“അംബരചുംബിയായ കെട്ടിടം ചാഞ്ഞ് കിടക്കുന്നത് പോലെ” പുതുതായി പണിതീര്‍ത്ത തലശ്ശേരി-മാഹി ബൈപ്പാസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. ഒരു അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയിരിക്കുന്നത് പോലെ തോന്നുന്നുവെന്നാണ് അദ്ദേഹം ഈ റോഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
തലശ്ശേരി-മാഹി ബൈപ്പാസിന്റെ ചിത്രം എക്സില്‍ പങ്കുവെച്ചാണ് അദ്ദേഹം ഈ പാതയെ പ്രശംസിച്ചിരിക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസ്, അംബരചുംബിയായ ഒരു കെട്ടിടം ചാഞ്ഞ് കിടക്കുന്നത് പോലെ തോന്നും. ആദ്യകാഴ്ചയില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ലാന്‍ഡ്സ്കേപ്പിനോട് ഉപമിക്കാനാകുമെങ്കിലും അതിനും ഒരു സൗന്ദര്യമുണ്ട്. ഇതിനെ അഭിനന്ദിക്കാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് മുതല്‍ വടകരയ്ക്ക് സമീപം അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് വരിയിലാണ് ഈ ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പരമാവധി 20 മിനിറ്റിനുള്ളില്‍ ഈ 18.6 കിലോമീറ്റര്‍ ദൂരം ഓടിയെത്താന്‍ സാധിക്കുമെന്നതാണ് പ്രധാന ഗുണം. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.
സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ 45 മീറ്ററാണ് ആകെ വീതി. പൂര്‍ണമായും ആക്സസ് കണ്‍ട്രോളായ റോഡാണ് ദേശീയപാത 66. സര്‍വീസ് റോഡുകളില്‍ നിന്ന് മെര്‍ജിങ് പോയിന്റുകള്‍ മാത്രമാണ് പാതയിലുണ്ടാവുക. സിഗ്നലുകളിലൊഴികെ പാത എവിടേയും ക്രോസ് ചെയ്യില്ല എന്നതാണ് സവിശേഷത.
The new Thalassery-Mahe Bypass, praised by Anand Mahindra, offers smoother travel from Muzhappilangad to Vadakara. It includes a flyover, railway overbridge, 21 underpasses, and a toll plaza, reducing travel time. With a total width of 45 meters, it ensures seamless travel without road crossings under signals.