മുത്തയ്യ മുരളീധരൻ എന്ന പേരിനപ്പുറം വിശേഷണങ്ങൾ ഏറെയാണ് ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ വിരൽത്തുമ്പിൽ വട്ടംകറക്കിയ സ്പിൻ പ്രതിഭയ്ക്ക്. ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസം എന്നറിയപ്പെടുന്ന മുത്തയ്യ ഇന്ത്യയിൽ വൻനിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. കർണാടകയിലെ ചാമരാജനഗര ജില്ലയിലെ ബദനകുപ്പെയിൽ പാനീയങ്ങളും മിഠായികളും നിർമിക്കുന്ന യൂണിറ്റ് സ്ഥാപിക്കാനാണ് മുത്തയ്യ മുരളീധരൻ ഒരുങ്ങുന്നത്. ഇതിനായി 1,400 കോടി രൂപയുടെ നിക്ഷേപം ആണ് നടത്താൻ അദ്ദേഹം ആലോചിക്കുന്നത്. ഈ യൂണിറ്റ് വരുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കർണാടകയിലെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും മുത്തയ്യ മുരളീധരൻ അവകാശപ്പെടുന്നുണ്ട്.
മുത്തയ്യ ബിവറേജസ് ആൻഡ് കൺഫെക്ഷനറീസ് എന്നായിരിക്കും ഈ കമ്പനിയുടെ പേര്. ആൽക്കഹോൾ ഇല്ലാത്ത തരം സോഫ്റ്റ് ഡ്രിങ്കുകൾ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ, 230 കോടി രൂപ മുതൽമുടക്കിലാണ് കമ്പനി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഈ നിക്ഷേപം 1,000 കോടി രൂപയായി വര്‍ധിപ്പിച്ചു. വരും വർഷങ്ങളിൽ 1,400 കോടി രൂപയായി വര്‍ധിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഈ പദ്ധതിക്കായി 46 ഏക്കർ ഭൂമി ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നും 2025 ജനുവരിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കർണാടകയിൽ വൻകിട, ഇടത്തരം വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന എംബി പാട്ടീലും പറഞ്ഞു.
അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം തന്നെ സമീപഭാവിയിൽ ധാർവാഡിൽ മറ്റൊരു യൂണിറ്റ് സ്ഥാപിക്കാൻ കൂടി മുരളീധരൻ ഉദ്ദേശിക്കുന്നതായി പാട്ടീൽ വെളിപ്പെടുത്തി. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് മുരളീധരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയതിൻ്റെ ലോക റെക്കോർഡ് സ്വന്തമാക്കിയ ക്രിക്കറ്റ് താരമാണ് മുത്തയ്യ മുരളീധരന്.
Explore Muttiah Muralitharan’s new venture in Karnataka’s industrial sector, establishing ‘Muttiah Beverages’ with an investment of over ₹250 crores. Learn about the economic impact, employment opportunities, and collaboration with Ceylon Beverage Can