പാനി പൂരി പ്രിയരെ അത്ഭുതപ്പെടുത്തുന്ന സ്വർണ്ണ തകിടിൽ വിളമ്പുന്ന പാനി പൂരി എവിടത്തെ കാഴ്ചയാണ്, ആലോചിച്ചു കുഴയേണ്ട. സ്വർണത്തിന്റെ നാടായ ഗുജറാത്തിൽ തന്നെ. സ്വർണ്ണം, വെള്ളി ഫോയിൽ ഉപയോഗിച്ചാണ് പാനി പൂരി വിളമ്പുക. ഗുജറാത്തിലെ ഏതെങ്കിലും ജുവല്ലറി ഉടമയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതിയാൽ അവിടെയും തെറ്റി,ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരനാണ് ഡ്രൈ ഫ്രൂട്ട്സും തണ്ടായിയും സ്വർണ്ണവും വെള്ളിയും കലർന്ന തകിടിൽ വിളമ്പുന്ന പാനി പുരിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്.
സ്വർണ, വെള്ളി പൂരിയുടെ വീഡിയോ ഫുഡ് വ്ലോഗർമാരായ ഖുശ്ബു പർമറും മനനും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതോടെ പുതിയ വിഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ തെരുവ് ഭക്ഷണ കച്ചവടക്കാരന്റെ സർഗ്ഗാത്മകതയെ പ്രശംസിച്ചു. മറ്റു ചിലർ ജനപ്രിയ ലഘുഭക്ഷണം എന്ന ആശയം ഇങ്ങനെ സ്വർണം കൊണ്ട് നശിപ്പിക്കാനോ എന്ന് ചോദ്യം ചെയ്യുകയും ചെയ്യുന്നു. പരമ്പരാഗത പാനി പൂരിയുടെ ആധികാരിക രുചിക്ക് പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന് ആളുകൾ വാദിച്ചു, എന്നിരുന്നാലും, പുതിയ വിഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നതായി ചിലർ ചൂണ്ടിക്കാട്ടി.
ബദാം, കശുവണ്ടി, പിസ്ത, തേൻ എന്നിവ ചേർത്താണ് പുതിയ പാനി പൂരി തയ്യാറാക്കിയിരിക്കുന്നത്. പിന്നീട് ഓരോ പൂരിയും ശ്രദ്ധാപൂർവ്വം സ്വർണ്ണവും വെള്ളിയും കൊണ്ട് പൊതിഞ്ഞു ആറ് ചെറിയ ഗ്ലാസുകളിൽ വിളമ്പുന്നതിന്റെ വീഡിയോയും ഉണ്ട്.