മെയ് 10 ന്, ചലച്ചിത്ര താരം രാജ്കുമാർ റാവു അഭിനയിച്ച “ശ്രീകാന്ത് – ആ രഹാ ഹേ സബ്കി ആംഖേൻ ഖോൽനെ” എന്ന ജീവചരിത്ര ചിത്രം റിലീസിന് ഒരുങ്ങുകയാണ്. രാജ്കുമാർ റാവു, ശ്രീകാന്ത് ബൊല്ല എന്ന കാഴ്ച വൈകല്യമുള്ള ബിസിനസുകാരനായി വേഷമിടുന്നു. ഓൺലൈനിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ട്രെയിലർ ഏറെ പ്രശംസ പിടിച്ചു പറ്റി. ആരാണീ ശ്രീകാന്ത് ബൊല്ല?
ശ്രീകാന്ത് ബൊല്ലയുടെ ജീവിതകഥ നിശ്ചയദാർഢ്യത്തിൻ്റെ തെളിവാണ്. കാഴ്ച വൈകല്യമുള്ള ശ്രീകാന്ത് ബൊല്ല വൈകല്യത്തെ വിജയമാക്കി. ഇപ്പോൾ ഹൈദരാബാദ് ആസ്ഥാനമായുള്ള ബൊല്ലൻ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡെന്ന 150 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ ഉടമയുമായി.
1991ൽ ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്ത് ഒരു കർഷക കുടുംബത്തിലാണ് ശ്രീകാന്ത് ജനിച്ചത്. ജനനം മുതൽ കാഴ്ച വൈകല്യമുള്ളയാളാണ് ശ്രീകാന്ത് ബൊല്ല.
പത്താം ക്ലാസ് കഴിഞ്ഞാൽ സയൻസ് പഠിക്കാനായിരുന്നു ശ്രീകാന്ത് പദ്ധതിയിട്ടിരുന്നത്, എന്നാൽ കാഴ്ച വൈകല്യമുള്ളതിനാൽ വിഷയം എടുക്കാൻ അനുവദിച്ചില്ല. ഇതേത്തുടർന്ന് ശ്രീകാന്ത് നിയമനടപടിയുമായി നീങ്ങി. ശാസ്ത്രം പഠിക്കാനുള്ള അനുമതി ലഭിക്കുന്നതിന് ആറുമാസം കാത്തിരിക്കേണ്ടി വന്നു. 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 98% മാർക്ക് നേടി.
പിന്നീട് IIT-JEE കോച്ചിംഗിന് ബൊല്ലയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നിട്ടും ദൃഢനിശ്ചയം കൊണ്ട് മാത്രം ബൊല്ലയ്ക്ക് അമേരിക്കയിലെ പ്രശസ്തമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കാൻ അവസരം ലഭിച്ചു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മാനേജ്മെൻ്റ് സയൻസ് പ്രോഗ്രാമിൽ ചേരുന്ന അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള ആദ്യത്തെ അന്ധ വിദ്യാർത്ഥിയായി ശ്രീകാന്ത് ബൊല്ല മാറി. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അദ്ദേഹം ഹൈദരാബാദ് ആസ്ഥാനമായുള്ള ബൊല്ലൻ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സഹസ്ഥാപകനും ചെയർമാനും സിഇഒയുമായി. അദ്ദേഹത്തിൻ്റെ അസാധാരണ നേട്ടങ്ങൾ നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിക്കൊടുക്കുക മാത്രമല്ല, ’30 അണ്ടർ 30′ ഫോർബ്സ് ഏഷ്യാ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.
ശ്രീകാന്ത് ബൊല്ലയുടെ വരാനിരിക്കുന്ന ജീവചരിത്രത്തിൽ രാജ്കുമാർ റാവുവാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ‘ശ്രീകാന്ത് – ആ രഹാ ഹേ സബ്കി ആംഖേൻ ഖോൽനെ’ എന്ന അദ്ദേഹത്തിൻ്റെ അതിശയകരമായ ജീവിത കഥ തുഷാർ ഹിരാനന്ദാനിയാണ് സംവിധാനം ചെയ്തത്. ജ്യോതിക ശരവണൻ, അലയ എഫ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2011-ൽ, ഒന്നിലധികം വൈകല്യമുള്ള കുട്ടികൾക്കായി സമൻവായ് സെൻ്റർ സ്ഥാപിക്കുന്നതിൽ ശ്രീകാന്ത് മുൻകൈയെെടുത്തു . ഒരു ബ്രെയിൽ പ്രിൻ്റിംഗ് പ്രസ് ആരംഭിച്ചു. കൂടാതെ, സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം, സാമ്പത്തിക സഹായം, പുനരധിവാസ പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾക്ക് നേതൃത്വം നൽകി.
കമുകിൻ പാള അധിഷ്ഠിത ഉൽപന്നങ്ങളിൽ വൈദഗ്ദ്ധ്യം നേടുകയും വൈകല്യമുള്ള നൂറുകണക്കിന് വ്യക്തികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബൊല്ലൻ്റ് ഇൻഡസ്ട്രീസ് വഴി സാധിച്ചു. രത്തൻ ടാറ്റയുടെ ധനസഹായവും പിന്തുണയും ഈ മഹത്തായ സംരംഭത്തിന് ലഭിച്ചു.
150 കോടിയിലധികം രൂപയുടെ വിറ്റുവരവാണ് ബൊല്ലൻ്റ് ഇൻഡസ്ട്രീസിനുള്ളത്. ഇവിടെ പരിസ്ഥിതി സൗഹൃദമായ റീസൈക്കിൾഡ് ക്രാഫ്റ്റ് പേപ്പർ നിർമ്മിക്കുന്നു. മുനിസിപ്പൽ മാലിന്യങ്ങൾ, പാക്കേജു ചെയ്ത ഉൽപ്പന്നങ്ങൾ, പ്രകൃതിദത്ത ഇലകളിൽ നിന്നുള്ള ഡിസ്പോസിബിൾ ഇനങ്ങൾ, റീസൈക്കിൾ ചെയ്ത പേപ്പർ, പാഴ് പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ഉപയോഗയോഗ്യമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.
The inspiring journey of Srikanth Bolla, from facing rejection and discrimination to founding a successful company and earning global recognition for his achievements.