റേഞ്ച് റോവറും റേഞ്ച് റോവർ സ്പോർട്സും അടക്കം ആറ് റേഞ്ച് റോവർ മോഡലുകൾ ഇന്ത്യയിൽ പൂനെ പ്ലാൻ്റിൽ അസംബിൾ ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ജാഗ്വാർ ലാൻഡ് റോവർ. അങ്ങനെ ഇതാദ്യമായി JLR യുക്കെയ്ക്ക് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
ഇതുവരെ റേഞ്ച് റോവർ മോഡലുകൾ ടാറ്റ മോട്ടോഴ്സിൻ്റെ ഉടമസ്ഥതയിലുള്ള ജെഎൽആറിൻ്റെ യുകെ പ്ലാൻ്റിൽ നിർമ്മിക്കുകയും പിന്നീട് ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും ചെയ്തു വരികയായിരുന്നു .
ഇനി മുതൽ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന റേഞ്ച് റോവറുകളുടെ വില മോഡലിനെ ആശ്രയിച്ച് 18-22 ശതമാനം വരെ കുറയുമെന്ന് കരുതുന്നു. റേഞ്ച് റോവർ സ്പോർട്ട് ഈ വർഷം ഓഗസ്റ്റിൽ തന്നെ വിപണിയിലേക്കെത്തും. JLR-ന് ഇന്ത്യയിലെ പ്ലാൻ്റിൽ പ്രതിവർഷം 10,000 യൂണിറ്റ് ഉൽപ്പാദന ശേഷിയുണ്ട്.
ഇന്ത്യയിൽ റേഞ്ച് റോവറിൻ്റെ നിർമ്മാണം ജെഎൽആറിന് ഇന്ത്യയിൽ ഉള്ള ആത്മവിശ്വാസത്തിന് അടിവരയിടുന്നതായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. “റേഞ്ച് റോവർ ഇവിടെ ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടും എന്നത് ഒരു സൂപ്പർ ഫീലാണ്. ഇത് വളരെ സവിശേഷമായ നിമിഷമാണ്” എന്ന് എൻ ചന്ദ്രശേഖരൻ പറഞ്ഞു.
ഭാവിയിൽ ഇന്ത്യയിലെ വിൽപ്പനയിൽ വർധനവുണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രതീക്ഷിക്കുന്നു.
റേഞ്ച് റോവറും റേഞ്ച് റോവർ സ്പോർട്സും ഇന്ത്യയിൽ നിന്നുള്ള വിശാലമായ ഒരു കൂട്ടം ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു വലിയ ചുവടുവയ്പാണ് ഈ പ്രാദേശിക ഉൽപ്പാദനമെന്ന് ജെഎൽആർ ഇന്ത്യ എംഡി രാജൻ അംബ പറഞ്ഞു
JLR ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം റീട്ടെയിൽ വിൽപ്പനയിൽ 81 ശതമാനം വർധന രേഖപ്പെടുത്തി 4,436 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബിസിനസ്സ് ഇരട്ടിയാക്കുക എന്നതാണ് ജെഎൽആർ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഉത്പാദനത്തിനായി ടാറ്റ ഗ്രൂപ്പ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തും,റേഞ്ച് റോവറും റേഞ്ച് റോവർ സ്പോർട്സ് മോഡലുകൾക്കൊപ്പം, ജെഎൽആർ ഇന്ത്യ ഇപ്പോൾ പൂനെ ഫാക്ടറിയിൽ നിന്ന് റേഞ്ച് റോവർ വെലാർ, റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ എഫ്-പേസ്, ഡിസ്കവറി സ്പോർട്ട് എന്നിങ്ങനെ ആറ് മോഡലുകൾ പുറത്തിറക്കും. ജാഗ്വാർ ലാൻഡ് റോവർ ഒരു ഇലക്ട്രിക് റേഞ്ച് റോവറും പരീക്ഷിച്ചുവരികയാണ്. അത് ഈ വർഷാവസാനം അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.