ഏറെ കൊട്ടിഘോഷിച്ച് ഫ്ലാഗ് ഓഫ് ചെയ്ത നവകേരള ബസ് സർവീസ് കഴിഞ്ഞ രണ്ട് ദിവസമായി ഒരു സീറ്റ് പോലും ബുക്ക് ചെയ്യാത്തതിനാൽ സർവീസ് മുടങ്ങിയിരിക്കുകയാണ്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് യാത്രക്കാരില്ലാത്തതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ സർവീസ് തടസ്സപ്പെട്ടു.
ബസിൽ ആരും സീറ്റ് ബുക്ക് ചെയ്തിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. മെയ് 5 മുതലാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത്. നവകേരള സദസിനായി പ്രത്യേകം നിർമിച്ച ആഡംബര ബസാണ് ഗരുഡ പ്രീമിയം. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഈ ബസ് ആയിരുന്നു ഉപയോഗിച്ചത്. ഈ ബസിൽ മാറ്റങ്ങൾ വരുത്തിയാണ് കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.
ആധുനിക രീതിയിൽ എയർകണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ്ബാക്ക് സീറ്റുകളാണുള്ളത്. കൂടാതെ, യാത്രക്കാർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന ഒരു ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനമുണ്ട്. ഭിന്നശേഷിയുള്ള യാത്രക്കാർക്കോ പടികൾ കയറാൻ കഴിയാത്ത പ്രായമായവർക്കോ ലിഫ്റ്റ് ഉപയോഗിക്കാം. ശുചിമുറി, വാഷ് ബേസിൻ, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജിംഗ് യൂണിറ്റുകൾ എന്നിവ ബസിൽ ക്രമീകരിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും ഉയർന്ന ടിക്കറ്റ് നിരക്കുകൾ യാത്രക്കാരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. നവകേരള ബസിനെ യാർഡിൽ തുരുമ്പെടുക്കാതെ രക്ഷിച്ചത് കെഎസ്ആർടിസി ആയിരുന്നു. ഇത് സർക്കാരിനും അഭിമാനമായ പദ്ധതി ആയി മാറി. മന്ത്രി കെ.ബി.ഗണേഷ് കുമാർ വിഷയത്തിൽ ഇടപെടാൻ സാധ്യതയുണ്ട്.
ബസിന്റെ സമയ ക്രമീകരണങ്ങളും ബസ് യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. വെളുപ്പിനെ 4 മണിക്കാണ് കോഴിക്കോട് നിന്നും ബസ് സർവീസ് ആരംഭിക്കുന്നത്. ഇത് കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ബാംഗ്ലൂരിൽ 12 മണിക്ക് എത്തേണ്ട ബസ് താമസിച്ചാണ് ബാംഗ്ലൂരിൽ എത്തുന്നത്. ഇതൊക്കെ കാരണം ബസിന്റെ സമയ ക്രമത്തിൽ മാറ്റം വരുത്തണം എന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ബുധനും വ്യാഴവും ബുക്കിങ്ങൊന്നുമില്ലാത്തതിനാൽ സർവീസ് നിർത്തേണ്ടി വന്നു. അതേ സമയം, വെള്ളിയാഴ്ച ബുക്കിങ് ഉള്ളതിനാൽ സർവീസ് നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.
The Navkerala bus service from Kozhikode to Bengaluru has been suspended for two days due to zero bookings. KSRTC reports that the high ticket prices and inconvenient schedule have deterred passengers. Minister KB Ganesh Kumar may intervene to address the issue.