രാജ്യത്താദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ വിഴിഞ്ഞത്തു വരാൻ ഒരുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം (VTMS) എന്ന സോഫ്ട്വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ ആണ് വിഴിഞ്ഞത്ത് വരുന്നത്. മദ്രാസ് ഐഐടിയിലെ ഗവേഷകരാണ് ഇതിനായുള്ള സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്.
വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളുടെ മാതൃകയിലാണ് വിഴിഞ്ഞം തുറമുഖത്ത് അത്യാധുനിക നാവിഗേഷൻ സെന്റർ വരുന്നത്. വിദേശനിർമിത ഉപകരണങ്ങളുടെയും സോഫ്റ്റ്വേറുകളുടെയും സഹായത്തോടെയാണ് രാജ്യത്തെ മറ്റെല്ലാ വലിയ തുറമുഖങ്ങളിലും നാവിഗേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
നാവിഗേഷൻ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത് അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെ കടന്നുപോകുന്ന മുഴുവൻ യാനങ്ങളുടെയും വിവരങ്ങളും യാത്രാപാതയും ഈ വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം വഴി മനസ്സിലാക്കാൻ കഴിയും എന്നതാണ്. കപ്പലുകളിൽനിന്ന് സിഗ്നലുകൾ സ്വീകരിച്ച് കപ്പലുകളുടെ യാത്രയും ദിശയും നിയന്ത്രിക്കാനും നാവിഗേഷൻ കേന്ദ്രങ്ങൾക്ക് കഴിയും. ഈ സംവിധാനത്തിലൂടെ കടലിലെ കാലാവസ്ഥാമാറ്റങ്ങളും മനസ്സിലാക്കാനാകും. അന്താരാഷ്ട്ര കപ്പലുകൾക്കുള്ള ആധുനിക വഴികാട്ടി കൂടിയാകും ഈ നാവിഗേഷൻ സെന്റർ. കടൽയാത്രയുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തരസാഹചര്യങ്ങൾ നേരടാനുള്ള മുൻകരുതൽ നൽകാനുമുള്ള നിർദേശങ്ങളും ഈ നാവിഗേഷൻ സെന്ററുകൾ നൽകും. അത്യാധുനിക സെൻസറുകളും റഡാറുകളും എ.ഐ.എസും (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം) ഇതിന്റെ ഭാഗമാണ്.
തുറമുഖത്തിലെ പുലിമുട്ടിന്റെ ഭാഗത്ത് കരയിൽനിന്ന് 1.6 കിലോമീറ്റർ അകലെയാണ് ഇതിനായുള്ള ടവർ നിർമിക്കുന്നത്. കരയിലുള്ള പോർട്ട് ഓഫീസ് മന്ദിരത്തിലാണ് നാവിഗേഷന്റെ കൺട്രോൾ റൂം. മദ്രാസ് ഐഐടിയാണ് ഏറെ കാലത്തെ ഗവേഷണങ്ങളിലൂടെ ഇത്തരം ഒരു സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. അന്താരാഷ്ട്ര കപ്പൽച്ചാലിനോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്നുവെന്ന പ്രത്യേകതയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്.
യൂറോപ്പ്, ഗൾഫ്, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലേക്കുള്ള പ്രധാന കപ്പൽപ്പാതയാണ് ഇതുവഴി കടന്നുപോകുന്നത്. ഈസ്റ്റ് വെസ്റ്റ് കപ്പൽപ്പാതയെന്നറിയപ്പെടുന്ന ഈ പാതയുടെ 10 നോട്ടിക്കൽ മൈൽ സമീപത്താണ് വിഴിഞ്ഞം തുറമുഖം. ഇക്കാരണങ്ങളാൽ വിഴിഞ്ഞത്തെ അത്യാധുനിക നാവിഗേഷൻ സെന്റർ വിവിധ ഏജൻസികൾക്ക് തന്ത്രപ്രധാനമായ ഒന്ന് തന്നെയാണ്.
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്തിന് ഇതോടെ കൂടുതൽ പ്രാധാന്യം കൈവരും. ഇതോടെ ഇന്ത്യയിലെ മറ്റു തുറമുഖങ്ങളിലും മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത വിടിഎംഎസ് തദ്ദേശീയ സോഫ്റ്റ് വെറുകൾ ഉപയോഗിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
India’s first port navigation center powered by indigenous software, developed by IIT Madras, is set to launch at Vizhinjam. Learn about its advanced Vessel Traffic Monitoring System (VTMS) and strategic importance.