നട്ടുച്ചക്ക് പൊരിവെയിലിൽ ഭക്ഷണവുമായി പായുന്ന ഡെലിവറി ജീവനക്കാരെ UAE മറന്നില്ല. UAE ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മിഡ്ഡേ ബ്രേക്കിൽ രാജ്യത്തുടനീളമുള്ള ഡെലിവറി ജീവനക്കാർക്കായി 6,000 വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) സർക്കാർ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചാകും ഈ സംവിധാനമൊരുക്കുക.
യുഎഇയിലെ റെസ്റ്റോറൻ്റുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ക്ലൗഡ് കിച്ചണുകൾ എന്നിവ മിഡ്ഡേ ബ്രേക്ക് സമയത്ത് ഡെലിവറി സർവീസ് ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യും. തൊഴിലാളികൾക്ക് വിശ്രമ സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും ആക്സസ് ചെയ്യാനും ഈ സ്റ്റേഷനുകളുടെ ഇൻ്ററാക്ടീവ് മാപ്പ് സർക്കാർ ഉടൻ പുറത്തിറക്കും.
ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. MoHRE യുടെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ, യുഎഇയിലുടനീളമുള്ള സാമ്പത്തിക വികസന വകുപ്പുകൾ എന്നിവർക്കൊപ്പം തലാബത്ത്, ഡെലിവറൂ, നൂൺ, കരീം തുടങ്ങിയ ഡെലിവറി കമ്പനികളും പങ്ക് ചേരും.
മിഡ്ഡേ ബ്രേക്കിന് തൊഴിലാളികളെ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്ന പാരസോളുകളും, ഷേഡുള്ള പ്രദേശങ്ങളും, ആവശ്യത്തിന് കൂളിംഗ് ഉപകരണങ്ങളും ആവശ്യത്തിന് തണുത്ത കുടിവെള്ളവും, ജോലിസ്ഥലത്തെ മറ്റ് സൗകര്യങ്ങളും പ്രഥമശുശ്രൂഷാ ഉപകരണങ്ങളും നൽകണമെന്ന് മന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.
“ഡെലിവറി സേവനങ്ങൾ ഒരു പ്രധാന ലോജിസ്റ്റിക്കൽ മേഖലയാണെന്നും, ഉച്ചഭക്ഷണം അടക്കം കൃത്യ സമയത്തു തന്നെ ഡെലിവറി ചെയ്യേണ്ടതിന്റെ ആവശ്യകത കൂടി മനസിലാക്കിയാണ് ഈ സംരംഭത്തിൽ എല്ലാ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഉൾപെടുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു.
കഴിഞ്ഞ വർഷം ഡെലിവറി തൊഴിലാളികൾക്കായി 365 വിശ്രമകേന്ദ്രങ്ങൾ ആരംഭിച്ച സംരംഭത്തിൻ്റെ തുടർച്ചയാണ് ഈ നടപടി.
മിഡ്ഡേ ബ്രേക്കിൻ്റെ ഏതെങ്കിലും ലംഘനങ്ങളുണ്ടായാൽ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ റിപ്പോർട്ടും ചെയ്യാം. 600590000 എന്ന നമ്പരിൽ കോളിലോ, സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ പരാതിപ്പെടാം.