മനുഷ്യസ്നേഹിയും എഴുത്തുകാരിയുമായ സുധ മൂർത്തി രാജ്യസഭയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ സെർവിക്കൽ ക്യാൻസർ വാക്സിനേഷനും ബോധവൽക്കരണത്തിനുമായി ഒരു വിഷയം ഉന്നയിച്ചു. പുതുതായി നിയമിതയായ ഒരു എംപി എന്ന നിലയിൽ, ആരോഗ്യ-സാംസ്കാരിക സംരക്ഷണത്തോടുള്ള തൻ്റെ പ്രതിബദ്ധത നിലനിർത്തിക്കൊണ്ട് തന്നെയാണ് സ്ത്രീകളുടെ നിർണ്ണായക ആരോഗ്യപ്രശ്നത്തെ കുറിച്ച് സുധ അഭിസംബോധന ചെയ്തു സംസാരിച്ചത്.
സ്ത്രീകളുടെ ആരോഗ്യത്തിന് ഊന്നൽ
എഞ്ചിനീയർ, അധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ സുധാ മൂർത്തി തൻ്റെ പ്രസംഗത്തിൽ സ്ത്രീകളുടെ ആരോഗ്യത്തിൻ്റെ പ്രാധാന്യം ആണ് എടുത്തുപറഞ്ഞത്. സ്ത്രീകളോടുള്ള ബഹുമാനം ഊന്നിപ്പറയുന്ന ഒരു സംസ്കൃത ശ്ലോകത്തിലൂടെ ആണ് സുധ അവരുടെ പ്രസംഗം ആരംഭിച്ചത്. കുടുംബത്തെ പരിപാലിക്കാൻ സ്ത്രീകൾ പലപ്പോഴും സ്വന്തം ആരോഗ്യത്തെ അവഗണിക്കുന്നുവെന്നും ഇത് സെർവിക്കൽ ക്യാൻസർ പോലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും സുധ ഊന്നിപ്പറഞ്ഞു. ഡോക്ടർ ദമ്പതിമാരുടെ മകളും സഹോദരിയും എന്ന നിലയിലുള്ള തൻ്റെ അനുഭവം ഉൾക്കൊണ്ടാണ് താൻ ഇത് സംസാരിക്കുന്നത് എന്നും രോഗത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ മാത്രമാണ് പല സ്ത്രീകളും വൈദ്യസഹായം തേടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
വാക്സിനുകൾ ലഭ്യമാക്കണം
സെർവിക്കൽ ക്യാൻസർ വാക്സിനേഷനുകൾ ലഭ്യമാക്കണം എന്നും അവബോധം വർദ്ധിപ്പിക്കണമെന്നും സുധ പാർലമെൻ്റിനോട് ആവശ്യപ്പെട്ടു. 9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ വാക്സിനേഷൻ നൽകുന്നതിന്റെ ഗുണങ്ങൾ അവർ വിശദീകരിച്ചു. പൊതുജനാരോഗ്യ സംരംഭങ്ങളിൽ ഈ വാക്സിനേഷൻ ഉൾപ്പെടുത്തുന്നതിലൂടെ, രോഗത്തെ ഗണ്യമായി തടയാൻ കഴിയും എന്നും സുധ മൂർത്തി പറഞ്ഞു. ചികിത്സയേക്കാൾ പ്രതിരോധമാണ് നല്ലത് എന്ന തത്വത്തിനു പ്രാധാന്യം നൽകണം എന്നാണ് അവർ പറഞ്ഞത്.
സെർവിക്കൽ ക്യാൻസർ
സ്ത്രീകൾക്കിടയിലെ ഏറ്റവും സാധാരണമായി വരുന്ന അർബുദമായി സെർവിക്കൽ ക്യാൻസർ തുടരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ അസുഖത്തിന് 2022-ൽ ഏകദേശം 660,000 പുതിയ രോഗികളും 350,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് നിർണായകമാണെങ്കിലും, നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സ്ത്രീകൾക്കിടയിൽ ഇതേക്കുറിച്ച് ഒരു അവബോധം ആവശ്യമാണ്. ഗർഭാശയ അർബുദത്തെ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ്.
വൈകാരിക ആഘാതം
സെർവിക്കൽ ക്യാൻസർ കുടുംബങ്ങളിൽ ഉണ്ടാക്കുന്ന വൈകാരിക ആഘാതവും സുധ എടുത്തുപറഞ്ഞു. ആശുപത്രികൾ ഒരു സ്ത്രീയുടെ മരണം ഒരു സ്ഥിതിവിവരക്കണക്കായി കാണുമെങ്കിലും കുടുംബങ്ങൾക്ക് അത് നികത്താനാവാത്ത നഷ്ടമാണെന്ന് ഊന്നിപ്പറഞ്ഞ സുധ ഡോക്ടറായ തൻ്റെ പിതാവിൽ കേട്ടറിഞ്ഞ പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. ഓരോ കുടുംബങ്ങളിലും അമ്മമാർ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ച് സുധ എടുത്ത് പറഞ്ഞു.
സെർവിക്കൽ ക്യാൻസർ വാക്സിൻ വില
സെർവിക്കൽ വാക്സിനേഷൻ്റെ ചിലവിനെ കുറിച്ച് അവർ പരാമർശിക്കുകയും സർക്കാർ ഇടപെടൽ നടത്തിയാൽ ചെലവ് കുറയ്ക്കുകയും, ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുകയും ചെയ്യുമെന്നും നിർദ്ദേശിച്ചു. നിലവിൽ 1400 രൂപയാണ് വാക്സിനുകളുടെ വില എങ്കിൽ അത് സർക്കാർ ഇടപെട്ടാൽ 700 അല്ലെങ്കിൽ 800 രൂപയാക്കി കുറയ്ക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. സെർവിക്കൽ ക്യാൻസർ വാക്സിനേഷനിൽ സമാനമായ ഒരു ശ്രമം എങ്ങനെ നടത്താമെന്നതിൻ്റെ ഉദാഹരണമായി കോവിഡ് -19 വാക്സിനേഷൻ ഡ്രൈവിലൂടെ ഇന്ത്യ നേടിയെടുത്ത വിജയം സുധ ചൂണ്ടിക്കാട്ടി. അവരുടെ നിർദ്ദേശത്തിന് രാജ്യസഭയിൽ നല്ല സ്വീകാര്യത ആണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുധയുടെ അഭിപ്രായത്തെ അഭിനന്ദിച്ചു. “സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് വിശദമായി സംസാരിച്ചതിന് സുധാ മൂർത്തിയോട് എനിക്ക് നന്ദി പറയണം” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
സുധാ മൂർത്തിയുടെ രാജ്യസഭയിലെ ആദ്യ പ്രസംഗം നിർണായകമായ ഒരു ആരോഗ്യ പ്രശ്നം ഉയർത്തിക്കാട്ടുക മാത്രമല്ല ചെയ്തത്. പ്രതിരോധ ആരോഗ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യവും ജീവൻ രക്ഷാ വാക്സിനുകൾ വില കുറച്ച് ലഭ്യമാക്കാൻ വേണ്ടി വരുന്ന സർക്കാർ നടപടിയുടെ ആവശ്യകതയും കൂടിയാണ് വെളിപ്പെടുത്തിയത്.
Sudha Murty, in her debut Rajya Sabha speech, emphasizes the importance of cervical cancer vaccination and awareness. Learn about her advocacy for women’s health and the significance of preventive healthcare.