒരു വളവ് റെയിൽവേയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ -ലിഫ്റ്റ് പാലമാണിത്. 2.08 കിലോമീറ്റർ നീളമുള്ള ഈ പാലം നിർമിക്കുന്ന റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) ഒരു ലിഫ്റ്റ് സ്പാൻ സ്ഥാപിക്കാൻ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
പാലത്തിൽ ഘടിപ്പിക്കുന്ന ഈ ലിഫ്റ്റ് സ്പാൻ ഉയർത്തി വേണം കപ്പലുകൾക്ക് പാലം മറികടക്കുവാൻ. ട്രെയിൻ എത്തുന്ന സമയത്തു ലിഫ്റ്റ് സ്പാൻ താഴ്ത്തി പഴയ അവസ്ഥയിൽ ട്രാക്ക് ലെവൽ ചെയ്യുകയും വേണം.
2.08 കിലോമീറ്റർ നീളമുണ്ട് പുതിയ പാമ്പൻ റെയിൽവേ പാലത്തിന്. രാമേശ്വരം ഭാഗത്തു നിന്നും കടലിൽ 450 മീറ്റർ ദൂരത്തിൽ പാലത്തിൽ ഉറപ്പിക്കാൻ ഉദ്ദേശിക്കുന്ന ലിഫ്റ്റ് സ്പാനിന് 72.5 മീറ്റർ നീളവും 16 മീറ്റർ വീതിയും 550 ടൺ ഭാരവുമുണ്ട്. ഈ സ്പാൻ, പാലത്തിൻ്റെ 2.65 ഡിഗ്രി വളഞ്ഞ ഭാഗത്തു കൂടെ എത്തിച്ചു സ്ഥാപിക്കുന്നതിൽ റെയിൽ വികാസ് നിഗം ലിമിറ്റഡ് ഇത്തിരി കഷ്ടപ്പെടും.
മാർച്ച് 10ന് സാങ്കേതിക വിദഗ്ധർ ഈ ലിഫ്റ്റ് സ്പാൻ രാമേശ്വരം കരയിൽ നിന്നും കടലിലേക്ക് നീക്കാൻ തുടങ്ങി. ഈ 550 ടൺ ലിഫ്റ്റ് സ്പാൻ ഇതുവരെ 80 മീറ്റർ പാലത്തിൻ്റെ മധ്യഭാഗത്തേക്ക് നീക്കി.
“ഏറ്റവും വലിയ വെല്ലുവിളി പാലത്തിൻ്റെ 2.65 ഡിഗ്രി വളഞ്ഞ വിന്യാസമാണ്. അത് നേരെയായിരുന്നെങ്കിൽ, ഞങ്ങൾ ഇത് വേഗത്തിൽ നീക്കുമായിരുന്നു,” എന്ന് RVNL-ൻ്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു,
ലിഫ്റ്റ് സ്പാനിൻ്റെ 450 മീറ്റർ ദൂരത്തിലെ അവസാന ഫിക്സിംഗ് പോയിൻ്റിലേക്കുള്ള നീക്കം മെയ് അവസാനത്തോടെ പൂർത്തിയാകും, കാരണം ഇനിയും 370 മീറ്റർ കൂടി കൊണ്ടുപോകേണ്ടതുണ്ട്.വളഞ്ഞ ഭാഗം കടന്നാൽ അതിൻ്റെ പിനീടങ്ങോട്ടുള്ള ചലനം വേഗത്തിലാക്കാൻ കഴിയും.
പാലം പ്രവർത്തനക്ഷമമാക്കാൻ ആർവിഎൻഎൽ ജൂൺ 30 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട് . ലിഫ്റ്റ് സ്പാൻ ഘടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ ശേഷിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. കപ്പലുകൾ കടന്നുപോകുന്നതിന് ഈ ലിഫ്റ്റ് സ്പാൻ 17 മീറ്റർ വരെ യാന്ത്രികമായി ഉയർത്താൻ കഴിയും, മുകളിലേക്ക് പോകാൻ 5 മിനിറ്റ് എടുക്കും, തിരികെ വരാനും അതേ സമയമെടുക്കും.
സ്പാനിഷ് സ്ഥാപനമായ TYPSA യിൽ നിന്നാണ് RVNL ഈ ലിഫ്റ്റ് സ്പാൻ രൂപകൽപന ചെയ്തത്. ഇത് നിർമ്മിച്ചത് കടൽ തീരത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള സത്തിരക്കുടി റെയിൽവേ സ്റ്റേഷനിലാണ്.
1913-ൽ നിർമ്മിച്ച നിലവിലുള്ള റെയിൽപ്പാലം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് 2022 ഡിസംബർ 23-ന് മണ്ഡപത്തിനും രാമേശ്വരം ദ്വീപിനുമിടയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു.
നേരത്തെ പാമ്പൻ പാലം പ്രവർത്തനക്ഷമമായപ്പോൾ ട്രെയിനുകൾ പാലത്തിലേക്ക് നീങ്ങി രാമേശ്വരത്ത് എത്തിയിരുന്നു. പാമ്പൻ പാലത്തിലൂടെ സാവധാനം നീങ്ങി 15 മിനിറ്റിനുള്ളിൽ തീർഥാടന നഗരത്തിലെത്തുമായിരുന്നുവെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിൽ, എല്ലാ ട്രെയിനുകളും മണ്ഡപത്തിൽ അവസാനിക്കുന്നു. അവിടെ നിന്നും രാമേശ്വരത്തെത്താൻ ആളുകൾ റോഡ് മാർഗം ഉപയോഗിക്കുന്നു.
പഴയ പാലത്തിന് സമാന്തരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 നവംബറിൽ പുതിയ പാലത്തിൻ്റെ തറക്കല്ലിടുകയും 2020 ഫെബ്രുവരിയിൽ RVNL പണി ആരംഭിക്കുകയും ചെയ്തു.
2021 ഡിസംബറോടെ ഇത് പൂർത്തിയാകേണ്ടതായിരുന്നു, കോവിഡ് കാരണം സമയപരിധി നീട്ടി.
1988-ൽ ഒരു റോഡ് പാലം നിർമ്മിക്കുന്നത് വരെ, മണ്ഡപത്തെ മാന്നാർ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന രാമേശ്വരം ദ്വീപുമായി ബന്ധിപ്പിക്കുന്ന ഏക ലിങ്ക് , ട്രെയിൻ സർവീസുകളായിരുന്നു.
ദക്ഷിണ റെയിൽവേ പറയുന്നതനുസരിച്ച്, പാലത്തിൻ്റെ അടിത്തറ ഇരട്ട ലൈനുകൾക്കായി നിർമിച്ചതാണ്. നാവിഗേഷൻ സ്പാനിൽ ഇരട്ട ലൈനുകൾക്കുള്ള സൗകര്യവും ഉണ്ടായിരിക്കും.
The construction challenges and progress of the Pamban railway bridge, India’s first vertical-lift bridge connecting the mainland with Rameswaram Island, and its significance in enhancing connectivity and infrastructure development in the region.