ഗൗതം അദാനിയുടെ മക്കളാണ് കരൺ അദാനിയും ജീത് അദാനിയും. അദാനി ഗ്രൂപ്പിൻ്റെ അവകാശികളാണ് ഇവർ. അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ വലിയ ചുമതലകൾ ആണ് നോക്കി നടത്തുന്നത് ഇപ്പോൾ കരണും ജീത്തുമാണ്. കുടുംബ ബിസിനസിൽ പ്രധാനപ്പെട്ട പദവികൾ വഹിക്കുന്ന ഈ സഹോദരങ്ങൾ ഗ്രൂപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകവുമാണ്.
കമ്പനിയിൽ പുതിയ ബിസിനസ്സ് തീരുമാനങ്ങൾക്കെല്ലാം പിന്നിൽ ഈ സഹോദരങ്ങൾക്ക് വ്യക്തമായ സ്വാധീനമുണ്ട്.
ഗൗതം അദാനിയുടെയും പ്രീതി അദാനിയുടെയും മൂത്ത മകനാണ് കരൺ അദാനി. അദ്ദേഹം നിലവിൽ മുദ്ര തുറമുഖത്തെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്റർ ആയ APSEZ-ൻ്റെ (അദാനി പോർട്ട്സ് & SEZ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടറാണ് . APSEZ-ൻ്റെ വിപണി മൂലധനം 2,36,000 കോടി രൂപയാണ്. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്, അംബുജ സിമൻ്റ്സ്, എസിസി സിമൻ്റ്സ് എന്നിവയുടെ ഡയറക്ടർ കൂടിയാണ് കരൺ. കരൺ യുഎസിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. മുംബൈയിലെ ജോൺ കോണൺ സ്കൂളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കണക്കുകൾ പ്രകാരം കരൺ അദാനിയുടെ സമ്പത്ത് ഏകദേശം 10,000 കോടി രൂപയാണ്.
കരൺ അദാനി 2013 ൽ സിറിൽ ഷ്രോഫിൻ്റെ മകളായ പരിധി ഷ്രോഫിനെ വിവാഹം കഴിച്ചു. നിയമ സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസിൻ്റെ മാനേജിംഗ് പാർട്ണറാണ് സിറിൽ.
ഗൗതം അദാനിയുടെയും പ്രീതി അദാനിയുടെയും ഇളയ മകനാണ് ജീത് അദാനി. നിലവിൽ അദാനി ഗ്രൂപ്പിൻ്റെ ഫിനാൻസ് വൈസ് പ്രസിഡൻ്റാണ് . തൻ്റെ സഹോദരനെപ്പോലെ, ജീത്തും അദാനി ഡിജിറ്റൽ ലാബിനൊപ്പം അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിൻ്റെയും ഡയറക്ടറാണ്. പെൻസിൽവാനിയ സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസസ് പ്രൊഡക്ടാണ് ജീത്ത് . കൂടാതെ യുഎസിലെ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് മാനേജ്മെൻ്റ് പ്രോഗ്രാമും ചെയ്തിട്ടുണ്ട്. 2023-ൽ ദിനേശ് ആൻഡ് കോ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയായ വജ്രവ്യാപാരി ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായുമായി ജിത്തു വിവാഹനിശ്ചയം നടത്തി.
ഫോർബ്സ് പറയുന്നതനുസരിച്ച് 84 ബില്യൺ ഡോളർ ആസ്തിയുള്ള ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനി ചെയർമാനായ അദാനി ഗ്രൂപ്പിൻ്റെ വിപണി മൂലധനം 20 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനും ലോകത്തിലെ 17-ാമത്തെ ധനികനുമാണ് അദാനി ഇപ്പോൾ.
ഊർജം, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ഖനനം, അതിലെ വിഭവങ്ങൾ, വാതകം, പ്രതിരോധം, എയ്റോസ്പേസ്, വിമാനത്താവളങ്ങൾ എന്നീ മേഖലകളിൽ ബിസിനസ്സ് സാമ്രാജ്യമാണ് അദാനിക്കുള്ളത്.
Jeet and Karan Adani, sons of Gautam Adani, are driving innovation and growth within the Adani Group, leading transformative initiatives in technology, finance, and port management.