സ്ലീപ്പറുകളുടെ നിർമാണം പൂർത്തിയാകുന്ന മുറക്ക് കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിച്ചേക്കും. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണ് റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം എറണാകുളം വഴി കൊങ്കൺ പാതയിൽ ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്.
വന്ദേഭാരത് ട്രെയിനുകൾക്ക് കേരളത്തിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. കേരളത്തിന് ആദ്യഘട്ടത്തിൽ സ്ലീപ്പർ ട്രെയിനുകൾ നൽകാൻ ഇതും ഒരുകാരണമായെന്നാണ് സൂചന. രാജധാനി ട്രെയിനുകളുടെ മാതൃകയിൽ പൂർണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകളായിരിക്കും ഈ സ്ലീപ്പർ ട്രെയിനുകളിൽ ഉണ്ടാവുക. സുരക്ഷയുടെയും സൗകര്യങ്ങളുടെയും കാര്യത്തിലും മുന്നിട്ട് നിൽക്കും. കൊച്ചുവേളി– ബെംഗളൂരു വന്ദേ ഭാരത് എറണാകുളം- പാലക്കാട്-സേലം വഴിയാകും സർവീസ് നടത്തുക. തിരുവനന്തപുരം ബെംഗളൂരു ബസ്സ് റൂട്ടിലെ നിലവിലെ തിരക്ക് കുറയ്ക്കാൻ ഈ ട്രെയിൻ സർവീസിന് സാധിക്കും. കൊച്ചുവേളിയിൽ നിന്നും ബെംഗളുരുവിലേക്ക് നിലവിൽ പ്രതിദിനം ഗരീബ് രഥ് അടക്കം രണ്ടു ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.
യാത്രക്കാർ വന്ദേഭാരതിനെ അംഗീകരിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരും വർഷങ്ങളിൽ കൂടുതൽ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവെ. ഓരോ ദിവസവും ശരാശരി 85 ശതമാനം സീറ്റുകളും ബുക്ക് ചെയ്താണ് എല്ലാ വന്ദേ ഭാരത് സർവീസും യാത്ര ആരംഭിക്കുന്നത്. മടക്ക യാത്രയിൽ ഇത് 83 ശതമാനമായിരിക്കും. സാമ്പത്തികമായി റെയിൽവെയുടെ ഖജനാവ് നിറയ്ക്കാനും വന്ദേഭാരതിന് സാധിക്കുന്നുണ്ട്. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള രണ്ടാമത്തെ ഹുബ്ബള്ളി-ധാർവാഡ് വന്ദേ ഭാരത് സർവീസ് മാത്രം ഒരു വർഷം കൊണ്ട് റെയിൽവെയുടെ ഖജനാവിലെത്തിച്ചത് 28 കോടി രൂപയാണ്. ബംഗളൂരു നഗരത്തെയും ധാർവാഡിനെയും ബന്ധിപ്പിക്കുന്ന ഈ സൂപ്പർഫാസ്റ്റ് ട്രെയിൻ ദക്ഷിണ കർണാടകയിലും വടക്കൻ കർണാടകയിലുടനീളമുള്ള യാത്രക്കാരിൽ ഏറെ സ്വീകാര്യമാണിപ്പോൾ.
Kerala will soon introduce two Vande Bharat sleeper trains: Kozhikode-Bengaluru and Srinagar-Kanyakumari routes. The service from Kanyakumari to Srinagar via Thiruvananthapuram and Ernakulam will run three days a week. Also, the Udampur-Srinagar-Baramulla rail link will start in December. BEML’s Bengaluru factory is manufacturing sleeper coaches for these trains, ensuring enhanced service, safety, and comfort. These routes aim to alleviate traffic on the Thiruvananthapuram-Bengaluru bus route.