ബംഗ്ലാദേശ് റെയിൽവേയ്ക്ക് 200 ബ്രോഡ് ഗേജ് പാസഞ്ചർ കോച്ചുകൾ കൂടി നിർമിച്ചു കൈമാറാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഏകദേശം 915 കോടി രൂപ വിലമതിക്കുന്ന കരാർ ആഗോള ബിഡ്ഡിംഗിലൂടെ ഇന്ത്യൻ റെയിൽവേയുടെ കയറ്റുമതി വിഭാഗമായ RITES ഉറപ്പിച്ചു.
പാസഞ്ചർ കോച്ചുകൾ മാത്രമല്ല, ഡിസൈൻ വൈദഗ്ധ്യം, സ്പെയർ പാർട്സ് പിന്തുണ, പരിശീലനം എന്നിവയും എഞ്ചിനീയറിംഗ് കൺസൾട്ടൻസി കമ്പനിയായ RITES , ബംഗ്ലാദേശ് റെയിൽവേയ്ക്ക് നൽകും. ഇതിൽ 104 കോച്ചുകൾ എയർകണ്ടീഷൻ, 96 എണ്ണം നോൺ എസി ആയിരിക്കും. ഈ കോച്ചുകൾ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കും.
യൂറോപ്യൻ ഇൻവെസ്റ്റ്മെൻ്റ് ബാങ്കാണ് EIB പദ്ധതിക്ക് ധനസഹായം നൽകുന്നത്. കരാറിൽ 36 മാസത്തിനുള്ളിൽ വിതരണവും കമ്മീഷനിംഗ് കാലയളവും, 24 മാസ വാറൻ്റി കാലയളവും ഉൾപ്പെടുന്നു.
ധാക്കയിൽ ബംഗ്ലാദേശ് റെയിൽവേ മന്ത്രി എം.ഡി. സില്ലുൽ ഹക്കിം, റെയിൽവേ മന്ത്രാലയത്തിലെ PU അഡീഷണൽ അംഗം സഞ്ജയ് കുമാർ പങ്കജ് എന്നിവരുടെ സാന്നിധ്യത്തിൽ RITES, ബംഗ്ലാദേശ് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിൽ കരാർ ഒപ്പിട്ടു.
“മേക്ക് ഇൻ ഇന്ത്യ, ഫോർ ദ വേൾഡ്” എന്ന കാഴ്ചപ്പാടിൽ തദ്ദേശീയമായി വികസിപ്പിച്ച ലോകോത്തര റെയിൽവേ കോച്ചുകളുടെ കയറ്റുമതിയിലൂടെ വളർച്ച പ്രോത്സാഹിപ്പിക്കുകയാണ് RITESന്റെ ലക്ഷ്യം.
ഈ കരാറിന് മുമ്പ്, RITES ബംഗ്ലാദേശ് റെയിൽവേയ്ക്ക് 120 ബ്രോഡ് ഗേജ് പാസഞ്ചർ കോച്ചുകൾ, 36 ബ്രോഡ് ഗേജ് ലോക്കോമോട്ടീവുകൾ, 10 മീറ്റർ ഗേജ് ലോക്കോമോട്ടീവുകൾ എന്നിവ നൽകിയിരുന്നു. ബംഗ്ലാദേശിലെ മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും കമ്പനി സഹകരിച്ചിട്ടുണ്ട്.
RITES Limited signs a $111.26 million contract with Bangladesh Railways to supply 200 broad-gauge passenger carriages, enhancing bilateral cooperation and supporting ‘Make in India’ initiatives.