ഒരു ബിസിനസ് സംരംഭം ആരംഭിക്കുക, അത് വിജയിപ്പിക്കുക എന്നത് ഇപ്പോൾ വിദ്യാർത്ഥികൾ പോലും ചെയ്തു തുടങ്ങിയിരിക്കുകയാണ്. കോളേജുകളിലും സ്കൂളുകളിലും ഒക്കെ ഇപ്പോൾ വിദ്യാർത്ഥികൾക്ക് അത്തരം സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ പ്രചോദനം ആവുന്ന ക്ലാസ്സുകളും സഹായങ്ങളും ചെയ്തു കൊടുക്കാറുമുണ്ട്. ഇത്തരം ക്ലാസുകൾ ഒന്നും കിട്ടാതെ നിരവധി പ്രതിബന്ധങ്ങളെ മറികടന്നു ബിസിനസ് സംരംഭം നടത്തി വിജയിച്ചവരും നിരവധി ആണ്. അക്കൂട്ടത്തിൽ ഒരാൾ ആണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ‘ഷെൽ ഹെയർ’ എന്ന തന്റെ ബിസിനസ് സംരംഭത്തെ വലിയ വിജയമാക്കി മാറ്റിക്കൊണ്ടാണ് ഈ സംരംഭക എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നിലെത്തിയത്.
2020 -ൽ ഷെല്ലി സ്ഥാപിച്ച തന്റെ ഷെൽ ഹെയർ എന്ന കമ്പനി വളരെ കുറഞ്ഞ സമയം കൊണ്ട് വിപണിയിൽ മുൻനിരയിലെത്തി. ഹെയർ എക്സ്റ്റൻഷനുകൾ, വിഗ്ഗുകൾ, ടോപ്പറുകൾ, ബാങ്സ്, വർണ്ണാഭമായ സ്ട്രീക്കുകൾ എന്നിവയുൾപ്പെടെ നിരവധി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇന്ന് ഷെല്ലിയുടെ കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. നിലവിൽ, ഷെല്ലി എംഎസ്സി ഐടി രണ്ടാം വർഷമാണ് പഠിക്കുന്നത്. തൻ്റെ പഠനവും ബിസിനസും ഒരുപോലെ കൊണ്ടുപോകാൻ സഹായിച്ചതിന്റെ ക്രെഡിറ്റ് തൻ്റെ കോളേജിനാണ് എന്ന് ഷെല്ലി പറയുന്നു.
രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്ലൈൻ വിപണികളിൽ ഇടം നേടാൻ ഇതിനോടകം ഷെല്ലിക്ക് സാധിച്ചു. ദാതാക്കളിൽ നിന്നുള്ള ആധികാരിക ഇന്ത്യൻ റെമി മുടിയിൽ നിന്ന് സൃഷ്ടിച്ച ഷെൽ ഹെയർ, എതിരാളികളേക്കാൾ 30- 40 ശതമാനം വിലക്കുറവിൽ ആണ് ഷെല്ലി വിപണിയിൽ എത്തിക്കുന്നത്. യഥാർത്ഥ മുടികൾക്കു മേൽ ഇത് വയ്ക്കുമ്പോൾ ഒറിജിനാലിറ്റി കൊണ്ടു മികച്ചു നിൽക്കാൻ ഈ ഉൽപ്പന്നങ്ങൾക്ക് കഴിഞ്ഞത് തന്നെയാണ് ഇതിന്റെ ഗുണനിലവാരം. ഷെല്ലിയുടെ ഉൽപ്പന്നങ്ങൾ നമിതാ ഥാപ്പർ ഉൾപ്പെടെയുള്ള വ്യവസായ രംഗത്തെ പ്രമുഖരിൽ നിന്ന് ഇതിനോടകം പ്രശംസ നേടിയിട്ടുണ്ട്.
20 വയസ്സുള്ളപ്പോൾ ഒരു ബിസിനസ്സ് തുടങ്ങാൻ ഷെല്ലി തീരുമാനിച്ചു. ബിസിനസ് ഇതാണെന്നു തീരുമാനിച്ച ശേഷം അവൾ ഈ ബിസിനസിന് വേണ്ടി മുടി അന്വേഷിച്ചു തുടങ്ങി. ജയ്പൂരിലെ ഒരു കച്ചവടക്കാരനിൽ നിന്ന് 2000 രൂപയ്ക്കാണ് ആദ്യമായി ഷെല്ലി മുടി വാങ്ങുന്നത്. സ്വന്തം സ്വന്തം തയ്യൽ മെഷീനിൽ കുറച്ച് എക്സ്റ്റൻഷനുകൾ ഈ മുടി വച്ച് ഷെല്ലി ഉണ്ടാക്കി ബന്ധുക്കൾക്ക് വിറ്റു. ആളുകളിൽ നിന്ന് പോസിറ്റീവ് ഫീഡ്ബാക്ക് ലഭിക്കാൻ തുടങ്ങിയപ്പോൾ ആണ് അവൾ ഒരു വെബ്സൈറ്റ് സൃഷ്ടിച്ചത്. അതിലൂടെ അവൾക്ക് നിരവധി ഓഡറുകൾ ലഭിച്ചു തുടങ്ങി. നിലവിൽ ഈ സ്റ്റാർട്ടപ്പിന് ഏകദേശം 1.2 കോടി രൂപയാണ് വാർഷിക വരുമാനം. കഴിഞ്ഞ വർഷം, അതായത്, 2021-22 ൽ ഈ കമ്പനിയുടെ വിൽപ്പന ഏകദേശം 36 ലക്ഷം രൂപയായിരുന്നു.
ഷാർക്ക് ടാങ്ക് ഇന്ത്യ എപ്പിസോഡിൽ ഷെല്ലി തന്റെ സ്റ്റാർട്ടപ്പിനു വേണ്ടി 10 കോടി രൂപയുടെ മൂല്യനിർണയമാണ് നടത്തിയത്. ഒപ്പം 30 ലക്ഷം രൂപയ്ക്ക് പകരമായി 3 ശതമാനം ഓഹരികൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ ഡീൽ അമൻ ഗുപ്ത ഉറപ്പിക്കുകയും ഷെൽ ഹെയർ കമ്പനിയുടെ യാത്രയിൽ ഒരു പ്രധാന നാഴികക്കല്ലായി ഈ ഡീൽ മാറുകയും ചെയ്തു. ഷോയിലെ പ്രകടനത്തെ തുടർന്ന് ഷെല്ലി ഇൻസ്റ്റാഗ്രാമിലും താരമാണിപ്പോൾ.
Discover Shelly Bulchandani’s journey from Ajmer to Shark Tank India, revolutionizing the hair extension industry with The Shell Hair, known for quality and innovation.