മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിർമാണത്തിൽ കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടോ എന്ന വിഷയത്തിൽ നിർമാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. 240 കോടി നേടിയ പടമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാവ് ഷോണ്‍ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെയും അന്വേഷണ ഏജൻസി ഇതുമായി ബന്ധപെട്ടു ഉടൻ തന്നെ ചോദ്യം ചെയ്യും. നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സിനിമാ നിർമാണത്തിനായി പണം നല്‍കിയവരുടെ സാമ്പത്തിക സ്രോതസ്, നിർമാതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ നേരത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയാണ്. ബോക്സോഫീസില്‍ 240 കോടി നേടിയിട്ടും സിനിമയ്ക്ക് വേണ്ടി 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് മുതല്‍മുടക്ക് തുക പോലും നല്‍കിയില്ലെന്ന പരാതിയിലായിരുന്നു പോലീസ് കേസ്. വിശ്വാസവഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് സ്ഥാപിച്ച നിർമ്മാണ കമ്പനിയായ പറവ ഫിലിംസിനു ED നോട്ടീസ് നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. നിർമ്മാതാക്കൾ തന്നെ വഞ്ചിച്ചെന്ന ചിത്രത്തിൻ്റെ നിക്ഷേപകൻ സിറാജ് വലിയത്തറ ഹമീദിൻ്റെ ആരോപണത്തെ തുടർന്നാണ് അന്വേഷണം.
7 കോടി രൂപ നിക്ഷേപിച്ചാല്‍ ലാഭവിഹിതത്തിന്റെ 40 ശതമാനം നല്‍കാമെന്നായിരുന്നു കരാർ. 2022 നവംബർ 30ന് കരാർ ഒപ്പിടുമ്പോൾ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂർത്തിയായെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പ്രീ-പ്രൊഡക്ഷൻ ജോലികള്‍ മാത്രമായിരുന്നു പൂർത്തിയായിരുന്നത്. സിനിമക്കായി പണം നിക്ഷേപച്ചവരോട് നിർമാതാക്കള്‍ വിശ്വാസ വഞ്ചനയും, ഗൂഢാലോചനയും നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. നിർമാണ കമ്പനിയായ പറവ ഫിലിംസ് സിനിമയ്ക്ക് വേണ്ടി പണം മുടക്കിയിട്ടില്ല. മറ്റ് നിക്ഷേപകരാണ് ചിത്രത്തിന്റെ നിർമാണത്തിനായി പണം നല്‍കിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. 18.5 കോടി രൂപയായിരുന്നു നിർമാണചിലവ്.
The ED investigates potential black money transactions in the production of the film Manjummal Boys, questioning producers Shaun Antony and Soubin Shahir. Learn about the allegations and ongoing probes.