ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പണം കൊണ്ട് ആരെങ്കിലും ധനികനാകുമോ? ഏറ്റവും ആവശ്യമുള്ള ഒരു കാര്യത്തിന് ഉപയോഗിക്കപ്പെടുമ്പോഴാണ് പണത്തിന് മൂല്യം ഉണ്ടാകുന്നത്. ഒരാൾ പതിനായിരം രൂപയ്ക്ക് ഒരു ബ്രാൻഡഡ് ഷൂ വാങ്ങി. മറ്റൊരാൾ അയാളുടെ മകൾക്ക് സ്ക്കൂൾ ഫീസ് അടയക്കാൻ വേണ്ടി പലനാൾ അധ്വാനിച്ച് പതിനായിരം രൂപ സ്വരുക്കൂട്ടുന്നു. വേറൊരു സ്ത്രീയാകട്ടെ ആശുപത്രിയിൽ കിടക്കുന്ന അവരുടെ ഭർത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി 10,000 രൂപ പലരോട് ചോദിക്കുന്നു.
ഇതിൽ ആരുടെ പതിനായിരത്തിനാണ് വില? ഷൂ വാങ്ങിയ പതിനായിരത്തിനോ, വിദ്യാഭ്യാസത്തിന് ചിലവഴിച്ച പതിനായിരത്തിനോ, ജീവൻ രക്ഷിച്ച പതിനായിരത്തിനോ? പണം, അത്, അതുണ്ടാക്കിയ ഇംപാക്റ്റ് നോക്കിയാണ് മൂല്യം നിശ്ചയിക്കപ്പെടുന്നത്. അക്കൗണ്ടിൽ കിടക്കുന്ന ധനത്തിന് പാസ്ബുക്കിലെ സ്റ്റേറ്റ്മെന്റിൽ ഞെളിഞ്ഞിരിക്കാനേ പറ്റൂ. ജീവിതത്തോട് പൊരുതന്നവർക്കും ഒറ്റപ്പെട്ട് പോയ പാവങ്ങൾക്കും സ്വപ്നം കാണാൻ പാകത്തിന്, ബാങ്കിൽ കിടക്കുന്ന കറൻസിയെ സമൂഹത്തിലേക്ക് ഇറക്കി നിർത്തുന്ന ചില സംരംഭകരുണ്ട്. വാസ്തവത്തിൽ പുരോഹിതന്മാരേക്കാളും രാഷ്ട്രീയക്കാരെക്കാളും ഈ നാടിനാവശ്യം അത്തരം സംരംഭകരാണ്. കാരണം അവനവൻ അധ്വാനിച്ച് നേടിയ പണമാണ് സമൂഹത്തിലെ സാധാരണക്കാർക്കായി, നിസ്വാർത്ഥമായി അവർ ചിലവഴിക്കുന്നത്.
സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒരു തമാശയുണ്ട്. ഈ ഒരു മനുഷ്യന്റെ ട്വിറ്റർ ഫീഡിൽ നിങ്ങളുടെ കഷ്ടപ്പാട് എത്തിയാൽ പ്രശ്നം ആ നിമിഷം പരിഹരിക്കപ്പെടുമെന്ന്.. പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും എന്ന് പറയുന്നത് പോലെ.
പത്തനംതിട്ടയിലെ ഒരു ഓട്ടോ റിക്ഷ ഡ്രൈവറാണ് സുനിൽ. അയാൾ തന്റെ ഓട്ടോയുടെ പിൻഭാഗം മഹീന്ദ്ര സ്കോർപ്പിയോ പോലെ മോഡിഫൈ ചെയ്തു. മോഡിഫൈ ചെയ്ത ആ ഓട്ടോ ആൾക്കാർ ശ്രദ്ധിച്ചുതുടങ്ങി. ആരോ ഒരാൾ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ദിവസങ്ങൾക്കകം ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ഒരു മനഷ്യൻ ട്വീറ്റ് ചെയ്തു, അസാധാരണമായ കലാസൃഷ്ടി! ഈ ചിത്രം ഷെയറ് ചെയ്തതിന് നന്ദി. ഈ ഓട്ടോക്കാരനെ ലൊക്കേറ്റ് ചെയ്യാൻ സഹായിക്കാമോ? ഞങ്ങളുടെ മ്യൂസിയത്തിലേക്ക് ഈ സ്കോർപിയോ ഓട്ടോ വാങ്ങാൻ ആഗ്രഹിക്കുന്നു, ഒപ്പം ഒരു ഫോർവീലർ വാഹനം അദ്ദേഹത്തിന് നൽകാനും.. ആ ട്വീറ്റ് ആനന്ദ് മഹീന്ദ്രയുടേതായിരുന്നു, മഹീന്ദ്ര ആന്റ് മഹീന്ദ്ര-യുടെ ഉടമ 17,000 കോടി ആസ്തിയുള്ള ആനന്ദ് മഹീന്ദ്ര.
കുറച്ച് ദിവസത്തിന് ശേഷം അദ്ദേഹം അടുത്ത പോസ്റ്റിട്ടു ഒപ്പം ഒരു ചിത്രവും.. ഓട്ടോക്കാരൻ സുനിൽ, മഹീന്ദ്ര നൽകിയ പുതിയ ഫോർവീലർ ട്രക്കിനൊപ്പം നിൽക്കുന്നു. ഒപ്പം ഈ കുറിപ്പും – ഇതാണ് സുനിൽ! ത്രീവീലർ സ്ക്കോർപ്പിയോയുടെ അഭിമാനിയായ ഉടമ. ഇപ്പോൾ ഒരു ഫോർ വീലർ ട്രക്കിന്റെ ഹാപ്പി ഓണറും. ട്വിറ്ററാത്തികൾക്ക് നന്ദി! അതാണ് ആനന്ദ് മഹീന്ദ്ര.
ഒരിക്കൽ വാട്ട്സ്ആപ്പിൽ ആനന്ദ് മഹീന്ദ്ര ഒരു ചിത്രം കണ്ടു, റോഡ് സൈഡിൽ ഒരു ചെരുപ്പ് കുത്തി ഇരിക്കുന്നു, ഹരിയാനയിലെ ഏതോ കുഗ്രാമത്തിലുള്ള ആ ചെരുപ്പുകുത്തി സ്വയം വിശേഷിപ്പിച്ച് എഴുതി വെച്ചിരിക്കുന്ന ഒരു ബോർഡും ഫോട്ടോയിൽ കാണാം, അതിങ്ങനെയാണ്! പരിക്കേറ്റ ഷൂ-വിന്റെ ഡോക്ടർ . ഈ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ച് അദ്ദേഹം എഴുതി, ഇന്നേവരെ ഒരു ചെരുപ്പ് കുത്തിയും പരിക്കേറ്റ ഷൂവിന്റെ ഡോക്ടർ എന്ന് സ്വയം വിളിക്കാനുളള ധൈര്യം കാണിച്ചിട്ടില്ല. തന്റെ ടീം അംഗങ്ങളോട് ഈ മുറിവേറ്റ ഷൂവിന്റെ ഡോക്ടറെ കണ്ടെത്താൻ നിർദ്ദേശിച്ചു. ദിവസങ്ങൾക്കുള്ളിൽ മനോഹരവും മാന്യവുമായ ഒരു കിയോസ്ക്ക്, ആ മനുഷ്യന്, ആനന്ദ് മഹീന്ദ്ര നിർമ്മിച്ചു നൽകി. ആ കടയ്ക്ക് പേരും ആനന്ദ് മഹീന്ദ്ര തന്നെ നിർദ്ദേശിച്ചു, മുറിവേറ്റ ഷൂവിന്റെ ഹോസ്പിറ്റൽ! എത്ര സൂക്ഷ്മമായാണ് അദ്ദേഹം നിസ്വരായ ജീവിതങ്ങളെ തേടിപിടിക്കുന്നത്. എത്ര അത്മാർത്ഥമായാണ് ആ ജീവിതങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത്. പരുക്ക് പറ്റിയ ഷൂവിന്റെ ഡോക്ടർ എന്ന ആ ഒരൊറ്റ വാക്യം കണ്ട ആനന്ദ് മഹീന്ദ്ര മറ്റൊന്ന് കൂടി കുറിച്ചു, വ്യത്യസ്തമായി സ്വയം ബ്രാന്ഡ് ചെയ്ത് ക്യാപ്ഷനിട്ട ഈ ചെരുപ്പുകുത്തിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ മാർക്കറ്റിംഗിന് ക്ലാസ് എടുക്കേണ്ടത്.
മറ്റൊരു സംഭവം പറയാം 2015-ലാണ്. മംഗലാപുരത്തുള്ള ശിൽപ, അവർക്ക് 34 വയസ്സാണ്. ഭർത്താവില്ല, കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ നന്നേ ബുദ്ധിമുട്ടി. സാമ്പത്തിക പ്രതിസന്ധിയിലായി. അവർ അതുവരെയുളള സമ്പാദ്യമെല്ലാം സ്വരുക്കൂട്ടി എങ്ങനെയോ ഒരു ലക്ഷം രൂപ കുട്ടിയുടെ പഠനത്തിനായി സൂക്ഷിച്ച് വെച്ചിരുന്നു. ജീവിക്കാൻ നിവർത്തിയില്ലാത്ത അവസ്ഥയിൽ ആ പണം എടുക്കാൻ അവർ നിർബന്ധിതയായി. ആ പണം ഉപയോഗിച്ച് അവർ ഒരു മഹീന്ദ്ര ബോലെറോ പിക് അപ് ട്രക് വാങ്ങി (Mahindra Bolero pick-up truck) അത് ഒരു ഫുഡ് ട്രക്ക് ആക്കി, ഭക്ഷണം വിൽക്കാനിറങ്ങി. ആരോ ഒരാൾ ശിൽപ്പയുടെ കഥയും മഹീന്ദ്ര ബോലെറോയും ഭക്ഷണത്തിന്റെ സ്വാദും വിവിരിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടു.
ആനന്ദിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- മറ്റൊരു ഔട്ട് ലെറ്റ് തുടങ്ങി ഫുഡ് സംരംഭം വിപുലീകരിക്കാൻ ഈ ധീരയായ വനിതയ്ക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ ഫണ്ട് ചെയ്യും. ആരെങ്കിലും അവരെ ലൊക്കേറ്റ് ചെയ്ത് ഈ സന്ദേശം നേരിട്ട് അറിയിക്കുമോ?
തൊട്ടടുത്ത ദിവസം ആനന്ദ് മഹീന്ദ്ര അവരെ ലൊക്കേറ്റ് ചെയ്യുന്നു, പിന്നെ നടന്നത് ആ യുവതിക്ക് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് ബോധ്യമാകാത്ത സംഭവവും. അവരുടെ ഫുഡ് ട്രക്ക് സംരംഭത്തിൽ ആനന്ദ് മഹീന്ദ്ര നിക്ഷേപകനായി, ബിസിനസ് വിപുലീകരിക്കാൻ മറ്റൊരു ബോലെറോ നൽകി. എന്നിട്ട് മഹീന്ദ്രയുടെ ഉടയോൻ ഇങ്ങനെ ട്വീറ്റ് ചെയ്തു. ജീവിതത്തെ ഒറ്റയ്ക്ക് സധൈര്യം നേരിടുന്ന ശിൽപമാരെയാണ് നാടിന് ആവശ്യം, അവർക്ക് ചാരിറ്റിയല്ല, അവർ നടത്തുന്ന സംരംഭത്തിന് കൈത്താങ്ങാണ് വേണ്ടത്.
ഒന്നു കഥ കൂടി, വർഷം 2019- ആനന്ദ് മഹിന്ദ്ര പതിവുപോലെ ട്വിറ്ററിൽ ഒരു വീഡിയെ ഷെയറ് ചെയ്തു. തമിഴ്നാട്ടിലെ വടിവേലംപാളയത്ത് ഇഡ്ഡലി വിൽക്കുന്ന 80 വയ്സ്സുള്ള കാമലതാൾ എന്ന ഇഡ്ഡലി അമ്മ! 1 രൂപയ്ക്ക് ഇഡ്ഡലിയും നല്ല ചട്ണിയും സാമ്പാറും കൊണ്ട് ആളുകളുടെ പശിയടക്കുന്ന ഒരു ദേവത!.
കോവിഡ് കാലമാണ്. ലോക്ഡൗണാണ്. ആ സമയത്തും നൂറുകണക്കിനാളുകൾക്ക് അവർ 1 രൂപയ്ക് ഭക്ഷണം നൽകി. ആനന്ദ് മഹീന്ദ്രയെ സ്പർശിച്ചത്, 80-ാം വയസ്സിലും വിറക് അടുപ്പിൽ അത്യധ്വാനം ചെയ്ത്, കേവലം 1 രൂപയ്കക് ഇത്ര സ്വാദിഷ്ടമായ ഭക്ഷണം നൽകാൻ കഴിയുന്ന ആ നന്മയുള്ള അമ്മയുടെ മനസ്സാണ്. അത് കണ്ട ഉടനെ ആനന്ദ് മഹീന്ദ്ര കുറിച്ചു-
കാമലതാൾ എന്ന ഈ ഇഡ്ഡലി അമ്മ വിറക് അടുപ്പാണ് ഉപയോഗിക്കുന്നത്. ആർക്കെങ്കിലും ഇവരെ അറിയാമെങ്കിൽ ദയവ് ചെയ്ത് പറയൂ, എനിക്ക് ഇവരുടെ ഈ സംരംഭത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ട്. മാത്രമല്ല, എത്രയും വേഗം ഒരു LPG stove വാങ്ങി നൽകാനും. ദിവസങ്ങൾക്കുള്ളിൽ ഇഡ്ഡലി അമ്മയുടെ കട വിപുലീകരിച്ചു, ഗ്യാസ് അടുപ്പും മറ്റ് സൗകര്യങ്ങളുമായി. ആ അമ്മ മാന്യമായ സാഹചര്യത്തിലേക്ക് അവരറിയാതെ തന്നെ മാറുന്നു. ഇത്രയും ചെയ്തശേഷം, ഇഡ്ഡലി അമ്മയുടെ പുതിയ സംരംഭക ഫോട്ടോ ഷെയറ് ചെയ്ത് ആനന്ദ് മഹീന്ദ്ര കുറിച്ചു-
“ പ്രചോദനാത്മകമായ ചില ജീവിത കഥയിൽ അപൂർവ്വമായി മാത്രമേ മറ്റൊരാൾക്ക് ഒരു ചെറിയ റോള് ലഭിക്കൂ, ഇഡ്ഡലി അമ്മ എന്നറിയപ്പെടുന്ന കാമലതാളിന് ഞാൻ നന്ദി പറയുന്നു.അവരുടെ ജീവിത കഥയിൽ ഒരു ചെറിയ പങ്ക് വഹിക്കാൻ എന്നെ അനുവദിച്ചതിന്.. ഇഡ്ഡലി അമ്മയ്ക്ക് താമസിയാതെ സ്വന്തം വീടും അതിനോട് ചേർന്ന് ജോലിസ്ഥലവും ഉണ്ടാകും, അവിടെ നിന്ന് അവർ ജോലിചെയ്യുകയും ഇഡ്ഡലി വിൽക്കുകയും ചെയ്യും.
2022- കാമലതാൾ എന്ന 80 വയസ്സുള്ള ആ സംരംഭകയ്ക്ക് മഹീന്ദ്ര ഗ്രൂപ്പ് പറഞ്ഞത് പോലെ നല്ല വീടും അതിനോട് ചേർന്ന് ഇഡ്ഡലിക്കടയും അതിനുള്ള കിച്ചണും നിർമ്മിച്ച് നൽകി. ആ വർഷത്തെ മാതൃദിനത്തിൽ ആ ഭവനത്തിൽ അവർ കയറി.
നേരത്തെ ഞാൻ പറഞ്ഞ അക്കൗണ്ടിൽ കിടക്കുന്ന പണമില്ല? തനിക്ക് വിലയുണ്ടെന്ന് പണത്തിന് സ്വയം തോന്നിയ നിമിഷമായിരിക്കണം ഇതൊക്കെ!
ആനന്ദിന്റെ ട്വിറ്റർ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ താരമാണ് എപ്പോഴും. ഒരിക്കൽ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ഒരാൾ കമന്റിട്ടു, രാജ്യത്തെ ധനികരിൽ 73-ആം സ്ഥാനത്താണ് നിങ്ങൾ. ഏക് കബ് ആയേംഗേ? ഒന്നാമത് എപ്പോ എത്തുമെന്ന്? ഉടൻ മറുപടി വന്നു. ഞാൻ ഒരിക്കലും സമ്പന്നരുടെ ലിസ്റ്റിൽ ഒന്നാമതാകില്ല, കാരണം സമ്പന്നരിൽ ഒന്നാമതാകുകയല്ല എന്റെ ലക്ഷ്യം, അതല്ല എന്റെ ആഗ്രഹം.
ചിന്തകളിലെ വ്യക്തതകൊണ്ട് താങ്കൾ സമ്പന്നരിൽ ഒന്നാമനാണ്, മനു ഷ്യത്ത്വം കൊണ്ട് താങ്കൾ സമ്പന്നരിൽ ഒന്നാമനാണ്, മനുഷ്യരെ മനസ്സിലാക്കുന്നതിൽ നമ്പർ വൺ ആണ്. എളിമകൊണ്ട് സമ്പന്നരിൽ ഒന്നാമനാണ്. നൂറുകണക്കിന് കമന്റുകൾ ഇങ്ങനെ നിറഞ്ഞു.
അസാധാരണ വ്യക്തിത്വങ്ങളുടെ മഹത്തായ ജീവിതത്തിൽ ചിലപ്പോൾ നമുക്ക് വളരെ എളിയ രീതിയിൽ ചേർന്ന് നിൽക്കാൻ കാലം അവസരം തരും, ഒരു തരം അനുഗ്രഹം പോലെ.. ആ അനുഗ്രഹം ആവോളം കിട്ടിയിട്ടുള്ള മനുഷ്യനാണ് ആനന്ദ് മഹീന്ദ്ര. അദ്ദേഹം ധനികരിൽ ഒന്നാമനാകുന്നത്, മറ്റ് ധനികർക്കില്ലാത്ത ആ മനസ്സുകൊണ്ടാണ്. എത്ര ആഡംബരത്തിൽ ആറാടിയാലും അളവറ്റ ധനം അലമാരയിലിരുന്നാലും അന്ത്യ കാലത്തെ ആശ്രയം അലിവുള്ള മനസ്സും അനുകമ്പയുമാണെന്ന തിരിച്ചറിവാണ് ആനന്ദ് മഹീന്ദ്രയെപ്പോലുള്ള ധനികരെ പച്ചയായ മനുഷ്യരാക്കുന്നത്.
ഊട്ടിയിലെ ലവ്ഡെയിൽ ലോറൻസ് സ്ക്കൂളിലായിരുന്നു ആനന്ദിന്റെ വിദ്യാഭ്യാസം. പിന്നെ ഹാർഡ് വാർഡിൽ ഫിലിം മേക്കിംഗ് പഠിക്കാൻ പോയി. ആ കലാപരമായ വാസന ഉള്ളത്കൊണ്ടാകണം, വളരെ ഫലപ്രദമായി വീഡിയോകളും ഇമേജുകളും വഴി അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കാനാകുന്നത്. കാൽപ്പനികത മനസ്സിലുള്ളതുകൊണ്ടാകാം ചിലപ്പോഴുള്ള അദ്ദേഹത്തിന്റെ ട്വീറ്റുകൾ അങ്ങേയറ്റം ഫലിതം നിറഞ്ഞതാകുന്നതും.
ആനന്ദ് മഹീന്ദ്രയുടെ ആ ക്രിയേറ്റീവ് സ്പേയ്സിലാണ് ഥാർ പിറക്കുന്നത്. രാംകൃപാ ആനന്ദൻ എന്ന വനിതാ ഡിസൈനറിലേക്ക് മഹീന്ദ്ര ഥാറിന്റെ സങ്കൽപ്പങ്ങൾ ചൊരിഞ്ഞത് ആനന്ദ് മഹീന്ദ്രയാണ്. ഇന്ത്യൻ യുവത്വത്തിന്റെ ഓഫ് റോഡ് സാഹസികതയ്ക്ക് മഹീന്ദ്ര ഥാർ അവസാന വാക്കായി മാറുന്നു. ഒന്നേ കാൽ ലക്ഷം യൂണിറ്റ് ഥാറുകളാണ് മൂന്ന്-മൂന്നര വർഷം കൊണ്ട് രാജ്യത്ത് വിറ്റത്. തകർത്തുപെയ്യുന്ന മഴയിൽ വളഞ്ഞിറങ്ങുന്ന ചുരത്തിലൂടെ താളം പിടിച്ച് കാറ്റിനെ തഴുകി താഴേക്ക് വരുന്ന താർ, ഏതൊരു യൗവനത്തിന്റേയും സ്വപ്നമല്ലേ?
22 വ്യത്യസ്തതരം ബിസിനസ്സുകളാണ് ആനന്ദ് മഹീന്ദ്ര എന്ന ബിസിനസ്സുകാരന്റെ തലയിൽ. സ്വന്തം ആസ്തി 17,000 കോടി. ബ്രാൻഡിന്റെ മൂല്യം ഒരു ലക്ഷത്തി അറുപത്തിയേഴായിരം കോടിയും! ലക്ഷം കോടി കണക്കുകളുടെ മുകളിൽ അഹങ്കാരത്തിന്റെ കസേരയിട്ട് അർമാദിക്കുന്നവരുടെ മാത്രം സമൂഹമല്ലിത്. രത്തൻ ടാറ്റയെപ്പോലെ, അസിംപ്രേജിയെപ്പോലെ, ആനന്ദ് മഹീന്ദ്രയെപ്പോലെ സമൂഹത്തിന് പ്രതീക്ഷിക്കാൻ കനിവിന്റെ ചെറിയ തുരുത്തുകൾ ഉള്ളത്കൊണ്ടാകാം, ഭൂമി നിലനിൽക്കുന്നത് തന്നെ!
ആധുനികമായ കൊട്ടാരമാളികകൾ മുംബൈയിലും ദുബായിലും യുകെയിലും വാങ്ങിക്കൂട്ടുന്ന സമ്പന്നരുടെ ഇടയിൽ, ഒരു പഴയ വീട് വാങ്ങി ഒരുപാട് മോഡി കൂട്ടാതെ അതിൽ കഴിയുകയാണ് ആനന്ദ് മഹീന്ദ്ര. നല്ല വിലകൊടുത്ത് അത് വാങ്ങാൻ കാരണം സെന്റിമെൻസും! അത് ആനന്ദിന്റെ മുത്തച്ഛൻ കെസി മഹീന്ദ്ര താമസിച്ചിരുന്ന വീടായിരുന്നു.
ആനന്ദ് മഹീന്ദ്ര ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ബ്രാൻഡിന്റെ തന്നെ വാഹനങ്ങളാണ്. Mahindra Scorpio, Mahindra Alturas G4,Mahindra Scorpio Classic, Mahindra TUV300, Mahindra XUV700, പിന്നെ മഹീന്ദ്ര ഥാറും
ട്വിറ്ററാണ് ആനന്ദ് മഹീന്ദ്രയുടെ കളിസ്ഥലം. മൾട്ടി ബില്യൻ ഡോളർ ബിസിനസ്സിന്റെ ചുക്കാൻ പിടിക്കുന്ന ഒരു 67-കാരൻ! അദ്ദേഹത്തിന് ട്വിറ്ററിൽ തന്റെ സമയം ചെലവഴിക്കാൻ കഴിയുമോ? അതും അദ്ദേഹത്തിന്റെ പേരക്കുട്ടികളുടെ പ്രായമുള്ള ജനറേഷൻ വിളയാടുന്നിടത്ത്. പക്ഷെ ലോകത്ത് സോഷ്യൽ മീഡിയയിലെ ഏറ്റവും ആരാധ്യനായ ഇൻഫ്ലുവൻസർമാരിൽ മൂന്നാമനാണ് ആനന്ദ് മഹീന്ദ്ര. മനസ്സ് യംഗായിരിക്കുന്നതിന്റെ ഗുണം! വെറുതെ ട്വിറ്ററിൽ കമന്റ് വായിച്ച് പോവുകയോ, ഒളിച്ചിരുന്ന് ഫീഡുകൾ കാണുകയോ അല്ല. നിരന്തരം ഇന്ത്യയുടെ വൈവിധ്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങാനും ഒരാൾക്ക് സാധ്യമായതെല്ലാം ചെയ്യാനും സോഷ്യൽമീഡിയയെ ഉപയോഗിക്കുന്ന ആനന്ദ് മഹീന്ദ്ര! ഇന്ത്യയിൽ ട്വിറ്ററിനെ അതായത് ഇപ്പോഴത്തെ എക്സിനെ ഇത്രമേൽ ജനകീയ ആയുധമാക്കി, സോഷ്യൽ എഞ്ചിനീയറിംഗിന് സമർത്ഥമായി ഉപയോഗിക്കുന്ന മറ്റൊരാൾ ഉണ്ടോ എന്ന് സംശയം.
ടോക്കിയോ ഒളിംപിക്സിൽ സ്വർണ്ണമണിഞ്ഞ നീരജ് ചോപ്രയ്ക്ക് XUV700, ടോക്കിയോ പാരാലിംബിക്സിൽ സ്വർണ്ണ ജേതാവായ സുമിത് അൻടിലിന് പേഴ്സണലൈസ്ഡ് Mahindra XUV700. ഇന്ത്യ-ഓസ്ട്രേലി ടെസ്റ്റ് പരമ്പരയായ ബോർഡർ-ഗവാസ്ക്കർ മത്സരത്തിൽ തിളങ്ങിയ ശുഭാം ഗിൽ, മുഹമ്മദ് സിറാജ്, നടരാജൻ തുടങ്ങിയവർക്ക് മഹീന്ദ്ര ഥാർ. ഇങ്ങനെ രാജ്യത്തിനായി അന്താരാഷ്ട്രവേദികളിൽ മിന്നും പ്രടകനം കാഴ്ചവെക്കുന്ന താരങ്ങൾക്കുള്ള പ്രോത്സാഹനം ആനന്ദ് മഹീന്ദ്ര വെറും കൈയ്യടിയിൽ ഒതുക്കില്ല.
രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1.5 ലക്ഷത്തിലധികം പെൺകുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുന്ന നൻഹീ കലി (Nanhi Kali ) എന്ന പദ്ധതിക്കും വിവധ സംസ്ഥാനങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്ന 30 ലക്ഷം പേർക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്കും ആനന്ദ് മഹീന്ദ്ര തന്റെ വ്യക്തിപരമായ സമ്പാദ്യം ചിലവഴിക്കുന്നു.
1940-കളിൽ തുടങ്ങിയതാണ് മഹീന്ദ്ര എന്ന ബ്രാൻിന്റെ സംരംഭക യാത്ര! അതിലെ മൂന്നാം തലമുറക്കാരനാണ് ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്റെ മുത്തച്ഛന്റെ കാലത്ത്. അതായത് 1945-ൽ മഹീന്ദ്ര ആന്റ് മുഹമ്മദ് എന്നായിരുന്നു പേര്. കൈലാഷ് ചന്ദ്ര മഹീന്ദ്ര (Kailash Chandra Mahindra), ജഗദീഷ് ചന്ദ്ര മഹീന്ദ്ര ( Jagdish Chandra Mahindra) എന്നീ സഹോദരന്മാരും അവരുടെ സുഹൃത്ത് മാലിക് ഗുലാം മുഹമ്മദും (Malik Ghulam Muhammad) ചേർന്നാണ് മഹീന്ദ്ര ആന്റ് മുഹമ്മദ് തുടങ്ങിയത്. സ്വാതന്ത്ര്യാനന്തരം മാലിക് മുഹമ്മദ്, വ്യവസായം തുടങ്ങാൻ ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയി. അങ്ങനെ മഹീന്ദ്ര ആന്റ് മഹീന്ദ്രയായി.
ഇന്ത്യയിലെ ആദ്യ ഓഫ് റോഡ് വെഹിക്കിൾ നിർമ്മിക്കുന്നത് മഹീന്ദ്രയാണ്. ഇന്ത്യക്കാരനായ ഒരാൾക്കും മറക്കാനാകാത്ത വില്ലീസ് ജീപ്പ് (Willys). 1949-ൽ ഇന്ത്യയിൽ വില്ലീസ് നിർമ്മിച്ച് വിൽപ്പന തുടങ്ങിയത് മഹീന്ദ്രയാണ്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാർ കമ്പനിയായ REVA മഹീന്ദ്ര സ്വന്തമാക്കി. പിന്നീടത് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാഗമായി. ഇനി മറ്റൊന്ന്, വാഹനപ്രേമികളുടെ സ്വപ്നമായ ഫെരാരിയും മറ്റ് സ്പോർട്സ് കാറുകളും ഡിസൈൻ ചെയ്യുന്ന ഇറ്റാലിയൻ ഓട്ടോമോട്ടീവ് ബ്രാൻഡ് പിനിനൻഫറീന-യുടെ (Pininfarina) ഓണർ ഇപ്പോൾ മഹീന്ദ്ര ആന്റ് മഹീന്ദ്രയാണ്.
ഇന്ത്യൻ റോഡുകളിൽ ഒരുകാലത്ത് കിംഗ് ആയിരുന്ന സ്കോർപ്പിയോ, മഹീന്ദ്രയുടെ ഇന്റേണൽ ടീം തന്നെ ഡിസൈൻ ചെയ്ത് ഡെവലപ് ചെയ്തതാണ്.
വില്ലീസ് ജീപ്പിന്റെ നിർമ്മാണ ഗുണം, മഹീന്ദ്രയെ മിലിറ്ററി വാഹനങ്ങളുടെ നിർമ്മാണത്തിലെത്തിച്ചു. ഇന്ത്യയ്ക്കുവേണ്ടിയും വിദേശ രാജ്യങ്ങൾക്ക് വേണ്ടിയും കരുത്തുറ്റ സൈനിക വാഹനങ്ങൾ മഹീന്ദ്രയുടെ നിർമ്മിതിയാണ്. ഇനി ലോകത്തെ ഏറ്റവും അധികം വിൽക്കപ്പെടുന്ന ട്രാക്റ്റർ ആരുടെയാണ്. അതും മഹീന്ദ്രയുടെ തന്നെ!. 1963-ലാണ് ആദ്യ ട്രാക്റ്റർ നിർമ്മിക്കുന്നത്. ഇന്ന് പ്രതിവർഷം ഒന്നര ലക്ഷം ട്രാക്റ്ററുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു.
ഇന്ത്യൻ കാപിറ്റലിസത്തിന്റെ മുഖമായാണ് The Economist ആനന്ദ് മഹീന്ദ്രയെ വിശേഷിപ്പിക്കുന്നത്. എൻട്രപ്രണർ ഓഫ് ദ ഇയറായി 2013-ൽ ഈ വ്യവസായിയെ ഫോർബ്സ് മാഗസിൻ കണ്ടെത്തി. ഫൊർച്യൂൺ മാസികയുടെ ലോകത്തെ 50 മികച്ച നേതാക്കൾ ലിസ്റ്റിലും അദ്ദേഹമുണ്ട്. 2020-ൽ പദ്ഭൂഷണും നേടി. ഇതുകൂടാതെ രാജ്യത്തിനകത്തും വിദേശത്തും നിന്നുമായി 100-ഓളം അംഗീകാരങ്ങളും. ഇതിനെല്ലാം ഉപരിയായി ആനന്ദ് മഹീന്ദ്രയെ അറിയപ്പെടുന്നത് ലോകത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുസർമാരിൽ ആദ്യ മൂന്നാം സ്ഥാനക്കാരൻ എന്ന നിലയിലാണ്. ഒരു കോടിയിലധികം ആളുകളാണ് ലോകമാകമാനം ആനന്ദ് മഹീന്ദ്രയെ എക്സിൽ പിന്തുടരുന്നത്.
Anand Gopal Mahindra (born 1 May 1955) is an Indian billionaire businessman, and the chairman of Mahindra Group, a Mumbai-based business conglomerate. The group operates in aerospace, agribusiness, aftermarket, automotive, components, construction equipment, defence, energy, farm equipment, finance and insurance, industrial equipment, information technology, leisure and hospitality, logistics, real estate and retail. As of 2023, his net worth according to Forbes was estimated to be $2.1 billion.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.