കൈവിരലിലെണ്ണാവുന്നത്ര മാത്രമുള്ള ലോകത്തിലെ വന്‍കിട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം ഉയരുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടോയെ കേരളം ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി കെ വാസൻ, സംസ്ഥാന മന്ത്രിമാർ, അദാനി പോർട്ട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കപ്പലിന് സ്വീകരണം നൽകിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖമായി ഇവിടം മാറുമെന്നാണുറപ്പ്.
“കൈവിരലിലെണ്ണാവുന്നത്ര മാത്രമുള്ള ലോകത്തിലെ വന്‍കിട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം ഉയരുകയാണ്. മദര്‍ ഷിപ്പുകള്‍, അതായതു വന്‍കിട ചരക്കു കപ്പലുകള്‍ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്കു ബര്‍ത്തു ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് ഇവിടം മാറുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന് ഇതോടെ ആരംഭിക്കുകയാണ്. ഇപ്പോള്‍ ട്രയൽ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ തന്നെ പൂര്‍ണ്ണ പ്രവര്‍ത്തന രീതിയിലേക്കു മാറുകയാണ്. പോര്‍ട്ടുകളുടെ പോര്‍ട്ട് എന്നു പറയാവുന്ന വിധത്തിൽ അല്ലെങ്കിൽ മദര്‍ പോര്‍ട്ട് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ തുറമുഖമായി ഇതു മാറുകയാണ്.
രണ്ടും മൂന്നും നാലും ഘട്ടങ്ങള്‍ പൂര്‍ത്തിയായി. എല്ലാ വിധത്തിലും സുസജ്ജവും സമ്പൂര്‍ണ്ണവുമായ വിശാല തുറമുഖമായി ഇത് 2045ൽ മാറണമെന്ന നിലയ്ക്കാണു വിഭാവനം ചെയ്തിരുന്നത്. എന്നാൽ അതിന് ഏതാണ്ട് 17 വര്‍ഷം മുമ്പേതന്നെ ഇതു സമ്പൂര്‍ണ്ണ തുറമുഖമായി മാറുന്ന നിലയിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ കഴിയുകയാണ്” എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
2028 ഓടുകൂടി ഇതു സമ്പൂര്‍ണ്ണ തുറമുഖമായി മാറും എന്നും മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞത്ത് ഇന്നുണ്ടായത് കേരളത്തിന്റെ ദീർഘകാലത്തെ സ്വപ്ന സാഫല്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെയാണ് മദർഷിപ്പ് സാൻഫെർണാണ്ടോ വിഴിഞ്ഞത്തെത്തിയത്. ഇന്ന് രാവിലെ നടന്ന ട്രയൽ റണ്ണിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
Explore the growth of Vizhinjam International Port as it welcomes its first mother ship, marking a pivotal moment for Kerala and India’s maritime aspirations.