2015 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കയിലെ സാൻജോസിലെ ടെസ്ലയുടെ ആസ്ഥാനത്തെത്തി ഇലക്ട്രിക് വാഹന നിർമാണം നേരിട്ടു കണ്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂണിൽ ന്യൂയോർക്കിൽ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി.
അതിനുശേഷം ഇന്ത്യയിൽ EV നിർമാണ പ്ലാന്റ് ആരംഭിക്കാനുള്ള നിക്ഷേപ ശ്രമങ്ങളിലായിരുന്നു മസ്ക്.
ഏപ്രിൽ 22ന് ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്തുമെന്ന സൂചനകൾ ആണ് ഇപ്പോൾ വരുന്നത്. വിഷയം ടെസ്ല പദ്ധതിയിട്ട ഇന്ത്യയിലെ EV നിക്ഷേപവും, അതിനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കലും തന്നെ.
ടെസ്ല മേധാവി ഇലോൺ മസ്ക് ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇന്ത്യ സന്ദർശിക്കുമെന്നും രാജ്യത്ത് നിക്ഷേപം നടത്താനും പുതിയ ഫാക്ടറി തുറക്കാനുമുള്ള പദ്ധതികൾ പ്രഖ്യാപിക്കുമെന്നുമാണ് പ്രതീക്ഷ.
മസ്ക്കിന്റെ ട്വീറ്റും എക്സിലൂടെ പുറത്തു വന്നിട്ടുണ്ട്.
ഏകദേശം 2 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായ ഒരു നിർമ്മാണ പ്ലാൻ്റിൻ്റെ സൈറ്റുകൾ പരിശോധിക്കുന്നതിനായി ടെസ്ല ഉദ്യോഗസ്ഥർ ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
വിദേശ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് നികുതി ഇളവ് നല്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കഴിഞ്ഞ വർഷം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് ടെസ്ലയുടെ ഇന്ത്യയുടെ പദ്ധതി പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചിരുന്നു .നേരത്തെ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ടെസ്ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു വര്‍ഷത്തോളം നിലച്ച മട്ടിലായിരുന്നു.
അതിനു പിന്നാലെയാണ് ഈ വർഷം ആദ്യം ഇന്ത്യ തങ്ങളുടെ EV നയം പരിഷ്കരിച്ചു പ്രഖ്യാപിച്ചത്. ഇതോടെ തങ്ങളുടെ പദ്ധതിയുമായി മുന്നോട്ടു നീങ്ങാൻ ടെസ്ലക്കും മറ്റു ഇവി കമ്പനികൾക്കും പ്രചോദനമായി.
ചൈന ഉൾപ്പെടെ ഒരു രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരു നിയന്ത്രണമില്ലെന്നു കേന്ദ്ര വ്യവസായ- ആഭ്യന്തര വാണിജ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോള ഇവി നിർമ്മാതാക്കളിൽ നിന്ന് ഇവി നയത്തിന് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന സൂചനയോടെയാണ് കേന്ദ്രം EV യിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ ഇവി പോളിസി പ്രകാരം ചൈന ഉൾപ്പെടെയുള്ള ഒരു രാജ്യത്തുനിന്നും ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് നിയന്ത്രണങ്ങളില്ലെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) സെക്രട്ടറി രാജേഷ് കെ സിംഗ് വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യാതൊരു നിയന്ത്രണവുമില്ല. നിശ്ചയിച്ചിട്ടുള്ള ഇറക്കുമതി തീരുവ അടച്ച് ഇതിനകം ചൈനീസ് BYD വാഹനങ്ങൾ ഇന്ത്യൻ നിരത്തിലിറങ്ങുന്നുണ്ട്. EV വാഹന നിർമാണത്തിനായുള്ള നിക്ഷേപത്തിൻ്റെ ഭാഗത്താണ് ഏക നിയന്ത്രണം. അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിൽ നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്.
വൈദ്യുത വാഹനങ്ങളുടെ ആഭ്യന്തര നിർമ്മാണത്തിന് പ്രോത്സാഹനം നൽകുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം പുതിയ നയം പ്രഖ്യാപിച്ചിരുന്നു. ഈ നയത്തിന് കീഴിൽ, കുറഞ്ഞത് 4,150 കോടി രൂപയുടെ നിക്ഷേപം നടത്തുകയും മൂന്ന് വർഷത്തിനുള്ളിൽ ഉത്പാദനം ആരംഭിക്കുകയും ചെയ്യുന്ന നിർമ്മാതാക്കൾക്ക് ചില ഇവികളുടെ ഇറക്കുമതി നികുതിയിൽ കുറവുണ്ടാകും. ഈ നിർമ്മാതാക്കൾ ഉപയോഗിക്കുന്ന ഘടകങ്ങളുടെ 25 ശതമാനമെങ്കിലും പ്രാദേശികമായി ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
Looking forward to meeting with Prime Minister @NarendraModi in India!
— Elon Musk (@elonmusk) April 10, 2024
ഈ വ്യവസ്ഥകൾ പാലിച്ചാൽ, പ്രതിവർഷം 8,000 ഇവികൾ വരെ ഇറക്കുമതി ചെയ്യാൻ കമ്പനികൾക്ക് അനുമതി ലഭിക്കും. ഇറക്കുമതി ചെയ്ത ഈ ഇവികൾക്ക് 35,000 ഡോളറോ (ഏകദേശം 29 ലക്ഷം രൂപ) അതിനു മുകളിലോ വിലയുണ്ടെങ്കിൽ, 15 ശതമാനം ഇറക്കുമതി തീരുവ കുറയ്ക്കും. നിലവിൽ കാറുകളുടെ മൂല്യത്തിനനുസരിച്ച് 70 ശതമാനം മുതൽ 100 ശതമാനം വരെയാണ് ഇറക്കുമതി തീരുവ.
2024 വര്‍ഷത്തോടെ വിദേശ നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനും ഒപ്പം രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ബാറ്ററി നിർമാണ ഫാക്ടറി സ്ഥാപിക്കാനുമുള്ള കരാറില്‍ ഇന്ത്യന്‍ സര്‍ക്കാറും ടെസ്ലയും ഉടന്‍ എത്തിച്ചേരുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
The latest developments regarding Tesla’s plans to invest in India and open a new electric vehicle manufacturing plant. Prime Minister Narendra Modi is expected to meet Elon Musk in New Delhi on April 22 to discuss Tesla’s investment and benefits.