ഒരു സംരംഭകന്റെ വിജയഘടകം തീരുമാനിക്കുന്നത് എന്താണ്. ഒരു ബിസിനസ്സ് തുടങ്ങാനോ അല്ലെങ്കിൽ പൈതൃകമായി കിട്ടിയ ഒരു സംരംഭത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടി വരുമ്പോഴോ നമുക്ക് ഒപ്പം നിൽക്കുന്ന ഘടകങ്ങളാണ് ഉദ്ദേശിച്ചത്. ഡാ നമുക്ക് ഒരു സംഭവം തുടങ്ങിയാലോ എന്ന് ചോദിക്കുമ്പോത്തന്നെ നമ്മെ പിന്തുണയ്ക്കാൻ വരുന്ന ഘടകങ്ങൾ. സംരംഭകന്റെ ഹാർഡ് വർക്ക്, സ്ട്രാറ്റജി, ലൈഫ് സ്റ്റൈൽ, മൈൻഡ് സെറ്റ്, ക്യാരക്റ്റർ എന്നൊക്കെ ആയിരിക്കും നിങ്ങൾ ഉത്തരം പറയുക. ശരിയാണ്, ഈ പേർസാണാലിറ്റി ട്രെയിറ്റ്സ് വിജയഘടകം തന്നെയാണ്. എന്നാൽ അത് മാത്രമാണോ? അല്ല, സംരംഭം നടത്തുന്നവർക്കറിയാം, ഒരു ബാക്ക് ബോൺ. ഒരു ആള്! നമ്മള് സംരംഭത്തിന്റെ മുഖവും രൂപവും ബ്രാൻഡുമായി പറന്ന് നടക്കുമ്പോ, ആത്മാവായി നിൽക്കാൻ ഒരാൾ. അയാൾ പലപ്പോഴും സൈലന്റായിരിക്കും. സിസ്റ്റം റൺ ചെയ്യുന്നത് അയാളാകും. ബിസിനസ്സ് ചെറുതാകട്ടെ, വലുതാകട്ടെ, കോർപ്പറേറ്റാകട്ടെ.. അസാധാരണമായി വളരുന്ന ബിസിനസ്സിനെല്ലാം അത്തരം ഒരു ആള് ഉണ്ടാവും. ഇപ്പോ ലുലുവിന്റെ കാര്യം നോക്കിയാൽ യൂസഫ് അലിക്ക് ബാക്ക് ബോണായി നിൽക്കുന്ന സഹോദരൻ അഷ്റഫ് അലിയെ പോലെ. മലയാളിയുടെ സ്വന്തം ബ്രാൻഡിന്റെ കാര്യം ഉദാഹരണമായി പറഞ്ഞുവെന്നേ ഉള്ളൂ.
പറയാൻ പോകുന്നത് പേരുകൊണ്ട് തന്നെ ആദരവും രോമാഞ്ചവും ഒക്കെ നൽകുന്ന ഒരു സംരംഭകന്റെ കാര്യമാണ്. ലെജന്റ് രത്തൻ ടാറ്റ. 11 ലക്ഷം കോടിയുടെ ബിസിനസ്സ് സാമ്രാജ്യം തീർക്കാൻ രത്തന് ബാക്ക് ബോണായി നിന്നത് ആരാണ്. അതാണ് N ചന്ദ്രശേഖരൻ. നടരാജൻ ചന്ദ്രശേഖരൻ. ദീർഘവീക്ഷണമുള്ള വ്യവസായി, സമർത്ഥനായ നിക്ഷേപകൻ, ആദരണീയനായ മനുഷ്യസ്‌നേഹി എന്നീ നിലകളിൽ ബിസിനസ്സ് രംഗത്ത് തിളങ്ങുന്ന മഹാനായ രത്തൻ ടാറ്റയെ നയിക്കുന്നത് ചന്ദ്രശേഖറാണ്. രത്തൻ ടാറ്റയുടെ വലംകൈ.
പ്രാഥമിക ഹോൾഡിംഗ് സ്ഥാപനമായ ടാറ്റ സൺസിനെ ചെയർമാൻ സ്ഥാനത്തിരുന്നു നയിക്കുന്ന ഒരു പ്രധാന വ്യക്തിയാണദ്ദേഹം. TCS-ന്റെ ഐ ടി മേഖലയിലെ വളർച്ചക്ക് പിന്നിലും എൻ ചന്ദ്രശേഖറാണ്. ടാറ്റ സൺസിൻ്റെ ചെയർമാനെന്ന നിലയിൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവർ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) തുടങ്ങി നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ എൻ ചന്ദ്രശേഖരൻ അധ്യക്ഷനാണ്. സൂക്ഷ്മവും തന്ത്രപരവുമായ വീക്ഷണത്തോടെ, ടാറ്റ എന്ന ബ്രാൻഡിന് കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും വളർച്ചയും വിജയവും ഉറപ്പാക്കുന്ന കപ്പിത്താൻ! അതാണ് ചന്ദ്രശേഖരൻ.
അദ്ദേഹത്തിൻ്റെ നിലവിലെ റോൾ ഏറ്റെടുക്കുന്നതിന് മുമ്പ്, ചന്ദ്രശേഖരൻ TCS-നെ അതിൻ്റെ CEO ആയും മാനേജിംഗ് ഡയറക്ടറായും നയിച്ചു. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ, TCS ശ്രദ്ധേയമായ നാഴികക്കല്ലുകൾ നേടി, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല തൊഴിൽദാതാവായി TCS നെ മാറ്റിയെടുത്ത ബുദ്ധി ചന്ദ്രശേഖറിന്റേതായിരുന്നു. അതിനെ ഏറ്റവും മൂല്യവത്തായ കമ്പനിയുമായി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ടിസിഎസിൻ്റെ വരുമാനം 16.5 ബില്യൺ ഡോളറായി ഉയർന്നു ഐടി സൊല്യൂഷനുകളിലും കൺസൾട്ടിങ്ങിലും അതിൻ്റെ ആഗോള ആധിപത്യം ഉറപ്പിച്ചു.
രത്തൻ ടാറ്റയെപ്പോലെ ഒരു കൊടുമുടിയുടെ വലംകൈയ്യായി മാറിയ എൻ ചന്ദ്രേശേഖരൻ എവിടെനിന്നാണ് തുടങ്ങിയത് എന്ന് അറിയാമോ? 1987-ൽ TCS -ൽ ഒരു ഇന്റേണിയായി. വിശ്വസിക്കാൻ പറ്റുന്നുണ്ടോ? 35 വർഷം! , 35 വർഷം പാഷൻ ഒട്ടും ചോരാതെ, തളർച്ചയില്ലാതെ, ഓരോ ദിവസവും കൂടുതൽ ഫ്രഷായി, തെളിഞ്ഞ ബുദ്ധിയോടെ ചന്ദ്രശേഖരൻ ഓരോ പടിയും ചവിട്ടിക്കയറിയത്, രത്തൻ ടാറ്റയുടെ മനസ്സിലേക്കും ടാറ്റ എന്ന കോർപ്പറേറ്റ് കമ്പനിയുടെ തലപ്പത്തേക്കുമാണ്! ടാറ്റ സൺസിന്റെ ചെയർമാൻ എന്ന അതുല്യമായ സ്ഥാനം! അതിനുമപ്പുറം രത്തൻ ടാറ്റ ഒരു ഡിസിഷൻ എടുക്കുന്നതിന് മുമ്പ് അവസാന കൺസൾട്ടേഷൻ നടത്തുന്ന ബുദ്ധികേന്ദ്രമായി ചന്ദ്രശേഖരൻ മാറിയതിന്റെ കാരണം എന്താകും. ട്രസ്റ്റ്! രത്തൻ ടാറ്റ എന്ന വ്യക്തിയോടുള്ള വിശ്വാസമോ കൂറോ അല്ല, നിക്ഷേപകരുടേയും പങ്കാളികളുടേയും ജീവനക്കാരുടേയും ആത്മാവായ ടാറ്റ എന്ന സംവിധാനത്തിന് നൽകിയ വിശ്വാസം.. പിന്നെയോ Tenacity, Adaptability, Resilience.. കൂടെ അപാരമായ നേതൃശേഷിയും.
ചന്ദ്രശേഖറിന്റെ ലീഡർഷിപ്പിൽ ടാറ്റ നേടിയത് എന്താണ്. ഓരോ സംരംഭത്തിന്റേയും വിജയം സ്വന്തം മേഖലയിൽ വളരുമ്പോൾ തന്നെ ഫ്യൂച്ചറിസ്റ്റിക്കായ മേഖലയിലേക്ക് കടക്കാനും ആധിപത്യം ഉറപ്പിക്കാനും കഴിയണം. ആ ട്രാൻസ്ഫൊർമേഷനുള്ള കഴിവാണ് ഒരു ബിസിനസ്സിനെ കോർപ്പറേറ്റാക്കി മാറുന്നത്. ഡിജിറ്റലൈസേഷൻ യുഗത്തിൽ പരിവർത്തനം ചെയ്യാനും സസ്റ്റയിനബിലിറ്റി, സപ്ളൈ ചെയിൻ മേഖലകളിൽ പുതിയ സാധ്യത തുറക്കാനും ടാറ്റയെ നയിച്ചത് ചന്ദ്രശേഖരനാണ്. എന്തിന് കടത്തിൽ മുങ്ങിക്കുളിച്ച് നിന്ന Air India-യെ ഏറ്റെടുത്ത് ടാറ്റയുടെ ഗ്രൂപ്പിലേക്ക് ചേർക്കാനുള്ള പെർമ്യുട്ടേഷൻ കോംബിനേഷൻ വർക്ക് ചെയ്തെടുക്കുന്നതിൽ തന്ത്രപരമായ പങ്കാളിയായിരുന്നു ചന്ദ്രശേഖരൻ.
അതുകൊണ്ടാണ് ടാറ്റ എന്ന കോർപ്പറേറ്റ് പ്രസ്ഥാനത്തെ സൈറസ് മിശ്രി വിഷമസന്ധിയിലേക്ക് തള്ളിവിട്ടപ്പോൾ ചന്ദ്രശേഖരൻ മണിക്കൂറുകൾ കൊണ്ട് ടാറ്റ സൺസ് ചെയർമാനായത്. അതുകൊണ്ടാണ് എൻ ചന്ദ്രശേഖരൻ രാജ്യത്തെ ഏറ്റവും ഹൈയ്യസ്റ്റ് പെയ്ഡ് എക്സിക്യൂട്ടീവാകുന്നത്.
അദ്ദേഹത്തിന്റെ ആനുവൽ സാലറി 109 കോടിയാണ്. വളരെ ആഡംബരപൂർണ്ണമായ ചുറ്റുപാടിൽ ജീവിക്കുമ്പോൾത്തന്നെ സ്വന്തം ജീവിതം ലളിതമായി ഇരിക്കാൻ എൻ. ചന്ദ്രശേഖരൻ ശ്രദ്ധിക്കുന്നു. മുംബൈയിലെ മാരത്തണിൽ ശാന്തമായി പങ്കെടുക്കുന്ന ഒരാളെ കണ്ടാൽ സംശയിക്കേണ്ട, അത് നടരാജൻ ചന്ദ്രശേഖരനായിരിക്കും. അങ്ങനെ ആയല്ലേ പറ്റൂ, കാരണം ബോസ് രത്തൻ ടാറ്റയല്ലേ.
തമിഴ്നാട്ടിലെ മൊഹന്നൂർ എന്ന ഗ്രാമത്തിൽ, ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ലോകത്തെ ഏറ്റവും പഴക്കമുള്ളതും വലുതും ലെജന്റററിയുമായ ഒരു ബിസനസ്സ് ഭീമന്റെ തലപ്പത്ത് എത്തണമെങ്കിൽ അത് അസാധാരണമായ തീ ഉള്ളിലുള്ളത് കൊണ്ടാകണം. ബിസിനസ്സ്-മീഡിയ സർക്കിളിൽ ചന്ദ്ര എന്ന വിളിപ്പേരുള്ള 61 വയസ്സുകാരന് പ്രായം കൊണ്ടും ചിന്തകൊണ്ടും ഇന്നും ചെറുപ്പം. ലളിതയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഏക മകൻ പ്രണവ് ചന്ദ്രശേഖരനും!
The pivotal role played by Natarajan Chandrasekaran in the success of Tata Group, from his humble beginnings to his strategic leadership as Chairman of Tata Sons. Learn about his journey and impact on Tata’s growth.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.