അയോധ്യയിൽ രാമ ക്ഷേത്രത്തിനു പിന്നാലെ രാമ ക്ഷേത്ര മ്യൂസിയവും ഒരുങ്ങുന്നു. 1800 കോടി രൂപ ചിലവിൽ നിർമ്മിച്ച രാമക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചത്. ഇപ്പോഴിതാ അയോധ്യയിൽ ലോകോത്തര നിലവാരത്തിലുള്ള ക്ഷേത്ര മ്യൂസിയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസ് ആണ് ഈ ക്ഷേത്ര മ്യൂസിയം നിർമ്മിക്കുന്നത്. പദ്ധതിക്ക് ചൊവ്വാഴ്ചയാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. 650 കോടി രൂപ അടിസ്ഥാന സൗകര്യം, രൂപകൽപന, ഇന്റീരിയർ വർക്കുകൾ എന്നിവയ്ക്കായും 100 കോടി രൂപ സ്ഥലത്തിന്റെ വികസനത്തിനായും വകയിരുത്തിയിട്ടുണ്ട്. മൊത്തം 750 കോടി ചിലവിൽ ആണ് ഈ മ്യുസിയം ഒരുങ്ങുന്നത്.
സർക്കാരിന്റെ പൂർണ പിന്തുണയോടെ ടാറ്റ ഗ്രൂപ്പ് ആരംഭിക്കാൻ പോകുന്ന ഈ പദ്ധതിയ്ക്കായി ആവശ്യമായ സ്ഥലം 90 വർഷത്തെ പാട്ടത്തിന് ഒരു രൂപ ടോക്കൺ തുകയ്ക്ക് സംസ്ഥാന സർക്കാർ തന്നെ ടാറ്റ ഗ്രൂപ്പിന് നൽകും. സരയൂ നദിക്ക് സമീപമുള്ള ഗ്രാമമായ മജ്ഹ ജംതാരയിലെ ടൂറിസം വകുപ്പിന്റെ സ്ഥലമായിരിക്കും മ്യുസിയം നിർമ്മാണത്തിനായി നൽകുന്നത്. 25 ഏക്കർ വീതിയുള്ള ഈ ഭൂമി ടാറ്റയ്ക്ക് കൈമാറുമെന്നും വ്യവസ്ഥ ചെയ്യുന്ന കരാറിൽ ഇരുകക്ഷികളും ഒപ്പുവെക്കുമെന്നും അധികൃതർ പറഞ്ഞു. നേരത്തെ തന്നെ ഈ ടാറ്റ സൺസ് ഈ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും അവരുടെ നിർദ്ദേശം കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പദ്ധതിയുടെ രൂപരേഖ അന്തിമ അനുമതിക്കായി സംസ്ഥാന സർക്കാരിന് കൈമാറുക ആയിരുന്നു. യുപി ക്യാബിനറ്റ് കഴിഞ്ഞ ദിവസം ഇത് അംഗീകരിക്കുക ആയിരുന്നു. അയോധ്യയുടെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയ പിന്തുണ ആയിരിക്കും ഈ പദ്ധതി എന്നാണ് സർക്കാർ വിലയിരുത്തുന്നത്.
മ്യൂസിയം കോംപ്ലക്സില്‍ വ്യത്യസ്ത തരത്തിലുള്ള 12 ഗാലറികള്‍ ഉണ്ടാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ പദ്ധതിയിൽ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. മ്യൂസിയം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക രൂപം നല്‍കുന്നതിന് കഴിഞ്ഞവര്‍ഷം നവംബറില്‍ പ്രമുഖ ആര്‍ക്കിടെക്ട് ബൃന്ദ സോമയ്യ ഈ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. അയോധ്യയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധമാണ് ക്ഷേത്ര മ്യൂസിയം ഒരുക്കുന്നത്.
Explore the Uttar Pradesh cabinet’s approval of the Ram Temple Museum project in Ayodhya, funded by Tata Sons with a Rs 750 crore investment, aiming to enhance cultural tourism with 12 galleries and significant infrastructure development.