ട്രാഫിക്ക് നിയമ ലംഘനം തുടർക്കഥ ആവുമ്പോൾ ഇതിനൊരു പരിഹാരവും ശിക്ഷയും എന്ന രീതിയിലാണ് ഫൈൻ തുകകൾ ഈടാക്കി തുടങ്ങിയത്. അത്തരം ഫൈനുകളും അടക്കാതെ ആയതോടെ ഈ നിയമലംഘകരിൽ നിന്നും അടക്കാനുള്ള ഫൈൻ തുക പോലും എങ്ങിനെ തിരികെ വാങ്ങും എന്നറിയാതെ അധികൃതരും കുഴങ്ങി. എന്നാൽ ഇതിനെല്ലാം ഒരു ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.
42.89 ദശലക്ഷം വരുന്ന ട്രാഫിക് നിയമലംഘകരിൽ നിന്ന് ഫൈൻ തുക ആയി ലഭിക്കാനുള്ള 2,429 കോടി രൂപ കുടിശ്ശിക വാഹനമോടിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തെഴുതിയിരിക്കുകയാണ്. ഫൈൻ തുക അടക്കാൻ വേണ്ടി അയക്കുന്ന ഇ- ചെല്ലാൻ വഴി നൽകിയ പിഴയുടെ 35 ശതമാനം മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന സർക്കാരിന് തിരികെ ഈടാക്കാൻ കഴിഞ്ഞത്. 2019 ജനുവരിയിൽ ഇ- ചെല്ലാനുകൾ നിലവിൽ വന്നതിന് ശേഷം, ഹാൻഡ്ഹെൽഡ് ഉപകരണങ്ങളും സിസിടിവി നെറ്റ്വർക്കുകളും ഉപയോഗിച്ച് ട്രാഫിക് പോലീസുകാർ ട്രാഫിക് നിയമലംഘനങ്ങൾക്ക് 7,53,36,224 വാഹനയാത്രക്കാരിൽ നിന്ന് ഇ- ചെല്ലാൻ വഴി പിഴ ഈടാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം പിഴ ചുമത്തിയ തുക 3,768 കോടി രൂപയാണ്, എന്നാൽ 2024 മാർച്ച് വരെ ആയിട്ടും 1,339 കോടി രൂപ അല്ലെങ്കിൽ കുടിശ്ശിക തുക മാത്രമാണ് തിരികെ ലഭിച്ചത്. അമിതവേഗത, ലെയ്ൻ മുറിക്കൽ, സിഗ്നലുകൾ ജമ്പിംഗ് തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് ഫൈൻ നൽകുന്നത്.
നിരവധി തവണ പല രീതിയിൽ ശ്രമിച്ചിട്ടും സംസ്ഥാന സർക്കാരിന് കുടിശ്ശികയുള്ള തുക വീണ്ടെടുക്കാനാകാത്തതിനാൽ ആണ് വാഹനമോടിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇ- ചെല്ലാനുകൾ ബന്ധിപ്പിക്കുന്നതിനുള്ള അനുമതി തേടി സംസ്ഥാന ഗതാഗത വകുപ്പ് കേന്ദ്ര സർക്കാരിന് കത്തെഴുതിയിരിക്കുന്നത്.
“ഫാസ്റ്റാഗുമായും വാർഷിക മോട്ടോർ ഇൻഷുറൻസ് പേയ്മെൻ്റുമായും ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കുടിശ്ശികയുള്ള ഇ- ചെല്ലാനുകൾ കൂടി ബന്ധിപ്പിക്കും” എന്നാണ് ഗതാഗത വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. വാഹനമോടിക്കുന്നയാൾ തൻ്റെ ഫാസ്ടാഗ് ടോപ്പ്-അപ്പ് ചെയ്യാനോ വാഹന ഇൻഷുറൻസ് അടയ്ക്കാനോ ശ്രമിക്കുമ്പോഴെല്ലാം കുടിശ്ശികയുള്ള തുക വീണ്ടെടുക്കാൻ ഇങ്ങിനെ ലിങ്ക് ചെയ്യുന്നത് സഹായകം ആവും.
ബാങ്കിംഗ് നിയമം കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്നത് ആയത് കൊണ്ട് ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ മറുപടി ആണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കുടിശ്ശികയുള്ള തുകയിൽ ഭൂരിഭാഗവും സ്വകാര്യ വാഹന ഉടമകളുടേതാണെന്നും ഇത് വീണ്ടെടുക്കാൻ ആണ് പ്രയാസം എന്നും ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. പൊതുഗതാഗത വാഹനങ്ങളിൽ നിന്നുള്ള കുടിശ്ശിക വീണ്ടെടുക്കൽ അവയുടെ പെർമിറ്റ് വാർഷിക പുതുക്കൽ സമയത്ത് ചെയ്യാൻ കഴിയുന്നത് ആയത് കൊണ്ട് തന്നെ അത് എളുപ്പമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
ഈ കുടിശ്ശിക തുക തിരിച്ചു പിടിക്കുന്നതിനായി ട്രാഫിക് പോലീസ് നടത്തിയ ഡ്രൈവുകൾ പ്രതീക്ഷിച്ച ഫലം ചെയ്തില്ല. അതുകൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തുകഴിഞ്ഞാൽ, പിഴ പൂർണമായും ഈടാക്കുമെന്ന് ആണ് ട്രാഫിക്ക് വിഭാഗം പ്രതീക്ഷിക്കുന്നത്.
Maharashtra seeks central approval to link unpaid e-challan fines totaling ₹2,429 crore to motorists’ bank accounts via Fastag and insurance payments. Discover how this initiative aims to recover outstanding penalties for traffic violations since January 2019.