ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈനിലെ 250 ലേറെ ക്യാബിൻ ക്രൂവിന് ഒരേസമയം അസുഖം ബാധിച്ചത് ഉണ്ടാക്കിവച്ച പ്രതിസന്ധി എയർ ഇന്ത്യയെയോ, ജീവനക്കാരെയോ ബാധിച്ചിട്ടില്ല എന്ന് തോന്നും തുടർ സംഭവങ്ങൾ കാണുമ്പോൾ. സിക്ക് ലീവ് നൽകി മിന്നൽ പണിമുടക്കിന് തുടക്കമിട്ട കാബിൻ ക്രൂ ഉണ്ടാക്കിയ പുകിലുകൾ കാരണം വിമാനത്താവളങ്ങളിൽ കുടുങ്ങിപോയത് 15,000 ലധികം പ്രവാസി മലയാളികളാണ് . ജീവനക്കാരുമായി ഒത്തുതീർപ്പിലെത്തിയ എയർ ഇന്ത്യ മാനേജ്മന്റ് പിരിച്ചുവിടൽ നോട്ടീസ് നൽകിയ 25 ജീവനക്കാരെയും തിരിച്ചെടുക്കാൻ സമ്മതം മൂളി. അപ്പോഴും മിന്നൽ പണിമുടക്കിന്റെ മൂന്നാം ദിവസം വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ റദ്ദ് ചെയ്തത് 5 സർവീസുകളാണ്.
ആകെ റദ്ദു ചെയ്തത് 200 ലേറെ സർവീസുകൾ. നിശ്ചിത സമയത്തു ഗൾഫിലെത്തിയില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും ഭീതിയുണ്ടായിരുന്ന പ്രവാസി മലയാളികൾ അധിക തുക നൽകി മറ്റു എയർ ലൈനുകളിൽ ടിക്കറ്റെടുത്ത് തിരിച്ചു പോയി.
എയർ ഇന്ത്യ എക്സ്പ്രസ് ക്രൂ അംഗങ്ങളുമായി അവരുടെ എല്ലാ ആശങ്കകളും പരിഹരിച്ചുകൊണ്ട് ഒരു കരാറിലെത്തി. സാധാരണ എയർലൈൻ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ജീവനക്കാരും മാനേജ്മെൻ്റ് അംഗങ്ങളും സമ്മതിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിലെ 25 ജീവനക്കാരുടെ പിരിച്ചുവിടലും റദ്ദാക്കിയിട്ടുണ്ട്.
25 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നൽകിയ ടെർമിനേഷൻ ലെറ്റർ പിൻവലിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് വ്യാഴാഴ്ച സമ്മതിച്ചു. ചീഫ് ലേബർ കമ്മീഷണർ വിളിച്ചുചേർത്ത എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റ് പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ഈ നീക്കത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂവിലെ ഒരു വിഭാഗം സമരം പിൻവലിച്ച് ഡ്യൂട്ടിക്ക് ചേരാൻ തീരുമാനിച്ചു. അസുഖം റിപ്പോർട്ട് ചെയ്ത എല്ലാ ക്യാബിൻ ക്രൂ അംഗങ്ങളോടും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ഉടൻ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സർവീസ് ചട്ടങ്ങൾ അനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റ് ഈ ക്യാബിൻ ക്രൂവിൻ്റെ കേസുകൾ അവലോകനം ചെയ്യുമെന്നും ധാരണയായിട്ടുണ്ട്.
ക്യാബിൻ ക്രൂ മാനേജ്മെൻ്റിന് മുമ്പാകെ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും അനുരഞ്ജന നടപടികളിലും പരിശോധിച്ച് പരിഹരിക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ ഉറപ്പുനൽകി. പ്രതിഷേധിച്ച ക്രൂ അംഗങ്ങൾ ജോലിയിൽ തിരികെ വരാൻ സമ്മതിച്ചതിന് ശേഷം, “ഉദ്ദേശിക്കാത്ത തടസ്സങ്ങൾ” മൂലം അസൗകര്യം നേരിട്ട ഫ്ലൈയറുകളോട് എയർ ഇന്ത്യ എക്സ്പ്രസ് ക്ഷമാപണം നടത്തി.
എയർ ഇന്ത്യ സേവനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഒരു ഉറപ്പും മാനേജ്മന്റ് നൽകിയിട്ടുണ്ട്.
സർവ്വീസുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുമ്പോൾ തന്നെ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നതായി എയർ ഇന്ത്യ ആവശ്യപ്പെടുന്നു. അവരുടെ ഫ്ലൈറ്റ് റദ്ദാക്കുകയോ 3 മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ, അവർക്ക് യാതൊരു ഫീസും കൂടാതെ മുഴുവൻ റീഫണ്ടും പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂളും വാട്സ്ആപ്പിലോ അയക്കാം. +91 6360012345 എന്ന നമ്പറിൽ ബന്ധപ്പെടാം.
സർക്കാർ സ്ഥാപനത്തെ ടാറ്റ ഏറ്റെടുത്തിട്ടും, വിമാനങ്ങളുടെ ലോഗോയും നിറവും മാറി എന്നല്ലാതെ പ്രവർത്തന മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. ഇത്തവണ കാബിൻ ക്രൂ പണിമുടക്കിയപ്പോൾഅതിന്റെ ഉത്തരവാദിത്വം ടാറ്റ എന്ന സ്വകാര്യ കമ്പനിക്കാണ് എന്ന വലിയ വ്യത്യാസമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2500 പേരാണ് കാബിൻ ക്രൂ ആയി എയർ ഇന്ത്യ എക്സ്പ്രസിന് ഉള്ളത്. ഇപ്പോൾ പണിമുടക്കിയിട്ടുള്ള ഇരുനൂറോളം പേരിൽ ഭൂരിഭാഗവും5 മുതൽ 20 വര്ഷത്തെ സർവീസുള്ളവരാണ്. സ്വകാര്യ മേഖലയിലേക്ക് മാറിയതോടെ ജീവനക്കാരുടെ ശമ്പളം, അലവൻസ് കാര്യങ്ങളിലും മാറ്റങ്ങൾ വന്നു. അതുവരെ സീനിയോറിറ്റിയുടെയും പരിചയ സമ്പത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇക്കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. പക്ഷേ പുതിയ മാനേജ്മെന്റിന്റെ കീഴിൽ ഇതിന്റെ അടിസ്ഥാനം പ്രവർത്തനമികവ് ആയി. അങ്ങനെ വരുമ്പോൾ ചില വേളകളിൽ പ്രവർത്തന മികവ് സീനിയറായ ജീവനക്കാരേക്കാൾ കൂടുതൽ പുതുതായി വന്നവർക്കായിരിക്കും. അതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതും.
എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയുമായുള്ള ലയനമാണ് കാബിൻ ക്രൂ അംഗങ്ങളും മാനേജ്മെന്റുമായുള്ള ഉരസൽ ശക്തമാക്കിയത്. പല അലവൻസുകളും ഈ ലയണത്തോടെ ഇല്ലാതായി. ശമ്പളത്തിൽ വലിയ തോതിലുള്ള കുറവാണ് ഇതുവഴി ഉണ്ടായത്.
ജോലി ഭാരം വലിയ തോതിൽ വർധിച്ചതാണ് മറ്റൊരു പ്രധാന കാരണം. എയര് ഏഷ്യ ഇന്ത്യ– എയർ ഇന്ത്യ എക്സ്പ്രസ് ലയനത്തോടെ ഓരോ മൂന്ന് ആഴ്ചയിലും ഒരു വിമാനം വീതം എയർ ഇന്ത്യ എക്സ്പ്രസിൽ ഉൾപ്പെടുത്തുന്നു എന്നാണ് കണക്ക്. ഇതിന് അനുസൃതമായി സർവീസുകളുടെ എണ്ണവും വർധിച്ചു. നാല് ആഭ്യന്തര സർവീസുകൾ വരെ ഒരു ദിവസം പോകേണ്ടി വന്ന മുതിർന്ന അംഗങ്ങളുണ്ട്. ഇത്തരത്തിൽ വലിയ സമ്മർദം നേരിട്ടു കൊണ്ടാണ് പലരും ജോലി ചെയ്തിരുന്നത്. എന്നിരുന്നാലും രാജ്യത്തെ ഏറ്റവും വലിയ യാത്ര വിഭാഗത്തെ പ്രതിദിനം തൃപ്തിപ്പെടുത്തേണ്ട എയർ ലൈനിൽ ഉണ്ടായ അസന്തുലിതാവസ്ഥക്കു വില നൽകേണ്ടി വന്നത് യാത്രക്കാർ മാത്രമാണ്.
The recent resolution of the Air India Express cabin crew strike, its impact on passengers, and steps taken by the airline to address the situation. Passengers can find information on flight status, rescheduling, and refunds here.