വെറും 14 ലക്ഷം രൂപക്ക് കൊടും വേനലിലും ഒരു കുടുംബത്തെ തണുപ്പിക്കുന്ന ഒരു വീട് .കണ്ണൂരിൽ നിന്നുള്ള ഒരു യുവ സിവിൽ എഞ്ചിനീയർ തനിക്കും കുടുംബത്തിനും വേണ്ടി എയർ കണ്ടീഷണർ ആവശ്യമില്ലാത്ത ഒരു ബജറ്റ് വീടൊരുക്കിയിരിക്കുന്നു. അഞ്ച് സെൻ്റ് സ്ഥലത്ത് 950 ചതുരശ്ര അടി വിസ്തീർണമുള്ള കണ്ണൂർ തലശ്ശേരി പെരിങ്ങത്തൂരിലെ ഈ വീടാകട്ടെ പരിസ്ഥിതി സൗഹൃദ പരമ്പരാഗത വീടാണ്.
“സ്വന്തമായി ചെലവ് കുറഞ്ഞ ഒരു വീട് എന്നത് എൻ്റെ സ്വപ്നമായിരുന്നു. പരമ്പരാഗത കേരള ശൈലിയിലുള്ള വാസ്തുവിദ്യയോടുള്ള ഇഷ്ടം എൻ്റെ ബജറ്റിന് അനുയോജ്യമായ ഒരു പരിസ്ഥിതി സൗഹൃദ വീട് നിർമ്മിക്കാനുള്ള വ്യത്യസ്ത വഴികൾ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചു, ” സനീഷ് വി കെ പറഞ്ഞു.
2012ൽ കണ്ണൂരിലെ ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം സനീഷ് , തദ്ദേശീയമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പരമ്പരാഗത പരിസ്ഥിതി സൗഹൃദ വീട് നിർമ്മിക്കാൻ തീരുമാനിച്ചു.
സമകാലിക-പുരാതന കെട്ടിട സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ സനീഷിന് ഒരു വർഷമെടുത്തു.
സെറാമിക് ടൈലുകൾ, ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ വിലകൂടിയ വസ്തുക്കളൊന്നും വീടിനായി ഉപയോഗിച്ചിട്ടില്ല. ലാറ്ററൈറ്റ് കല്ലുകൾ, ടെറാക്കോട്ട ടൈലുകൾ, വേനൽക്കാലത്ത് പോലും തണുപ്പ് നിലനിർത്താനുള്ള പേരുകേട്ട പ്രത്യേകം തിരഞ്ഞെടുത്ത മരം എന്നിവ നിർമാണത്തിന് ഉപയോഗിച്ചു.
ഈ പ്രദേശത്ത് എളുപ്പത്തിൽ ലഭ്യമാകുന്ന ഈ സാമഗ്രികൾ വീടിൻ്റെ ആകർഷണം മാത്രമല്ല, അതിൻ്റെ താപ പ്രതിരോധ ക്ഷമത വർദ്ധിപ്പിക്കുകയും, ചൂടിൽ സ്വാഭാവികമായും അകവശം തണുപ്പിക്കുകയും ചെയ്യുന്നു .
സുസ്ഥിര നിർമ്മാണ രീതികളിൽ നിർമ്മിച്ച വീടിന് വെറും 14 ലക്ഷം രൂപ മാത്രമാണ് ചെലവായത്. പരിസ്ഥിതി സൗഹൃദമായ വീട് അങ്ങനെ വളരെ ചെലവ് കുറഞ്ഞതാക്കി മാറ്റാൻ സനീഷിനായി.
A young civil engineer from Kannur built an eco-friendly budget house using traditional Kerala architecture, keeping the family cool even in hot summers without the need for an air conditioner.