കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ എല്ലാ എൽപിജി ഗ്യാസ് ഏജൻസികൾക്കും മുന്നിൽ കനത്ത ക്യൂ ആണ് കാണപ്പെടുന്നത്. സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിംഗ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ആണ് ഈ ക്യൂ സൃഷ്ടിച്ചതും ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചതും. ഇതിനൊരു നിശ്ചിത കാലാവധി ഉണ്ടാകും എന്നും അത് തീരും മുൻപ് മസ്റ്ററിംഗ് നടപ്പിലാക്കണം എന്നുള്ളതും കൊണ്ടായിരുന്നു ഉപയോക്താക്കൾ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ രാവിലെ മുതൽ വലിയ ക്യൂവിൽ കാത്തുനിന്നത്.
എന്നാൽ ഇപ്പോഴിതാ ഗ്യാസ് മസ്റ്ററിംഗില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. ഗ്യാസും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്തിന് മറുപടിയായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിന്റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആണ് ഇലക്ട്രോണിക് കെ.വൈ.സി അഥവാ മസ്റ്ററിംഗ്.
ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഗ്യാസ് കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത നമ്പർ എന്നിവയുമായി ഉപയോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം എന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് വഴി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകള്‍ തടയാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓണ്‍ലൈനായും വിതരണ കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ടെത്തിയും നടപടി പൂര്‍ത്തിയാക്കാം. കണക്ഷന്‍ ഉടമക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതേ റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട മറ്റൊരാള്‍ക്ക് മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.
എല്‍പിജി സിലിണ്ടര്‍ വീടുകളില്‍ വിതരണം ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താക്കളുടെ ആധാര്‍ അടക്കമുള്ള രേഖകകള്‍ പരിശോധിക്കും. അതിന് ശേഷം മൊബൈല്‍ ആപ് വഴി രേഖകള്‍ അപ് ലോഡ് ചെയ്യും. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി വഴി ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങ് പൂര്‍ത്തീകരിക്കാനാകും. ആവശ്യമെങ്കില്‍ വിതരണ കേന്ദ്രത്തില്‍ എത്തി പരിശോധന നടത്താമെന്നും മന്ത്രി പറഞ്ഞു.
Learn about the recent LPG gas connection mustering in Kerala, the central government’s clarifications, and the new procedures for linking Aadhaar with LPG connections.