റിലയൻസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്സണും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ഐക്കൺ ആണ്. നിതയുടെ വിഡിയോകളും ഫോട്ടോകളും യാത്രകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വൈറൽ ആവാറുമുണ്ട്. അടുത്തിടെ വാരണാസിയിലേക്ക് നിത അംബാനി ഒരു ആത്മീയ യാത്ര നടത്തിയിരുന്നു. നിതയുടെയും മുകേഷ് അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുവാനും മകന്റെ വിവാഹക്ഷണപത്രം ക്ഷേത്രത്തിൽ പൂജിക്കുവാനും ആയിരുന്നു ഈ യാത്ര. ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത പിങ്ക് നിറത്തിലുള്ള സാരി ധരിച്ച നിത അംബാനി, ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിൽ പങ്കെടുത്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പത്തുവർഷങ്ങൾക്കു ശേഷമാണ് നിത ഇവിടെ എത്തുന്നത്.
വാരണാസി വിഭവങ്ങൾ
വാരണാസിയിലെ താമസത്തിനിടയിൽ, നിത അംബാനി പ്രാദേശിക പാചകങ്ങളും രുചിയും ആസ്വദിക്കാൻ മറന്നില്ല. വാരണാസിയിലെ ഒരു ജനപ്രിയ തട്ടുകട സന്ദർശിച്ച നിത അവിടെ നാട്ടുകാരുമായി ഇടപഴകുകയും പ്രശസ്തമായ ഉരുളക്കിഴങ്ങ് ബജ്ജി പോലെയുള്ള വിഭവങ്ങൾ ആസ്വദിക്കുകയും ചെയ്തു. ഭർത്താവ് മുകേഷ് അംബാനിയ്ക്കും സ്ട്രീറ്റ് ഫുഡുകൾ ഇഷ്ടമാണ് എന്ന് നിത പറഞ്ഞു.
സ്വാതി സ്നാക്ക്സ്
മുകേഷ് അംബാനിയുടെ സ്ട്രീറ്റ് ഫുഡ് പ്രേമത്തെ കുറിച്ച് നിത പറഞ്ഞപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം കേൾക്കുന്ന പേരാണ് സ്വാതി സ്നാക്ക്സ് എന്ന സ്ഥാപനത്തിന്റേത്. പരമ്പരാഗത ഗുജറാത്തി വിഭവങ്ങൾക്ക് പേരുകേട്ട മുംബൈയിലെ സ്വാതി സ്നാക്സ് എന്ന ഷോപ്പ് മുകേഷ് അംബാനിയുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന സ്ഥലമാണ്. സ്വാതി സ്നാക്ക്സിന്റെ നിലവിലെ ഉടമ ആശാ ഝവേരിയുടെ അമ്മ മിനാക്ഷി 1963-ൽ സ്ഥാപിച്ച ഒരു സ്വാതി സ്നാക്സ് എന്ന ഔട്ട്ലെറ്റിൽ നിന്നും ഇന്ന് മുംബൈയിലും അഹമ്മദാബാദിലും ഉടനീളം നാല് സ്ഥാപനങ്ങൾ ആണ് ഇവർക്ക് ഉള്ളത്.
ക്യൂവിൽ നിന്ന് വരെ
സ്വാതി സ്നാക്സിലേക്കുള്ള മുകേഷ് അംബാനി പോകാറുള്ളത് സേവ് പുരി, പാനി പുരി, ദാഹി ബറ്റാറ്റ പുരി തുടങ്ങിയ പരമ്പരാഗത വിഭവങ്ങളോടുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടം കൊണ്ടാണ്. മൂന്ന് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന അംബാനി കുടുംബം ഈ ചെറിയ റെസ്റ്റോറൻ്റിൻ്റെ രുചികളിലേക്ക് എത്തുന്നതിനെ ആശാ ഝവേരി എന്ന ഉടമ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. സ്വാതി സ്നാക്സുമായി അംബാനി കുടുംബത്തിന് വളരെ ആഴത്തിലുള്ള ബന്ധം ആണുള്ളത്. മുകേഷും നിത അംബാനിയും റെസ്റ്റോറൻ്റിൽ പതിവായി സന്ദർശനം നടത്താറുണ്ട്. “മുകേഷും നിത അംബാനിയും പലപ്പോഴും ഷോപ്പിനുള്ളിലേക്ക് കയറാൻ ക്യൂവിൽ നിൽക്കുമായിരുന്നു. ഇപ്പോൾ അവർ കൂടുതലും ഭക്ഷണം പാഴ്സൽ ആയി വാങ്ങിക്കൊണ്ട് പോകുകയാണ്. അവരുടെ യൂണിഫോം ധരിച്ച ജീവനക്കാർ അംബാനി കുടുംബത്തിന് വേണ്ടി സ്നാക്ക്സുകൾ വാങ്ങാൻ വരാറുണ്ട്” എന്നാണ് ആശ പറയുന്നത്.
അംബാനിയുടെ പ്രീയ വിഭവം
ഗുണനിലവാരം, പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ, പരമ്പരാഗത പാചകരീതികൾ എന്നിവയാണ് സ്വാതി സ്നാക്സിൻ്റെ ജനപ്രീതിയ്ക്ക് കാരണം. സ്വാതി സ്നാക്ക്സിന്റെ മെനുവിൽ ‘പങ്കി’യാണ് മുകേഷ് അംബാനിയുടെ പ്രീയപ്പെട്ട വിഭവങ്ങളിൽ ഒന്ന്. ഇത് സ്വാതി സ്നാക്സിന്റെ ശ്രദ്ധേയമായ ഇനങ്ങളിലൊന്ന് കൂടിയാണ്. ഇതിന് ഏകദേശം 230 രൂപയാണ് വില. അരിമാവിൽ നിന്ന് ഉണ്ടാക്കി വാഴയിലയിൽ ആവിയിൽ വേവിച്ചെടുത്ത ഈ തനത് വിഭവം വർഷങ്ങളായി വ്യാപകമായ പ്രചാരം നേടിയിട്ടുണ്ട്.
Nita Ambani’s spiritual journey to Varanasi included a visit to the Shri Kashi Vishwanath Temple and enjoying local culinary delights. Discover the Ambani family’s deep ties to traditional cuisine and their fondness for Swati Snacks, a beloved Gujarati eatery in Mumbai.