ഫ്ളൈറ്റ് യാത്രക്കാർക്കായി ഇതാ ഒരു സന്തോഷ വാർത്ത. ബംഗളുരു നഗരത്തിന് രണ്ടാമതൊരു വിമാനത്താവളം കൂടി വരാൻ പോകുന്നു. ബംഗളൂരുവിൽ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ആണ് കർണാടക സർക്കാർ നിർമ്മിക്കാൻ ഒരുങ്ങുന്നത്. കർണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. ടെക് സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരുവിൽ പുതിയ വിമാനത്താവളത്തിൻ്റെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ പാട്ടീൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.
ബംഗളൂരു പോലുള്ള അതിവേഗം വളരുന്ന സിറ്റിയിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ വിമാനത്താവളം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഡൽഹിക്കും മുംബൈയ്ക്കും ശേഷം രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വർഷം 37.5 ദശലക്ഷം യാത്രക്കാരെയും 4 ലക്ഷം ടണ്ണിലധികം ചരക്കുകളും ആണ് ഈ വിമാനത്താവളം കൈകാര്യം ചെയ്തത് എന്നും മന്ത്രി വെളിപ്പെടുത്തി. ഇത്രയും തിരക്കുകൾ ഉണ്ട് എന്നത് രണ്ടാമത്തെ വിമാനത്താവളത്തിൻ്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നു എന്നും മന്ത്രി എംബി പാട്ടീൽ കൂട്ടിച്ചേർത്തു.
ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ സിഇഒ ആയിരുന്ന ഹരി മാരാർ മുൻപ് ബെംഗളൂരുവിൽ രണ്ടാമതൊരു വിമാനത്താവളം കൂടി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അടുത്ത ദശകത്തിൽ പ്രതിവർഷം 92 ദശലക്ഷം യാത്രക്കാർ ഈ വിമാനത്താവളത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മറ്റൊരു വിമാനത്താവളം ആവശ്യമാണെന്നും ആയിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
എന്നാൽ ബാംഗ്ലൂർ പോലെ ഒരു സിറ്റിയിൽ പുതിയ വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ വെല്ലുവിളിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2008-ലാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിച്ചുതുടങ്ങിയത്. തുമകൂരു റോഡിലാകും രണ്ടാം വിമാനത്താവളം വരുകയെന്നാണ് സൂചന.
2022 നവംബറിൽ ആണ് ബാംഗ്ലൂർ വിമാനത്താവളത്തിൽ രണ്ടാമത്തെ ടെർമിനൽ ആരംഭിച്ചത്. അന്താരാഷ്ട്ര സർവീസുകൾ ആണ് രണ്ടാം ടെർമിനൽ കൈകാര്യം ചെയ്യുന്നത്. ഇതിനിടയിൽ പതിനാറുവർഷം പഴക്കമുള്ള ഒന്നാം ടെർമിനലും നവീകരിക്കുകയാണ്. ഓഗസ്റ്റിൽ നവീകരണ ജോലി തുടങ്ങാനാണ് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ.) ലക്ഷ്യമിടുന്നത്. ബാഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനം, ചെക്ക് ഇൻ സൗകര്യം, പുറപ്പെടൽ ലോഞ്ച് എന്നിവയെല്ലാം നവീകരിക്കും.യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഘട്ടംഘട്ടമായിട്ടാകും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 2026-ഓടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യം.
Great news for travelers! Bangalore is set to get a second airport. The Karnataka government plans a new international airport to cater to the growing passenger demand. Learn more about this exciting development.