വെള്ളിയാഴ്‌ച നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയിരുന്നു. ഇതിനിടെ കാസർകോട് മണ്ഡലത്തിൽ മോക് പോൾ നടത്തിയതിൽ നാല് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലും ബിജെപിക്ക് അധിക വോട്ട് വീണു എന്ന ആരോപണം യുഡിഎഫും എൽഡിഎഫും ഉയർത്തിയിരുന്നു. വോട്ടിംഗ് മെഷീൻ എളുപ്പത്തിൽ ഹാക്ക് ചെയ്യാമോ ? ചാനൽ അയാം ഫാക്ട് ചെക്ക്.
പുറത്തുവന്ന വാർത്തകൾ തെറ്റാണെന്നും,അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവും വന്നു. മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തpകരാറാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പ്രശ്‌നം ഉടൻ തന്നെ പരിഹരിച്ചതായും, ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടത്തുന്നതിനുള്ള സാദ്ധ്യത വിദഗ്ദ്ധർ തള്ളിക്കളയുകയാണ്.
ഇവിഎമ്മുകൾ യാതൊരു ബാഹ്യ യൂണിറ്റുമായോ ഒരു സിസ്റ്റവുമായോ ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങളാണ്. അതിനാൽ അവയിൽ കൃത്രിമം നടത്താൻ സാധിക്കുക വളരെ വിരളമാണ്.
മൂന്ന് ഘടകങ്ങളാണ് ഇവിഎമ്മുകളിൽ ഉള്ളത് . സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയിട്ടുള്ള ബാലറ്റ് യൂണിറ്റ് (BU), വോട്ട് സ്വീകരിച്ച പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് വയ്‌ക്കുന്ന കൺട്രോൾ യൂണിറ്റ് (CU), വിവിപാറ്റ് എന്നിവയാണ് ആ മൂന്ന് ഘടകങ്ങൾ. ഇതിൽ വിവിപാറ്റിനെ ബിയു, സിയു എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ബിയുവിൽ നിന്ന് നേരിട്ട് ബന്ധമില്ലാത്തതിനാൽ സിയുവിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ വിവിപാറ്റ് വഴി വോട്ട് പോകുന്നു. അതിനാൽ, നമ്മൾ ആർക്കാണ് വോട്ട് രോഖപ്പെടുത്തിയതെന്ന് പ്രിസൈഡിംഗ് ഓഫീസർക്കോ മറ്റുള്ളവർക്കോ അറിയാൻ സാധിക്കില്ല.
കൺട്രോൾ യൂണിറ്റിലാണ് നമ്മൾ ചെയ്യുന്ന വോട്ടുകൾ രേഖപ്പെടുത്തുന്നത്. കൺട്രോൾ യൂണിറ്റിൽ നിർമ്മാണ സമയത്ത് കൃത്രിമം നടത്തുക, അല്ലെങ്കിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് കൃത്രിമം നടത്തുക എന്നീ സാദ്ധ്യതകളുണ്ടെങ്കിലും നിലവിലെ സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ അത് അസാധ്യമാണ്. കാരണം EVU നിർമാണം സെൻട്രലൈസ്ഡ് സംവിധാനത്തിൽ മൊത്തം എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുക. ബംഗളൂരു ആസ്ഥാനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്‌ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യയും ആണ് വോട്ടിംഗ് മെഷീനുകൾ നിർമിക്കുന്നത്. വ്യക്തമായ ഒരു പാറ്റേണിൽ അല്ല സ്ഥാനാർത്ഥികളെ മെഷീനിൽ നിരത്തുന്നതും.
ഓരോ മണ്ഡലത്തിലും ഓരോ ക്രമത്തിലാണ് സ്ഥാനാർത്ഥികളെ വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തുന്നത്. ഈ ക്രമം നിശ്ചയിക്കുന്നതാകട്ടെ പോളിംഗിന് ഏതാനും ദിവസങ്ങൾക്ക് മുമ്പും. ഒരേ പാർട്ടിയുടെ സ്ഥാനാർത്ഥി എല്ലാ മണ്ഡലങ്ങളിലും ഒരേ ക്രമ നമ്പറിൽ വരില്ല. വോട്ടിംഗ് മെഷീനിന്റെ മെമ്മറിയിൽ സ്ഥാനാർത്ഥിയുടെ പേരോ പാർട്ടിയുടെ പേരോ രേഖപ്പെടുത്തപ്പെടുന്നില്ല. കൺട്രോൾ മെഷീനിൽ വോട്ട് പതിയുന്നത് ക്രമനമ്പറിനനുസരിച്ചാണ്. ഒന്നാം സ്ഥാനാർത്ഥി, രണ്ടാം സ്ഥാനാർത്ഥി എന്നതിനപ്പുറം സ്ഥാനാർത്ഥിയുടെ പേരടക്കം ഒരു വിവരവും വോട്ടിംഗ് മെഷീനിനകത്ത് രേഖപ്പെടുത്താൻ കഴിയില്ല.അത്തരത്തിലാണ് സോഫ്റ്റ് വെയർ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഒരു ക്രമ നമ്പറിന് കൂടുതൽ വോട്ട് കിട്ടുന്ന തരത്തിൽ എന്തെങ്കിലും മാറ്റം മുൻകൂട്ടി മെഷീനിൽ വരുത്തിയത് കൊണ്ട് കാര്യമില്ല.