ബാഹുബലി ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള സൂപ്പർ നായിക ആണ് അനുഷ്ക ഷെട്ടി. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിലൂടെ തനിക്ക് ബാധിച്ച ഒരു അപൂർവ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. സ്യൂഡോബള്ബര് അഫക്ട് എന്ന രോഗമാണ് തനിക്കെന്ന് അനുഷ്ക തുറന്നു പറയുന്നു. “എനിക്ക് ചിരിക്കുന്ന രോഗമുണ്ട്. ചിരിക്കുന്നത് ഒരു പ്രശ്നമാണോ? എന്ന് നിങ്ങൾ ആലോചിക്കും, എന്തന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയാണ്. ഞാൻ ചിരിക്കാൻ തുടങ്ങിയാൽ, എനിക്ക് 15 മുതൽ 20 മിനിറ്റ് വരെ നിർത്താൻ കഴിയില്ല. കോമഡി രംഗങ്ങൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ, ഞാൻ അക്ഷരാർത്ഥത്തിൽ ചിരിച്ചുകൊണ്ട് തറയിൽ ഇരുന്നു പോയിട്ടുണ്ട്. ഷൂട്ട് പോലും പലതവണ നിർത്തിവച്ചു” എന്നാണ് അനുഷ്ക പറഞ്ഞത്. 42 ആം വയസിൽ അനുഷ്കയെ ബാധിച്ച രോഗം എന്താണെന്നു നോക്കാം.
എന്താണ് ഈ രോഗം?
മുംബൈയിലെ പവായിയിലെ ഹിരാനന്ദാനി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ സച്ചിൻ അഡുകിയ പറയുന്നതനുസരിച്ച്, സ്യൂഡോബുൾബാർ അഫക്റ്റ് (പിബിഎ) എന്നറിയപ്പെടുന്ന ചിരിക്കുന്ന രോഗം, സ്യൂഡോബൾബാർ പാൾസി എന്ന വലിയ ന്യൂറോളജിക്കൽ സിൻഡ്രോമിൻ്റെ ഭാഗമാണ്. ഒരാളുടെ യഥാർത്ഥ വൈകാരികാവസ്ഥയുമായി ബന്ധമില്ലാത്ത നിമിഷങ്ങളിൽ അനിയന്ത്രിതമായി ചിരിക്കുകയോ കരയുകയോ ചെയ്യുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ് സ്യൂഡോബൾബാർ അഫക്റ്റ്. ഈ പെട്ടെന്നുള്ള ഈ മാറ്റം നാണക്കേട്, വിഷാദം, ഉത്കണ്ഠ എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് അനുഭവിക്കുന്നവർക്ക് വിവിധ സാമൂഹിക വെല്ലുവിളികൾ ഉണ്ടാകാൻ ഇത് കാരണമാകും. വൈകാരിക പ്രതികരണങ്ങൾക്ക് പുറമേ ഈ അവസ്ഥ ന്യൂറോളജിക്കൽ ലക്ഷണങ്ങളിലേക്കും മാറുന്നുണ്ട്. സംസാരത്തിലെ വൈകല്യങ്ങൾ , ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, എന്നിവ ഇതുമൂലം ഉണ്ടാകാം.
എന്താണ് അസ്വസ്ഥതയ്ക്ക് കാരണമാകുന്നത്?
തലച്ചോറിലേക്ക് സിഗ്നലുകൾ എത്തുന്ന പാതകൾ തകരാറിലാവുമ്പോൾ ഇത് സംഭവിക്കാറുണ്ട്. ക്ലീവ്ലാൻഡ് ക്ലിനിക്കിൻ്റെ അഭിപ്രായത്തിൽ, സ്ട്രോക്ക്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പാർക്കിൻസൺസ് രോഗം, ബ്രെയിൻ ട്യൂമറുകൾ, അപസ്മാരം, അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്), ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി, അൽഷിമേഴ്സ് രോഗം തുടങ്ങിയ രോഗങ്ങളോ അവസ്ഥകളോ സ്യൂഡോബൾബാർ ആഘാതത്തിന് കാരണമാകും. ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് മൂലവും ഈ അവസ്ഥ ഉണ്ടാകാം. ഒപ്പം മാനസിക കാരണങ്ങളാലും ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ ആണ് ഭ്രാന്തമായി ആളുകൾ ചിരിക്കുന്നത്.
ആരെയാണ് ബാധിക്കുന്നത്?
ഈ അവസ്ഥ പൊതുവെ പ്രായമായവരെ ആണ് ബാധിക്കുന്നത്. യുവജനങ്ങളിൽ ഇത് വളരെ അസാധാരണമാണ്. ബാരോ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അഭിപ്രായത്തിൽ, യുഎസിലെ രണ്ട് ദശലക്ഷത്തിനും ഏഴ് ദശലക്ഷത്തിനും ഇടയിൽ ആളുകൾക്ക് സ്യൂഡോബുൾബാർ അഫക്റ്റുമായി പൊരുത്തപ്പെടുന്ന ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ള മറ്റ് വൈകാരിക അല്ലെങ്കിൽ മാനസിക വൈകല്യങ്ങളുമായി ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു.
എന്താണ് ചികിത്സ?
ചിരിക്കുന്ന സമയങ്ങളിൽ ആഴത്തിലുള്ളതും വിശ്രമിക്കുന്നതും മന്ദഗതിയിലുള്ളതുമായ ശ്വസനം ആണ് ഇത് മാറാൻ സഹായിക്കുന്നത്. നിങ്ങളുടെ മനസ്സ് മറ്റൊരു വിഷയത്തിലേക്ക് തിരിച്ചുവിടുന്നതും സഹായിക്കും. തോൾ, കഴുത്ത്, നെഞ്ച് എന്നിവയ്ക്ക് ചുറ്റുമുള്ള പേശികളെ വിശ്രമിക്കുവാൻ അനുവദിക്കണം. ഇതുകൂടാതെ, സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ഈ അവസ്ഥ നിയന്ത്രിക്കുന്നതിന് നിർണായകമാണ്. പ്രൊഫഷണലുകളിൽ നിന്നുള്ള കൗൺസിലിംഗും ഈ രോഗത്തിൽ നിന്നും രക്ഷ നേടാൻ സഹായിക്കും.