മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയോട് (ICF) ആവശ്യപ്പെട്ടു കഴിഞ്ഞു.2024-25 ലെ പ്രൊഡക്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായിട്ടാണ് ഈ രണ്ട് ട്രെയിനുകളും വികസിപ്പിക്കാൻ ഐസിഎഫിനോട് ആവശ്യപ്പെട്ടു. ബ്രോഡ് ഗേജിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്ക് രാജ്യത്തെ ട്രെയിൻ പാതകൾ മാറ്റുന്നതിനൊപ്പമാണ് ഈ പുതിയ ലക്ഷ്യവും.
മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗവും 220 കിലോമീറ്റർ യാത്രാ വേഗവുമാണ് സ്റ്റീൽ ബോഡിയിൽ നിർമിക്കുന്ന ട്രെയിനുകൾക്കുണ്ടാകുക. ഭാവിയിലെ വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഈ ട്രെയിനുകൾ നിർമിക്കുക വന്ദേ ഭാരത് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും.
എട്ട് കോച്ചുകളുള്ള ട്രെയിനുകളായിരിക്കും ഇവയെന്ന് റെയിൽവേ അറിയിച്ചു. ഇവ ഇത് സ്റ്റാൻഡേർഡ് ഗേജിൽ നിർമ്മിക്കും. ആഗോളതലത്തിൽ ഏറ്റവും സ്വീകാര്യമായതാണ് സ്റ്റാൻഡേർഡ് ഗേജ്. വന്ദേ ഭാരത് ട്രെയിനുകളുടെ കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് ഈ ഗേജ് മാറ്റം.കഴിഞ്ഞ ഒരു വർഷമായി രാജസ്ഥാനിൽ സ്റ്റാൻഡേർഡ് ഗേജ് ട്രെയിനുകൾക്കായി ഒരു ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിവേഗ ട്രെയിനുകൾ വികസിപ്പിക്കുന്നതിനും വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യുന്നതിനുമുള്ള കഴിവുകൾ പരിശോധിക്കുന്നതിനാണ് ഈ സംവിധാനമൊരുക്കുന്നത്.
വന്ദേ ഭാരത് ട്രെയിനുകളുടെ ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്, 2025 മാർച്ചോടെ 250 കിലോമീറ്റർ സ്റ്റാൻഡേർഡ് ഗേജ് ട്രെയിൻ വികസിപ്പിക്കുക എന്നത് അസാധ്യമായ കാര്യമല്ല എന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഐസിഎഫിൻ്റെ മുൻ ജനറൽ മാനേജർ സുധാൻഷു മണി പറഞ്ഞു.
ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്ത്യ നിലവിൽ അതിവേഗ ട്രെയിനുകൾ നിർമ്മിക്കുന്നത്. മുംബൈ-അഹമ്മദാബാദ് ഇടനാഴികളിൽ ഈ ബുള്ളറ്റ് ട്രെയിനുകൾ ആദ്യ സർവീസ് നടത്തും.
The Ministry of Railways has directed the Integral Coach Factory (ICF) to produce two high-speed trains capable of 250 km/h for 2024-25, aiming to elevate India’s rail capabilities and match global high-speed standards.