ഒരു വനിത മഹീന്ദ്ര ഥാറിൽ വന്നിറങ്ങി ബിഎംഡബ്ല്യു ZS 4 കൺവേർട്ടബിൾ സ്പോർട്സ് കാർ എടുത്തു പറക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിലെ നിരത്തുകളിൽ അത്ര പുതുതൊന്നുമല്ല. എന്നാൽ ഇവിടെ രാധാമണി അമ്മക്ക് പ്രായം 72 ആണ്. എന്നിട്ടും യുവതയുടെ ഊർജസ്വലതയോടെ അവർ നിരത്തുകൾ കീഴടക്കുകയാണ്, അതും ജെസിബി പോലുളള വലിയ വാഹനങ്ങളിൽ.
പ്രായം ഘടകമേയല്ല
പ്രായം ഒന്നിനും പരിമിതിയല്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് കൊച്ചി തോപ്പുംപടി സ്വദേശി രാധാമണി അമ്മ. ഈ 72-ാം വയസിലും ജെസിബി ഉൾപ്പടെയുള്ള 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇവർക്കുണ്ട്. രാധാമണി അമ്മ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത് 1981-ൽ ആയിരുന്നു. ആദ്യമൊക്കെ പേരിനായിരുന്നു ഡ്രൈവിംഗ് പഠിച്ചതും ലൈസെൻസ് എടുത്തതും എന്ന് രാധാമണിയമ്മ പറയുന്നു.
A2Z ഹെവി എക്യുപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഡ്രൈവിംഗ് പഠന സ്ഥാപനം നടത്തിയിരുന്ന ഭർത്താവ് 2004-ൽ ഒരു അപകടത്തിൽ മരിച്ചതിനെത്തുടർന്ന് രാധാമണി അമ്മക്ക് ഡ്രൈവിംഗ് സ്കൂൾ ബിസിനസ് സ്വയം നടത്തേണ്ടി വന്നു. അതിനു ശേഷമാണ് ഡ്രൈവിംഗ് ഒരു പ്രൊഫഷണൽ വിഷയമായി രാധാമണിയമ്മ കണ്ടു തുടങ്ങിയത്. ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതിന് അവർ പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഉടമസ്ഥർക്കോ ഇൻസ്ട്രക്ടർമാർക്കോ ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഇതോടെ ജെസിബി, ഹിറ്റാച്ചി, ബോബ്ക്യാറ്റ്, ഹെവി ഡ്യൂട്ടി ക്രയിൻ തുടങ്ങി എല്ലാ വാഹനങ്ങളും ഓടിക്കാൻ പഠിച്ചു. ഈ പ്രായത്തിലും രാധാമണിയമ്മ അവയൊക്കെ അനായാസമായി തന്നെ കൈകാര്യം ചെയ്യും.
ഏറ്റവും ഇഷ്ടം ഫോർക്ക്ലിഫ്റ്റ്
എക്സ്കവേറ്റർ, ഫോർക്ക്ലിഫ്റ്റ്, ക്രെയിൻ, റോഡ് റോളർ, ട്രാക്ടർ, കണ്ടെയ്നർ ട്രെയിലർ ട്രക്ക്, ബസ്, ലോറി തുടങ്ങി 11 വ്യത്യസ്ത വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് രാധാമണി അമ്മ സ്വന്തമാക്കിയിട്ടുണ്ട്. ഹെവി വെഹിക്കിൾ ലൈസൻസ് നേടുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ് രാധാമണി. വലിയ വാഹനങ്ങളിൽ രാധാമണിയമ്മക്ക് ഓടിക്കാൻ ഏറ്റവുമിഷ്ടം ഫോർക്ക്ലിഫ്റ്റാണ്. അതിനു ശേഷമേ ജെ സി ബി പോലുമുള്ളൂ .
ഗഡ്കരിക്ക് മുന്നിൽ JCB ഓടിച്ചു
1988-ൽ ബസിനും ലോറിക്കും ലൈസൻസ് നേടി. 2021 ലാണ് വലിയ ചരക്കുകൾ കൊണ്ടുപോകുന്ന ലോറികൾ വരെ ഓടിക്കാനുള്ള ലൈസൻസ് കിട്ടുന്നത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിലും പ്രത്യേക താല്പര്യമാണ് രാധാമണിയമ്മക്ക്. അടുത്തിടെ ഡൽഹിയിൽ നടന്ന ഒരു വാഹന എക്സ്പോയിൽ പങ്കെടുക്കാനെത്തിയ രാധാമണിക്കു ഓർക്കാൻ അവിസ്മരണീയമായ ഒരു സംഭവവുമുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയായിരുന്നു അവിടെ ആദ്യ ഇലക്ട്രിക് ജെ സി ബി ലോഞ്ച് ചെയ്യാനെത്തിയത്. അതോടിക്കാനുള്ള ലൈസെൻസ് കൈവശം ഉണ്ടിയിരുന്നു എന്ന ഒരൊറ്റ കാരണത്താൽ ആ ലോഞ്ചിങിന് ശേഷം ആദ്യമായി വാഹനം ഓടിക്കാനുള്ള അവസരം രാധാമണിയമ്മക്കായിരുന്നു.
Radhamani Amma, a 72-year-old driving enthusiast from Kochi who holds licenses for 11 vehicle categories, including JCBs and forklifts. Learn how she’s breaking stereotypes and making her mark on the roads of Kerala.