1800-കളുടെ അവസാനമാണ് ഈ കഥ തുടങ്ങുന്നത്. ഒരിക്കൽ പിതാവിന്റെ സുഹൃത്തായ മെർവാഞ്ചി കാമ-യെ (Merwanji Cama) കാണാൻ അർദേഷിർ എന്ന പാഴ്സി യുവാവ് ചെന്നു. മെർവാഞ്ചി കാമ ബോംബെയിലെ ഒരു ധനികനായ ബിസിനസ്സുകാരനായിരുന്നു. സർജിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയുടെ ആശയം അർദേഷിർ പറഞ്ഞപ്പോൾ ആ ബിസിനസ്സുകാരൻ അതിൽ ആകൃഷ്ടനായി.

കാമ, അർദേഷിറിന് 3000 രൂപ കൊടുത്തു. ഫ്യൂച്ചർ വാല്യു, പ്രസന്റ് വാല്യു, ഇൻഫ്ളേഷൻ എന്നിവ വെച്ച് കൂട്ടിയാൽ ഏകദേശം ഇന്നത്തെ 75 ലക്ഷത്തിന് മുകളിലുണ്ടാവും അന്നത്തെ 3000 രൂപ! ആ മൂലധനം ഉപയോഗിച്ച് സർജിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുന്ന കമ്പനി തുടങ്ങി. ഒരു ബ്രിട്ടീഷ് കമ്പനിക്കാണ് സർജിക്കൽ ബ്ലെയിഡ് അടക്കം വിൽക്കാൻ ധാരണയായത്. പക്ഷെ നിർമ്മിക്കുന്ന എല്ലാ ഉപകരണങ്ങളിലും മെയ്ഡ് ഇൻ ഇന്ത്യ എന്ന് സീലുണ്ടാകുമെന്ന് അർദേഷിർ കട്ടായം പറഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന സമയമാണ്. എന്നിട്ടാണ് ഈ ചോരത്തിളപ്പ്! കത്രികയും കത്തിയുമൊക്കെ കൊള്ളാം, പക്ഷെ മെയ്ഡ് ഇൻ ഇന്ത്യ, അത് വേണ്ട എന്നായി ബ്രിട്ടീഷ് ക്ലയിന്റ്! കടുത്ത ദേശീയത മനസ്സിൽ സൂക്ഷിച്ചിരുന്ന ആ പാഴ്സി യുവാവ്, രാജ്യത്തിന്റെ പേര് വെട്ടിയവന്റെ ബിസിനസ്സും വെട്ടി. അതോടെ ആ പണി അവിടെ നിർത്തി! ബിസിനസ്സിന് താഴിട്ടു!

പത്രത്തിൽ കണ്ട ഐഡിയ!
അങ്ങനെയിരിക്കെ, ഒരുദിവസം രാവിലെ പത്രം തുറന്ന് നോക്കിയ അർദേഷിർ ഒരു വാർത്ത കണ്ടു. മുംബൈയിൽ മോഷണം പെരുകുന്നു. അക്കാലത്ത് വീടുകൾക്കുള്ളത് വളരെ ദുർബലമായ പൂട്ടുകളാണ്. വീട്ടിനുള്ളിൽ അടച്ചുറപ്പുള്ള ലോക്കറോ സേയ്ഫോ ഉണ്ടാകാറില്ല. കള്ളന്മാരുടെ മുന്നിൽ പോലീസ് നിസ്സഹായരാണ്. ഇക്കാര്യം അർദേഷിറിന്റെ മനസ്സിൽ ഒരു മിന്നൽ പായിച്ചു. അതേക്കുറിച്ച് അയാൾ ആഴത്തിൽ പഠിക്കുന്നു. നാട്ടിൽ ലഭ്യമാകുന്ന പൂട്ടുകളെല്ലാം പേരിന് മാത്രമാണ്, ഒന്ന് വലിച്ചാൽ പൂ പറിക്കുന്ന ലാഘവത്തോടെ പൂട്ട് കയ്യിലിരിക്കും.

പൊട്ടിക്കാൻ പറ്റാത്ത പൂട്ട്! അത് ഒരു അവസരമാണ്. ഒരു നിയോഗം പോലെ കരുത്തുറ്റ പൂട്ടിന്റെ ഒരു ചിത്രം അർദേഷിറിന്റെ മനസ്സിൽ തെളിഞ്ഞു. വീണ്ടും പിതാവിന്റെ സുഹൃത്തായ മെർവാഞ്ചി കാമയെ കണ്ടു. നേരത്തെ വാങ്ങിയ പണം തിരികെ നൽകാൻ പറ്റാത്തതിൽ ഖേദം പറഞ്ഞു, ഒപ്പം പുതിയ ആശയവും. മികച്ച ബിസിനസ്സുകാരനായ കാമ, പണ്ടേ അർദേഷിറിനെ അളന്നിരുന്നു. ഒരു പരാജയത്തിൽ തളരുന്നവനല്ല ആ യുവാവ് എന്ന് കാമയ്ക്ക് ഉറപ്പുണ്ടായിരുന്നു. കാമ, അർദേഷിറിനോട് ഒന്നേ ചോദിച്ചുള്ളൂ- നാട്ടിൽ വേറെ പൂട്ട് നിർമ്മാതാക്കളുണ്ടോ? അതോ താങ്കളാണോ ആദ്യ പൂട്ട് നിർമ്മിക്കാൻ പോകുന്നത്? അർദേഷിറിന്റെ മറുപടി ഇതായിരുന്നു- വേറെ പൂട്ട് നിർമ്മാതാക്കൾ ഇവിടെ ഉണ്ടോ എന്ന് അറിയില്ല, പക്ഷെ അങ്ങയെപ്പോലെ എന്നെ മനസ്സിലാക്കുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ രാജ്യത്തെ ഏറ്റവും മികച്ച പൂട്ട് നിർമ്മിക്കുക ഞാനാകും!
സേഫ്റ്റിയുടെ പര്യായം പിറക്കുന്നു
വർഷം 1897! അവിടെ ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തേയും കരുത്തിന്റെയും സുരക്ഷയുടേയും പര്യായമായ ഒരു സംരംഭം പിറക്കുകയായിരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ബ്രാൻഡ് ഉപയോഗിച്ചിട്ടില്ലാത്ത ഇന്ത്യക്കാർ കുറവാകും, അല്ല, ഉണ്ടാവില്ല! പൂട്ട് നിർമ്മാണത്തിലും സേയ്ഫ്, അലമാര, സ്റ്റോറേജ് എന്നിവയുടെ നിർമ്മാണത്തിലും, സോപ്പിലും, റെഫ്രിജറേറ്ററിലും, ഫർണിച്ചറിലും, ഹോം അപ്ലയൻസസിലും, ബ്യൂട്ടി കെയർ പ്രൊഡക്റ്റിലും, റിയൽ എസ്റ്റേറ്റിലും, എന്തിന് നമ്മുടെ ചന്ദ്രയാൻ ദൗത്യത്തിലുൾപ്പെടെ പതിഞ്ഞ വിശ്വാസത്തിന്റെ മുദ്ര! ഇന്ത്യയുടെ സ്വന്തം ബ്രാൻഡ്! ഗോദ്റെജ്.

ബോംബെയിലെ ധനികരായ പാഴ്സി കുടുംബമായിരുന്നു ഗോഥിരാജി (Gootherajee). ഇറാനിൽ നിന്ന് വന്നവരായിരുന്നു അവർ. ആ കുടുംബത്തിൽ 1868-ൽ അതായത് ഇന്നേക്ക് 156 വർഷം മുമ്പ് ജനിച്ചതാണ് അർദേഷിർ (Ardeshir ). മൂന്ന് വർഷത്തിന് ശേഷം 1871-ൽ അർദേഷിറിന്റെ പിതാവ് ബർജോർജി (Burjorji) കുടുംബത്തിന്റെ പേര് ഒന്ന് പരിഷ്ക്കരിച്ചു, കാലങ്ങൾക്കിപ്പുറം ഇന്ത്യാ മഹാരാജ്യവും ലോകമാകമാനവും വളർന്ന് വടവൃക്ഷമാകാൻ പോകുന്ന ഒരു ബ്രാൻഡ് നെയിം ആയി ആ പുതുക്കിയ കുടുംബപേര് മാറും എന്ന് ബർജോർജി സ്വപ്നത്തിൽപോലും വിചാരിച്ചിട്ടുണ്ടാകില്ല. ഗോഥിരാജി എന്ന കുടുംബപേര് 1871- ൽ പരിഷ്ക്കരിച്ചാണ് ഗോദ്റെജ് ആയത്! വിശ്വാസത്തിന്റേയും കരുത്തിന്റേയും പര്യായപദമായി ഇന്ത്യക്കാരന്റെ മനസ്സിൽ പതിഞ്ഞ അതേ ഗോദ്റെജ് !
കള്ളന്മാർ തോൽവി സമ്മതിക്കും

പൂട്ടിലും താഴിലും അർദേഷിർ ഗോദ്റെജ് പിന്നേയും പരീക്ഷണം തുടർന്നു. അങ്ങനെ നാല് ലിവറുള്ള ഗോദ്റെജ് പൂട്ടുകൾ തരംഗമായി. പേര് ഗോഡിയൻ ലോക്ക്! (“Gordian Lock”.) ഒരു പൂട്ടിന് രണ്ട് കീ മാത്രം. ഈ രണ്ട് കീ-യിൽ ഏതെങ്കിലും ഒന്നിന് മാത്രമേ പൂട്ട് തുറക്കാനാകൂ. ആ കൊള്ളാലോ എന്നായി ജനം. അതിശയകരമായിരുന്നു പിന്നീടുള്ള വളർച്ച. പൂട്ടിലും പൂട്ടിന്റെ കീയിലും മായാജാലം സൃഷ്ടിക്കുക അർദേഷിറിന് ഹരമായി. പൂട്ടിനൊപ്പം ചെറിയ ഒരു കുറിപ്പും വെക്കും. അതിലിങ്ങനെ എഴുതിയിരുന്നു- ഗോദ്റെജ് പൂട്ടുകളിൽ ഒരു ഘടകം പോലും റെഡിമെയ്ഡല്ല! ഓരോ പൂട്ടിന്റേയും ഓരോ ഘടകങ്ങളും ഞങ്ങളുടെ സമർത്ഥരായ തൊഴിലാളികൾ ഏറ്റവും ആധുനിക മെഷീനറിയിൽ നിർമ്മിച്ച് എടുക്കുന്നവയാണ്. കൈകൊണ്ട് നിർമ്മിച്ച പൂട്ടൂകൾ കള്ളന്മാർക്ക് കള്ളത്താക്കോലിട്ട് തുറക്കാം, ഗോദ്റെജ് പൂട്ടിൽ അത് നടക്കില്ല. ഞങ്ങൾ ആദ്യം കീ ഉണ്ടാക്കും, അതിന് തുറക്കാൻ കഴിയുന്ന പൂട്ട് രണ്ടാമതും, അതുകൊണ്ട് ഈ പൂട്ടുകൾ തുറക്കാമെന്ന് വ്യാമോഹിക്കണ്ട! അത്ര ആത്മവിശ്വാസത്തോടെ ആയിരുന്നു അർദേഷിർ തന്റെ വിജയവിളംബരം നടത്തിയത്. ആ ആത്മവിശ്വാസം ഗുണത്തിലും കരുത്തിലും പ്രതിഫലിച്ചത് കൊണ്ടാകാം, എന്റെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്, അക്കാലത്ത് കല്യാണത്തിന് നവദമ്പതികൾക്ക് കൊടുക്കുന്ന സമ്മാനങ്ങളിൽ ഏറ്റവും മൂല്യമുള്ളത് ഗോദ്റെജിന്റെ ലോഗോ പതിഞ്ഞ ഇരുമ്പ് അലമാരയായിരുന്നു.

വർഷം 1901! കള്ളന്മാർക്ക് തുറക്കാൻ പറ്റാത്ത പൂട്ടുകളും സെയ്ഫുകളും നിർമ്മിക്കുന്നതിൽ ഗോദ്റെജ് രാജ്യമാകെ പേരെടുത്തു. അർദേഷിർ വെറുതെ ഇരുന്നില്ല, കക്കാനും പറ്റില്ല, കത്തിക്കാനും പറ്റില്ല എന്ന ലക്ഷ്യത്തിൽ ഫയർ പ്രൂഫായ സേയ്ഫുകളുടെ നിർമ്മാണം തുടങ്ങി. അക്കാലത്ത് രാജ്യത്ത് ആദ്യമായിരന്നു അത്. തീപിടുത്തമുണ്ടായാലും സേയ്ഫായ ലോക്കറുകൾ ഗോദ്റെജിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു! തീർന്നില്ല, ഒറ്റ ഷീറ്റിൽ 16 ബെന്റുകളോടെ ഡബിൾപ്ലേറ്റ് ചെയ്ത ഡോറും ഉൾപ്പെടെ കൂടുതൽ സേഫ്റ്റി ഫീച്ചേഴ്സുള്ള ഒരു ലോക്കർ അർദേഷിർ സ്വയം ഡിസൈൻ ചെയ്തു. ആ ഡിസൈനിനും സേയ്ഫിനും മൂന്ന് പേറ്റന്റുകളാണ് ഇന്നവേറ്ററായ ഈ സംരംഭകന് ലഭിച്ചത്. പിന്നീട് ലോകത്തെ ആദ്യത്തെ സ്പ്രിംഗ് ഇല്ലാത്ത ലോക്ക് ഡിസൈൻ ചെയ്ത് വിപണിയിലിറക്കി. അതിന് കിട്ടിയത് ബ്രിട്ടീഷ് പേറ്റന്റും. മെയ്ഡ് ഇൻ ഇൻഡ്യ എന്ന മുദ്ര ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ട് മാത്രം അർദേഷിർ നിർമ്മിച്ച സർജിക്കൽ ഉപകരണങ്ങൾ നിരസിച്ച അതേ ബ്രിട്ടൻ തന്ന!

നൂറ് വർഷം മുമ്പേ, മെയ്ഡ് ഇൻ ഇൻഡ്യ
സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന ഒരു രാജ്യത്തിരുന്നാണ് അസാമാന്യവും അചഞ്ചലവുമായ ലക്ഷ്യബോധത്തോടെ ഒരു സംരഭകൻ ലോകത്തെ ഏറ്റവും മികച്ച ഡിസൈൻ ഉണ്ടാക്കി, ഈ നാട് ഭരിച്ചിരുന്ന ബ്രിട്ടനെ വരെ ഞെട്ടിച്ചത്. ദരിദ്രരാജ്യമെന്ന് സായിപ്പ് അധിക്ഷേപിച്ച ഈ നാട്ടിൽ നിന്ന് തന്നെയാണ് ധിഷണാശാലിയായ ആ സംരംഭകൻ തൊഴിലാളികളെ കണ്ടെത്തി, അവർക്ക് മികച്ച പരിശീലനം നൽകി മെയ്ഡ് ഇൻ ഇൻഡ്യ പ്രൊഡക്റ്റുണ്ടാക്കിയത്. പക്ഷെ കാലത്തിനെപ്പോഴും ഒരു നേരമ്പോക്കുണ്ടല്ലോ, സമുദ്രത്തിന്റെ നടുവിൽ നിൽക്കുമ്പോഴും വെള്ളം കിട്ടാതെ ദാഹിക്കുന്ന അവസ്ഥ! ലോകത്തെ ഏറ്റവും കരുത്തുറ്റതും ആർക്കും തുറക്കാൻ പറ്റാത്തതുമായ പൂട്ട് നിർമ്മിച്ച് വിജയത്തിന്റെ ഉന്നതയിൽ നിൽക്കുമ്പോഴും അർദേഷിർ ഗോദ്റെജിന് സ്വയം അനുഭവിച്ചുകൊണ്ടിരുന്ന ഹൃദയവേദനയുടെ പൂട്ട് തുറക്കാനുള്ള താക്കോൽ ഉണ്ടാക്കാനായില്ല. അത് ഒരു പഴയ കഥയാണ്. 10 വർഷം മുമ്പുണ്ടായ ഒരു ദുരന്ത കഥ!

ദുരന്ത കഥ!
1890 ആണ്. നമ്മുടെ അർദേഷിറിന് അന്ന് പ്രായം 22 വയസ്സ്. വീട്ടുകാർ ബച്ചുബായി എന്ന പെൺകുട്ടിയെ കൊണ്ട് അർദേഷിർ ഗോദ്റെജിനെ വിവാഹം കഴിപ്പിച്ചു. അവൾക്ക് കഷ്ടിച്ച് 18 വയസ്സ്! വിവാഹം കഴിഞ്ഞ് ഒരുവർഷമേ ആയുള്ളൂ, ബച്ചുബായി എന്ന 19-കാരിയും അവളുടെ കസിൻ, ഏതാണ്ട് അതേ പ്രായമുള്ള പിറോജ്ബായിയും മുംബൈയിലെ പ്രസിദ്ധമായ രാജാബായി ടവറ് കാണാൻ പോയി. 85-മീറ്റർ ഉയരമുളള ആ ക്ലോക്ക് ടവറിൽ കയറിനിന്നാൽ നഗരത്തിനുമപ്പുറം ദൂരെ ചക്രവാളം കാണാം. എന്നാൽ അവിടെവെച്ച് കുറച്ച് തെമ്മാടികൾ ആ സുന്ദരികളായ യുവതികളെ ഉപദ്രവിക്കാൻ ശ്രമിച്ചു. മാനത്തേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ! 19 വയസ്സ് മാത്രം പ്രായമുളള ആ പെൺകുട്ടികൾ ആ ക്ലോക്ക് ടവറിൽ നിന്ന് ചാടി മരിച്ചു! 1891-ലാണ് ഈ സംഭവം. കേവലം 23-വയസ്സുമാത്രമുള്ള അർദേഷിറിന് ആ ദുരന്തത്തിന്റെ ഷോക്കിൽ നിന്ന് മോചിതനാകാനായില്ല. ഒരു കുഞ്ഞിന് ജന്മം നൽകും മുമ്പേയാണ് പ്രിയതമ പാതിവഴിയിൽ ജീവൻ വെടിഞ്ഞ് പോയത്. അയാൾ ആരോടും മിണ്ടാതെയായി. തന്നെ മൂടുന്ന വേദനയിൽ നിന്ന് രക്ഷപെടാൻ പഠനം തുടരാൻ തീരുമാനിച്ചു. 1894-ൽ അർദേഷിർ നിയമബിരുദം പൂർത്തിയാക്കി. ബോംബെയിലെ പ്രസിദ്ധമായ ലോ ഫേമിൽ അഭിഭാഷകനായി പ്രാക്ട്റ്റീസ് തുടങ്ങി! പക്ഷെ കാശ് കിട്ടിയാൽ, ഏത് കൊള്ളക്കാരനും, കാരുണ്യവാനാണെന്ന് കോടതിയിൽ കള്ളം പറയാൻ അർദേഷിറിന് ആയില്ല. ഈ പണിക്ക് താൻ ഫിറ്റല്ലന്ന് അർദേഷറിന് മനസ്സിലായി. അങ്ങനെ ഒരു ഫാർമസിയിൽ കെമിസ്റ്റിന്റെ അസിസ്റ്റന്റായി പോയി തുടങ്ങി. അവിടെ നിന്നാണ് നേരത്തേ പറഞ്ഞ സർജറി ഉപകരണങ്ങളുടെ ബിസിനസ്സിലേക്ക് തിരിയുന്നത്.

ഗോദ്റെജ് എന്ന പൂട്ട് നിർമ്മാണത്തിന്റെ സംരംഭത്തിൽ സഹോദരൻ (Pirojsha) പിറോജ്ഷാ-യെക്കൂടി അർദേഷിർ കൂട്ടിയിരുന്നു. ഗോദ്റെജ് എന്ന വ്യവസായ സാമാജ്യം ഉണ്ടായത് പൂട്ടുകളുടെ നിർമ്മാണത്തോടെയാണ്! അർദേഷിർ എന്ന വിജയദാഹിയായ സംരംഭകനില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ഗോദ്റെജ് എന്ന വ്യവസായ സാമ്രാജ്യം ഉണ്ടാകുമായിരുന്നില്ല. 1890-കളിൽ അന്നത്തെ 3000 രൂപയ്ക്ക് അർദേഷിർ തുടങ്ങിയ ഗോദ്റെജ് ഇന്ന് 15 വ്യത്യസ്ത ബിസിനസ്സുകളിലായി ഒന്നര ലക്ഷം കോടിയുടെ മാർക്കറ്റ് വാല്യുവിൽ എത്തി നിൽക്കുന്നു. 130 വർഷങ്ങൾ പിന്നിട്ട് ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഫാമിലി ബിസിനസ്സുകളിൽ ഒന്നായി ഗോദ്റെജ് മാറിയിരിക്കുന്നു! എന്നാൽ ഈ വളർച്ചയിൽ അതിന്റെ സ്ഥാപകരിൽ നെടും തൂണായ അർദേഷിറിന് പിൻഗാമികളില്ല എന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുതയാണ്. വിവാഹിതനായി കേവലം ഒരു വർഷത്തിനകം ഭാര്യ മരിച്ചുവെന്ന് നേരത്തേ പറഞ്ഞല്ലോ. വീണ്ടും വിവാഹം കഴിക്കാൻ കുടുംബം നിർബന്ധിച്ചെങ്കിലും അർദേഷിറിന് മാനസികമായി അതിന് കഴിഞ്ഞില്ല. അയാൾ തന്റെ ജീവിത്തിൽ മറ്റൊരു വിവാഹം ഇല്ലെന്ന് ഉറപ്പിച്ചു. അങ്ങനെ അർദേഷിർ ഒറ്റത്തടിയായി തുടർന്നു. അതുകൊണ്ട് തന്നെ അർദേഷിർ ജീവൻകൊടുത്ത ഗോദ്റെജിന്റെ സംരഭക പൈതൃകം സഹോദരനായ പിറോജ്ഷാ-യുടെ മക്കൾക്ക് കിട്ടി!

വിക്രോളിയിലെ 3400 ഏക്കർ!
1928-ൽ ഗോദ്റെജ് കമ്പനിയുടെ സോൾ ഓണർഷിപ്പും കൺട്രോളും അർദേഷിർ ഗോദ്റെജ്, സഹോദരൻ പിറോജ്ഷാ ഗോദ്റെജിനെ ഏൽപ്പിച്ചു. ഓണർഷിപ് കിട്ടിയതോടെ, സഹോദരൻ പിറോജ്ഷാ കമ്പനി ഡൈവേഴ്സിഫിക്കേഷന് ശ്രദ്ധിച്ചു. ഗോദ്റജിന്റെ ആസ്തിയും മൂല്യവും കൂട്ടാനും ശ്രദ്ധ കാട്ടി! മുംബൈയിലെ വിക്രോളിയിൽ ബ്രിട്ടീഷുകാരുടെ കൈയ്യിൽ നിന്ന് 3000 ഏക്കർ സ്ഥലം പിറോജ്ഷാ ഗോദ്റെജ് വാങ്ങിയിരുന്നു. പിന്നെ പലപ്പോഴായി അത് 3400 ഏക്കറാക്കി വർദ്ധിപ്പിച്ചു. ഇന്ന് ഇതിന് ലാന്റ് വാല്യു മാത്രം 80,000 കോടി വരും. 10 കോടി സ്ക്വയർഫീറ്റിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റിനുള്ള സാധ്യത! ഈസ്റ്റേൺ എക്സ്പ്രസ് വേ കടന്നുപോകുന്ന മുംബൈയുടെ ഹൃദയ പ്രദേശത്തുള്ള വിക്രോളി! ലാൻഡ് ഡെവലപ് ചെയ്താൽ മൂന്ന് ലക്ഷം കോടിക്ക് മുകളിലാകും പ്രോപ്പർട്ടി വാല്യു. കണ്ടൽ കാടുകൾ നിറഞ്ഞ പ്രദേശമാണ്, അത് ഡെവലപ് ചെയ്യാൻ ഇപ്പോഴത്തെ എമിരറ്റസ് ചെയർമാനായ ആദി ഗോദ്റെജിന് താൽപര്യമുണ്ടായില്ല. മുംബൈയുടെ പാരിസ്ഥിതിക സന്തുലനാവസ്ഥയെ അത്രയും വിശാലമായ പ്രദേശം സ്വാധീനിക്കുന്നുണ്ടെന്നാണ് ആദിയുടെ പക്ഷം. എന്നാൽ ആദി ഗോദ്റെജിന്റെ പിതാവ് ബർജർ ഗോദ്റെജിന്, നേവൽ ഗോദ്റെജ് എന്ന സഹോദരനുണ്ട്. അദ്ദേഹത്തിന്റെ മക്കൾക്ക് വിക്രോളിയിലെ സ്ഥലം ഡെവലപ്ചെയ്യാനും അതുവഴിയുള്ള 3 ലക്ഷം കോടി വാല്യു ആസ്വദിക്കാനും താൽപര്യമുണ്ട്. അത് ഗോദ്റെജ് കുടുംബത്തിൽ അടുത്തിടെ അസ്വാരസ്യങ്ങളുണ്ടാക്കി. അത് വലിയ വിള്ളലിലേക്ക് പോകാതിരിക്കാൻ ഇപ്പോൾ നടന്ന സ്വത്ത് ഭാഗം വെയ്ക്കൽ ഉപകാരപ്പെട്ടേക്കാം. പിൻഗാമികളായി കുടുംബത്തേക്ക് വന്നുകയറിയവർ പൂർവ്വീകരുടെ വിയർപ്പിൽ ഉണ്ടായ സ്വത്തിൽ, സ്വയം കെട്ടിപ്പൊക്കുന്ന പരിഹാസ്യമായ സ്വപ്നങ്ങളും അവകാശവാദങ്ങളും പലപ്പോഴും വിചിത്രമായി തോന്നാം.

സോപ്പ് നിർമ്മാണത്തിലേക്ക്
കമ്പനിയുടെ അധികാരങ്ങൾ ഒഴിയുമ്പോൾ അർദേഷിർ ഗോദ്റെജിന് പ്രായം 60 വയസ്സ്! ബോംബെ വിട്ട് അർദേഷിർ ഗോദ്റെജ് നാസിക്കിലേക്ക് പോയി! അവിടെ കൃഷിയിൽ ഒരുകൈനോക്കാൻ തീരുമാനിച്ചു. അത് അത്ര ശരിയായില്ല. പക്ഷെ സംരംഭകൻ ഏത് പ്രായത്തിലും സംരംഭകനാണല്ലോ. സംരഭകത്വം ശരീരത്തിലെ ഒരു അവയവം പോലെയാണ്. ആക്സിഡന്റ് പറ്റിയില്ലെങ്കിൽ മരണംവരെ ഒപ്പമുണ്ടാകും. സ്വദേശി പ്രസ്ഥാനം ചൂടുപിടിച്ച സമയം. വിദേശ ബ്രാൻഡുകൾ ബഹിഷ്ക്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. അറിയാമല്ലോ രാഷ്ട്രീയ ആഹ്വാനങ്ങൾക്ക് ചിലപ്പോൾ ലോജിക്ക് വേണമെന്നില്ല! പക്ഷെ സംരംഭകർ അങ്ങനെയല്ല, അവർ ലോജിക്ക് അന്വേഷിക്കും. വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കൂ, സ്വദേശി ഉപയോഗിക്കൂ എന്ന് പറഞ്ഞ ദേശീയ നേതാക്കളോട് അർദേഷിർ ഗോദ്റെജ് ചോദിച്ചു.

എന്തുകൊണ്ടാണ് വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യക്കാർ ഉപയോഗിക്കുന്നത്? നാട്ടിലെ സാധനങ്ങളേക്കാൾ ക്വാളിറ്റി ഉള്ളത്കൊണ്ട്. ഗുണമുള്ളത് ഉപേക്ഷിക്കാൻ പറയുമ്പോ നാട്ടിൽ ഗുണമുള്ളത് ഏത് കിട്ടും എന്ന് കൂടി പറയണം- നേതാക്കളാരും ഉത്തരം പറഞ്ഞില്ല, അവർക്ക് ആഹ്വാനം നൽകാനെല്ലേ അറിയൂ. വിദേശത്ത് നിന്ന് ഇറക്കുമതിചെയ്യുന്നവയിൽ അക്കാലത്ത് ഇന്ത്യക്കാർ കൂടുതലും പ്രിയം കാണിച്ചിരുന്നത് സോപ്പുകളോടാണ്. ഇത്തരം സോപ്പുകളിൽ മൃഗക്കൊഴുപ്പ് ചേരുന്നവയാണെന്നും, പലതിലും കെമിക്കലുകളുണ്ടെന്നും അറിയാമായിരുന്നു. വെജിറ്റബിൾ എണ്ണ ഉപയോഗിച്ച് തീർത്തും പ്രകൃതി ദത്തമായ സ്വദേശി സോപ്പ് ഉണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു. അത് നടക്കില്ലെന്ന് മറ്റുള്ളരും. ഈ നടക്കില്ല എന്ന് പറഞ്ഞവർക്ക് അറിയില്ലായിരുന്നു, സംരംഭകരെ വാശി കേറ്റിയാൽ കുഴയുമെന്ന്. അതും സംരംഭത്തിന്റെ രഹസ്യഅറ തുറക്കുന്ന താക്കോൽ കണ്ടുപിടിച്ച മനുഷ്യനോട്!

അർദേഷിർ വിളിച്ചു, ടാഗോർ മോഡലായി!
പിന്നെ ലോകം കണ്ടത് ഗോദ്റെജ് സോപ്പാണ്. തികച്ചും സസ്യഎണ്ണയിൽ തയ്യാറാക്കിയ മെയ്ഡ് ഇൻ ഇന്ത്യ സോപ്പ്. ഇന്ത്യയിൽ ആദ്യത്തേതും. സംരംഭകന്റെ റിവഞ്ച് ഒരു ഒന്നൊന്നര റിവഞ്ചല്ലേ? ഈ ഗോദ്റെജ് സോപ്പിന് രാജ്യമാകെ പരസ്യം നൽകി അർദേഷിർ എന്ന കില്ലാഡി സംരംഭകൻ. ആരായിരുന്നോ മോഡൽ, സാക്ഷാൽ രബീന്ദ്രനാഥ ടാഗോർ. അതെ, ടാഗോർ ഒരു സോപ്പ് പരസ്യത്തിന് മോഡലായ അപൂർവ്വ നിമിഷം.

തീർന്നില്ല, ആനി ബെസന്റും. മറ്റ് ചേരുവകളിൽ പിന്നീട് വന്ന ഗോദ്റെജിന്റെ സോപ്പുകൾ ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ജനപ്രിയ ബ്രാൻഡായി. ഗോദ്റെജ് പ്രതിവർഷം വിൽക്കുന്നത് 38 കോടി സോപ്പ് ബാറുകൾ! അർദേഷിർ ഗോദ്റെജ് ഉഴുതുമറിച്ച് അതിൽ വിതച്ച ഗോദ്റെജ് എന്ന സംരംഭം പിന്നാലെവന്നവർ ഭൂഗോളമാകെ വളർത്തി. 1958-ൽ ഇന്ത്യയിലെ ആദ്യത്തെ റഫ്രിജറേറ്റർ നിർമ്മിച്ച് വിപണിയിലിറക്കി. 1974-ൽ രാജ്യത്തെ ആദ്യത്തെ ലിക്വിഡ് ഹെയർ കളർ ഉൽപ്പന്നങ്ങൾ വിപണയിയിലെത്തിച്ചു. ഇന്ന് ഗോദ്റെജ് എന്റർപ്രൈസസ്, ഗോദ്റെജ് ഇൻഡസ്ട്രീസ് എന്നീ രണ്ട് ശിഖരങ്ങളിലായി റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, കെമിക്കൽസ്, ജനറൽ എഞ്ചിനീയറിംഗ്, പവർ ആന്റ് എനർജി, അഗ്രിക്കൾച്ചർ, ഐടി, എയ്റോസ്പേസ് തുടങ്ങി ഈ കുടുംബം കൈവെക്കാത്ത ബിസിനസ്സ് വെർട്ടിക്കിളുകൾ ഇല്ല എന്നായിരിക്കുന്നു. 90 രാജ്യങ്ങളിലായി പടർന്ന മഹാവൃക്ഷം പോലെ!
ഒരേ ഒരു അർദേഷ്!
അർദേഷിർ ഗോദ്റെജൊക്കെ സാധാരണ മനുഷ്യരായിരുന്നു. 130 വർഷങ്ങൾക്ക് മുമ്പ്, സ്വാതന്ത്ര്യമോ സൗകര്യമോ സാഹചര്യമോ ഇല്ലാത്ത കാലത്ത് സ്വപ്നത്തെ സധൈര്യം പിൻതുടർന്ന ഒരു സാധാരണക്കാരൻ! അയാൾ തിരിച്ചടികളെ പരാജയമായി കണ്ടില്ല, പകരം പാസ്മാർക്കായി കണ്ടു. അതാണ്, കാലമറിഞ്ഞ് വിത്തിടുന്ന കർഷകന്റെ ഗുണം!

പാടത്ത് കളയുണ്ടാവില്ല വിളയേ ഉണ്ടാകൂ. 1890-കളിൽ മൂവായിരം രൂപയ്ക്ക് തുടങ്ങിയ ഗോദ്റെജ് നാലാം തലമുറയിൽ എത്തുമ്പോൾ ഒന്നേ കാൽ ലക്ഷം കോടി നെറ്റ് വർത്തുള്ള സാമ്രാജ്യമായിരിക്കുന്നു. ഈ സമ്പത്ത് വലിയ നിയമകുരുക്കില്ലാതെ അർദേഷിർ ഗോദ്റെജിന്റെ സഹോദരന്റെ കൊച്ചുമക്കളും അവരുടെ മക്കളും ഈയടുത്ത് പങ്ക് വെച്ച് എടുത്തു. ലക്ഷം കോടി രൂപ! ഒന്നോർത്തു നോക്കൂ.. ആ ലക്ഷം കോടി അവർ പങ്കിട്ടെടുത്ത് ആർഭാടത്തിലേക്ക് അലിയുമ്പോൾ, മനസ്സിൽ മായാതെ നിൽക്കുന്ന ഒരു രൂപമുണ്ട്, ബോബെയിലെ ഒരു ഗ്യാസ് ഷെഡ്ഡിൽ, ആർക്കും പൊളിക്കാനാകാത്ത ഒരു പൂട്ട് ഉണ്ടാക്കാൻ ഒരു സ്ക്രൂഡ്രൈവർ പോലും ഇല്ലാതെ ഇറങ്ങിത്തിരിച്ച അർദേഷിർ എന്ന ഒരു യുവാവിന്റെ രൂപം!
Discover the inspirational journey of Ardeshir Godrej, the visionary behind India’s iconic Godrej brand, from pioneering unbreakable locks to revolutionizing soap manufacturing.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.