1942! രണ്ടാം ലോകമഹായുദ്ധവും ക്വിറ്റ് ഇന്ത്യാ മൂവ്മെന്റും കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ഇന്ത്യൻ ജനതയുടെ കലാപ കാലം. ചമ്പക് ലാൽ ചോക്സി, സൂര്യകാന്ത് ഡാനി, ചിമൻലാൽ ചോക്സി, അരവിന്ദ് വകിൽ എന്ന നാല് ചങ്ങാതിമാർ, മൂംബൈയിലെ ഒരു ചായ്പിൽ ഇരുന്ന് ചായം ചാലിച്ച് ചരിത്രത്തിലേക്ക് ചേക്കേറി!

1952, സംരംഭം തുടങ്ങി വെറും 10 വർഷം, ലാഭം 23 കോടി. 1967-ൽ ഈ ബ്രാൻഡ്, രാജ്യത്തെ പെയിന്റ് ബിസിനസ്സിന്റെ മാർക്കറ്റ് പിടിച്ചു.
ഇന്ന് 8000-ത്തിലധികം ജീവനക്കാർ. മാർക്കറ്റ് ഷെയറിന്റെ 60%ത്തോളം നിയന്ത്രണം. 30,000 കോടിയുടെ വാർഷിക വിറ്റുവരവ്. 20 ശതമാനത്തോളം വരുന്ന ഇംപ്രസീവായ പ്രോഫിറ്റ് മാർജിൻ! വെറും നാല് വർഷത്തിനുള്ളിൽ ഒരു ഷെയറിൽ വന്ന കുതിപ്പ് 11 രൂപയോളം! ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനി. തൊട്ടടുത്ത എതിരാളിയേക്കാൾ ഇരട്ടി വിൽപ്പന! 60 രാജ്യങ്ങളിൽ ബിസിനസ്സ്! ഇന്ത്യയിൽ നിന്നുള്ള ഒരു മൾട്ടിനാഷണൽ ഭീമൻ! ഏഷ്യൻ പെയിന്റ്സ്! ഈ ഏഷ്യൻ പെയിന്റ്സിന് ഇന്ന് പ്രായം 82 വയസ്സ്!

അടുത്ത 10 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി വരുമാനമുള്ള കമ്പനിയായി ഏഷ്യൻ പെയിന്റ്സിനെ മാറ്റുമെന്ന് എംഡിയും സിഇഒ-യുമായ അമിത് സിംഗൾ (Amit Syngle) പറയുന്നു.

സമകാലികരായ പെയിന്റ് ബ്രാൻഡുകളെ പിന്തള്ളി ഏഷ്യൻ പെയിന്റ്സിനെ മാർക്കറ്റിലെ അഞ്ഞൂറാനാക്കിയത് എന്തായിരിക്കും? ഇന്ത്യ വിശാലമാണെന്നും ഓരോ കോണിലുമുള്ള കസ്റ്റമേഴ്സിനും വ്യത്യസ്തമായ പ്രാദേശിക വികാരങ്ങളുണ്ടെന്നും അവർക്ക് മനസ്സിലാക്കാനായി. ആർക്ക് ആ നാല് ചങ്ങായിമാർക്ക്! അത്ര ഇന്റലിജന്റായിരുന്നു അവർ. ഏഷ്യൻ പെയിന്റ്സ് അൾട്ടിമ, റോയാൽ തുടങ്ങിയ ബ്രാൻുകളെ എത്ര ആഴത്തിലാണ് നമ്മൾ മലയാളി ഓഡിയൻസിന് മുന്നിൽ കൊണ്ടിറക്കിയത്?

മലയാളിയെ മനസിലാക്കിയ മാർക്കറ്റിംഗ്
പായലേ വിട പൂപ്പലേ വിട എന്നന്നേക്കും വിട എന്ന പരസ്യം കേൾക്കാത്ത മലയാളിയുണ്ടോ? മറ്റൊരു പരസ്യത്തിൽ, തെങ്ങ് കയറാൻ വന്ന കുമാരൻ പാടുകയാണ് ചന്ദിരൻ ചേട്ടന്റെ വീട് കണ്ടാൽ അമ്പിളിമാമൻ ഉദിച്ചപോലെ. കേരളത്തിന്റെ കാലാവസ്ഥയും, കാർമേഘവും, കളരിയും, കളിച്ചുണ്ടനും അവരുടെ പരസ്യത്തിന്റെ വിഷ്വലാകുന്നത് അതുകൊണ്ടാണ്. കേരളത്തെ ഇതേപോലെ ഫെസ്റ്റിവലൽ മൂഡിൽ അവതരിപ്പിച്ച മറ്റേത് ബ്രാൻഡുണ്ടാകും?

ഇതേപോലെ ആസാമിലും പഞ്ചാബിലും ഗുജറാത്തിലും, ശ്രീലങ്കയിലും അതാത് പ്രാദേശികതയെ, അവിടുത്തെ വികാരങ്ങളെ,
സൂക്ഷമമായി സ്വാംശീകരിച്ച് വിഷ്വലാക്കി അവതരിപ്പിച്ചു ഏഷ്യൻ പെയിന്റ്സ്! ഒരുവശത്ത് ഇമോഷൻസ് നിറച്ച പരസ്യത്തിലൂടെ കസ്റ്റമേഴ്സിന്റെ മനസ്സിലേക്ക് കയറുമ്പോൾ മറുവശത്ത് ടെക്നേളജി ഉപയോഗിച്ച് എക്സ്പീരിയൻസ് സെന്ററുകൾ യാഥാർത്ഥ്യമാക്കി. ഇന്ത്യയിലാദ്യമായി കസ്റ്റമേഴ്സിന് കൺമുന്നിൽ കംപ്യൂട്ടറിൽ കൂട്ടിച്ചേർത്ത് കണ്ണിന് കുളിരുള്ള കളറ് കാട്ടിത്തന്നു ഏഷ്യൻ പെയിന്റ്സ്! 43,000 ടിൻടിംങ് മെഷീൻസാണ് (tinting machines) കസ്റ്റമേഴ്സിന് കളർ ഷെയ്ഡ്സ് തെരഞ്ഞെടുക്കാനായി രാജ്യമാകെ വിന്യസിച്ചത് . കാരണം ഓരോ കസ്റ്റമറേയും അത്ര ആഴത്തിൽ അവർ പരിഗണിച്ചു!

ഒരേ സമയം കസ്റ്റമറേയും വിൽപ്പനക്കാരനേയും കൈയ്യിലെടുക്കുന്ന ഗുജറാത്തിയുടെ തന്ത്രം. സംഭവം സിംപിളാണ്, ഒരു വശത്ത് കസ്റ്റമേഴ്സിന്റെ വികാരങ്ങളെ സ്വാധീനിക്കുന്ന പരസ്യങ്ങൾ, മറുവശത്ത് വിൽപ്പനക്കാരന് കാശ് കൈയ്യിലേക്ക് വരുന്ന ബിസിനസ്സ് പ്ലാൻ! മികച്ച സ്പ്ളൈ ചെയിൻ, വ്യത്യസ്തങ്ങളായ പ്രൊഡക്റ്റ്സ്. അതാണ് ഏഷ്യൻ പെയിന്റ്സ് എന്ന കോർപ്പറേറ്റ്!
ചായത്താൽ ചമയമൊരുക്കി, ചന്തം കാട്ടി നിൽക്കുന്ന ഏഷ്യൻ പെയിന്റ്സിന് ഒരു ഭൂതകാലമുണ്ട്. കോർപ്പറേറ്റ് ആകുന്നതിനും മുമ്പൊരു കാലം. വീണ്ടും സമയത്തെ ഒന്ന് റീവൈൻഡ് ചെയ്യുന്നു നമ്മൾ!

1942-ലെ പിറവി
വിദേശ പെയിന്റ് കമ്പനികൾക്ക് താൽക്കാലിക നിരോധനം സർക്കാർ ഏർപ്പെടുത്തിയ സമയമായിരുന്നു 1940-കൾ. ഷാലിമാർ പെയിന്റ്സ് മാത്രം മാർക്കറ്റിൽ. ഇതിൽപരം മികച്ച സന്ദർഭമുണ്ടോ? ജെയിൻ സമുദായത്തിലെ ആ നാല് ചങ്ങാതിമാർ മുംബൈയിലെ ഗിർഗോണിലെ ഒരു ഗ്യാരേജിൽ തുടങ്ങുമ്പോൾ പേര് ഏഷ്യൻ ഓയിൽ ആന്റ് പെയിന്റ് കമ്പനി എന്നായിരുന്നു. 1942, ൽ മികച്ച പരസ്യത്തിന്റെ അകമ്പടിയോടെയാണ് ആ ബ്രാൻഡ് പിറന്നത്.

ഒന്ന് ആലോചിച്ച് നോക്കൂ, അക്കാലം, അക്കാലത്ത് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമല്ലാതിരുന്നിട്ടും, വെറും പത്രം മാത്രം പ്രചരിച്ചിരുന്ന കാലമായിട്ടും പരസ്യത്തിൽ ആറാടി അവതരിച്ച ഒരു ഇന്ത്യൻ ബ്രാൻഡാണ് ഏഷ്യൻ പെയിന്റ്സ്! വലിയ ടിന്നുകളിൽ മാത്രം പെയിന്റ് കിട്ടിയിരുന്ന സമയത്ത് ചെറിയ പാക്കറ്റുകളിൽ കുറച്ചുകൂടി കുറഞ്ഞ വിലയിൽ പെയിന്റ് ഇറക്കി. സംഭവം തുടക്കം തന്നെ ഹിറ്റ്!
ഗ്രാമങ്ങളിലെത്താൻ ഒരാള് വേണം

ഇനി രാജ്യത്തെ ഗ്രാമങ്ങളിലേക്ക് പോകണം. സാധാരണക്കാരായ ഉപഭോക്താക്കളെ സമീപിക്കണം. 1940-കളുടെ അവസാനമാണെന്ന് ഓർക്കണം. നിരക്ഷരരായ ഇന്ത്യൻ കസ്റ്റമേഴ്സിലേക്ക് കേവലം ഒരു പേരുകൊണ്ട് മാത്രം റീച്ച് ചെയ്യാൻ കഴിയില്ല. കാരണം അത് വായിച്ച് ഓർത്ത് വെക്കാനൊന്നും അക്കാലത്തെ മിഡിൽ ക്ലാസിന് കഴിഞ്ഞെന്ന് വരില്ല!

നിർമ്മ വാഷിംഗ് പൗഡറിലെ പെൺകുട്ടിയെ പോലെ, എയർ ഇന്ത്യയിലെ മഹാരാജയെപ്പോലെ നമ്മുടെ പെയിന്റിന് ഒരു ഭാഗ്യചിഹ്നം വേണം. വിപുലമായ ക്രിയേറ്റീവ് ടീം, അന്നേ ഏഷ്യൻ പെയിന്റ്സിലുണ്ട്. അതിൽ ലക്ഷ്മൺ എന്നൊരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. ഏഷ്യൻ പെയിന്റ്സിന്റെ ഭാഗ്യചിഹ്നത്തെ വരച്ചെടുക്കാൻ അദ്ദേഹത്തോട് മാനേജ്മെന്റ് നിർദ്ദേശിച്ചു. ഉറക്കമില്ലാ രാവുകൾ. ലക്ഷ്മൺ തലപുകഞ്ഞാലോചിച്ചു, അദ്ദേഹത്തിന് സ്വയം തൃപ്തി തോന്നും വിധമൊന്നും വരുന്നില്ല.
അവൻ പിറക്കുന്നു
ദിവസങ്ങൾ കഴിയുന്നു, ഏഷ്യൻപെയിന്റ്സിന്റെ ഭാഗ്യചിഹ്നം മാത്രം തലയിൽ, അങ്ങനെ ഒരു ദിവസം, സിഗരറ്റ് കൊളുത്തി പുകയൂതി നിൽക്കവേ, ആ പുകച്ചുരുളിൽ ഒരു പയ്യന്റെ രൂപം തെളിഞ്ഞു, ആ അതെ അതുതന്നെ, ലക്ഷ്മൺ വേഗം ക്യാൻവാസിലേക്ക് പകർന്നു ആ രൂപം. നെറ്റിയും ഒരു കണ്ണും കാണാൻ പറ്റാത്ത വിധം അലങ്കോലമായി മുന്നിലേക്ക് വീണ മുടി, വികൃതിയുടെ അടയാളങ്ങളെല്ലാം തികഞ്ഞ ചിരിയും കണ്ണും കോലവും. കൈയ്യിൽ പെയിന്റ് ബ്രഷ്! ഷർട്ടും ട്രൗസറും! ആ നിൽപ്പ് കണ്ടാൽ അറിയാം ഒരു തനി വികൃതി ചെക്കൻ!

ചെക്കന് ഒരു പേര് വേണം!
കൊള്ളാം അസ്സലായിരിക്കുന്നു, ഇനി ഇവന് ഒരു പേര് വേണം. ഈ ചെറുക്കന് ഒരു പേര് വേണം. പത്രത്തിൽ ഈ പടവും വെച്ച് പരസ്യം ചെയ്തു, എനിക്ക് പേര് നിർദ്ദേശിക്കൂ, 250 രൂപ നേടൂ. 1950-കളിലാണ് 250 രൂപ പ്രൈസ് മണി പ്രഖ്യാപിച്ചത്. പേര് നിർദ്ദേശിക്കാനുള്ള അവസാന ദിവസം കഴിഞ്ഞ് പിന്നേയും ദിവസം നീട്ടി നൽകി, ഇത്തവണ വിജയിക്ക് 500 രൂപ പ്രഖ്യാപിച്ചു. അന്ന് കാർഡും കത്തുമല്ലേ ഏകവഴി. ഏഷ്യൻ പെയിന്റ്സിന്റെ മുംബൈ ഓഫീസ് കത്തുകളാൽ നിറഞ്ഞു. ജീവനക്കാരുടെ പണി കത്ത് പൊട്ടിച്ച് പേര് എഴുതി വെയ്ക്കുക മാത്രമായി. 50,000-ത്തോളം കത്തുകൾ! ഒടുവിൽ പേര് കിട്ടി.

ഗട്ടു! വികൃതി പയ്യൻ ഗട്ടു! പിന്നെ ഇന്ത്യ കണ്ടത് ഈ വികൃതിയുടെ വിളയാട്ടമാണ്! 1954 മുതൽ അമ്പത് വർഷത്തോളം പെയിന്റ് ടിന്നിലും ചുമരിലും ആകാശം മുട്ടെ പൊങ്ങിയ പരസ്യ ബോർഡുകളിലും പത്രത്തിലും ടിവിയിലും എല്ലാം ഗട്ടു തന്നെ. ഇന്ത്യയാകെ ഗട്ടു! 1970-കൾ 80-കൾ, 90-കൾ ഏഷ്യൻ പെയിന്റ്സ് എന്നതിനേക്കാൾ ഗട്ടു പെയിന്റ് എന്ന് ഇന്ത്യക്കാരന്റെ മനസ്സിൽ പതിഞ്ഞു. ഉത്തരേന്ത്യയിലൊക്കെ കടകളിൽ ആളുകൾ ചെന്നാൽ ചോദിക്കുക, ആ പയ്യന്റെ പടമുള്ള പെയിന്റ് എന്നായി. ലോകത്തെ ഏത് കമ്പനിയും ആഗ്രഹിക്കുന്ന ബ്രാൻഡ് റീകോളിംഗിന്റെ പല അവസ്ഥാന്തരങ്ങളേയും ഗട്ടു അപ്രസക്തമാക്കി. ഏഷ്യൻ പെയിന്റ്സിന്റെ വിൽപ്പന 10 ഇരട്ടിയായി.
ചായം വിതറി ഗട്ടു!
ഫെസിറ്റിവൽ സീസണുകളിൽ ഗട്ടു പെയിന്റ് ബ്രഷും പാട്ടയുമായി ഇറങ്ങും. ഓണത്തിന് പുലികളിക്കൊപ്പം, പൊങ്കലിന് തമിഴ് സ്റ്റൈലിൽ, ബംഗാളിൽ ദസ്റ പശ്ചാത്തലത്തിൽ.. അങ്ങനെ ഇന്ത്യയിലെ നാട്ടിടവഴികളിൽ നിന്ന് അതാത് സംസ്ക്കാരത്തിന്റേയും ആഘോഷത്തിന്റേയും താളത്തിനും തരംഗത്തിനുമൊപ്പം ഗട്ടു നാടാകെ ചായമടിച്ചു. എന്തിന് തെരഞ്ഞെടുപ്പുകളിൽ പോലും ഗട്ടു ഡയലോഗുമായി വരും!

ഒരു ഭാഗ്യചിഹ്നം കൊണ്ട് കമ്പനി കുന്നോളം ആഗ്രഹിച്ചെങ്കിൽ ഗട്ടു ഹിമാലയത്തോളം തിരികെ നൽകി. 1990-കളിൽ പുതിയ ക്യാംപയിനുമായി ഗട്ടു വന്നു- Har Ghar Kuch Kehta He – എല്ലാ വീടും ചിലത് പറയുന്നുണ്ട്- വീട്ടുടമസ്ഥനെക്കുറിച്ച്! ഇന്ത്യ കണ്ട ഏറ്റവും ഹിറ്റായ പരസ്യങ്ങളിലൊന്നായി അത്. ഗട്ടു, ഏഷ്യൻ പെയിന്റ്സിന്റെ ഓഫീസിൽ ദൈവ പരിവേഷത്തിലെത്തി എന്നാണ് അക്കാലത്ത് കേട്ടിരുന്നത്. ഇതിൽ കൂടുതലൊന്നും ഒരു ഭാഗ്യ ചിഹ്നത്തിന് ഒരു ബ്രാൻഡിന് വേണ്ടി ചെയ്യാനാകില്ല. 2000 ആയപ്പോഴേക്കും ഗട്ടു പതിയെ പതിയെ പരസ്യങ്ങളിൽ നിന്ന് ഒഴിവായി തുടങ്ങി! ഒരു കമ്പനിക്കുവേണ്ടി അവിടുത്തെ ഒരു സ്റ്റാഫ് വരച്ച കാർട്ടൂൺ ചിത്രം ആ കമ്പനിയുടെ ഭാഗ്യവും തലവരയും മാറ്റി മറിക്കുക.
ആരാണ് ആ ആർട്ടിസ്റ്റ്?
ഒടുവിൽ ആ ഭാഗ്യചിഹ്നത്തെ ബ്രാൻഡിംഗിൽ നിന്ന് ഒഴിവാക്കുന്ന സാഹചര്യത്തിൽ കമ്പനിയുടെ ടോപ് ലീഡർഷിപ് ആ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി അദ്ദേഹം വരച്ച ആ ചരിത്ര ചിഹ്നത്തെ പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നു എന്ന് പറയുന്നു.

ഐതിഹാസികമായ ആൾക്കാരായാൽ അങ്ങനെ ആയല്ലേ പറ്റൂ, കമ്പനിയുടെ കാര്യമല്ല പറഞ്ഞത്, ഗട്ടുവിനെ വരച്ച ആ ആർട്ടിസ്റ്റിന്റെ കാര്യമാണ്! ആരാണ് സിഗരറ്റിന്റെ പുകച്ചുരുളിൽ ഗട്ടുവെന്ന വികൃതിയെ ആദ്യം കണ്ട ആ ആർട്ടിസ്റ്റ് എന്നറിയാമോ? ഇന്ത്യ കണ്ട എക്കാലത്തേയും വലിയ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ്! രാജ്യം പദ്മഭൂഷണും പദ്മവിഭൂഷണും നൽകി ആദരിച്ച രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മൺ! സാക്ഷാൽ ആർ.കെ ലക്ഷ്മൺ!
പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റുകളുടെ പെരുന്തച്ചൻ!
ലെജന്റിന്റെ വര!
ആർ.കെ ലക്ഷ്മണിനെ അറിയില്ലേ? ടൈംസ് ഓഫ് ഇന്ത്യയിൽ ദ കോമൺ മാൻ എന്ന കഥാപാത്രത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രീയത്തെ നോക്കി കണ്ട ലക്ഷ്മൺ! ആയിരം വാക്കുകളേക്കാൾ അതിശക്തമായ ഒരു വര കൊണ്ട് നാട്ടിലെ നീതികേടിനെതിരെ പോരാടിയ മഹാമനുഷ്യൻ! ഈ മനുഷ്യന്റെ കാർട്ടൂൺ കാണാനും ചിന്തിക്കാനും വേണ്ടി മാത്രം ടൈംസ് ഓഫ് ഇന്ത്യ വാങ്ങിയിരുന്ന എത്ര പേർ ഉണ്ടെന്നറിയാമോ അക്കാലത്ത്? ആർ.കെ ലക്ഷ്മൺ എന്ന ജീനിയസ്സിന്റെ പേനയിൽ നിന്ന് വീഴുന്ന ഒരു തുള്ളി മഷിക്ക് പോലും മനുഷ്യ മനസ്സിനെയാകെ മയക്കിക്കിടത്താനുള്ള മന്ത്രശക്തിയുണ്ടായിരുന്നു!

ഇപ്പോ മനസ്സിലായില്ലേ വെറും ഒരു വികൃതി ചെക്കന് എങ്ങനെ ഇന്ത്യ കീഴടക്കാനായെന്ന്? അപ്പോ ആ ഗട്ടുവിനെ വെറുതെ പിന്നിലേക്ക് മാറ്റിനിർത്താനാകുമോ? ഗട്ടുവിനെ വരയ്ക്കുമ്പോൾ ആർ കെ ലക്ഷ്മൺ ഏഷ്യൻ പെയിന്റ്സിലെ സ്റ്റാഫായിരുന്നു.
ആർ കെ ലക്ഷമണനെ കണ്ട് അനുവാദം വാങ്ങിയാണ് ഏഷ്യൻ പെയിന്റ്സ് ഗട്ടുവിന്, അവന്റെ നാൽപത്തി ആറാം വയസ്സിൽ റിട്ടയർമെന്റ് നൽകിയത്! 2002-ഓടെ എന്നന്നേക്കുമായി ഗട്ടു മറഞ്ഞു, എല്ലാ പെയിന്റ് ടിന്നുകളിൽ നിന്നും, പരസ്യങ്ങളിൽ നിന്നും.
മറ്റൊരു കാരണവും ഉണ്ടോ?
ഗട്ടുവിനെ ഏഷ്യൻ പെയിന്റ്സിന്റെ മുഖചിത്രങ്ങിൽ നിന്ന് മാറ്റി, തട്ടിൻപുറത്ത് ഒളിപ്പിച്ചുവെക്കാൻ മറ്റൊരുകാരണം കേൾക്കുന്നുണ്ട്. ഗട്ടുവിനെ കൊണ്ടുവന്നത് 1950-കളിൽ സാധാരണക്കാരായ, ഗ്രാമീണരായ, മിഡിൽ ക്ലാസിനെ പിടിക്കാനായിരുന്നല്ലോ. അതാണ് ആ ഓഡിയൻസിന് പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാവുന്ന ഒരു രൂപത്തെ ആർ.കെ ലക്ഷ്മൺ സൃഷ്ടിച്ചതും. പതിറ്റാണ്ടുകൾ കഴിഞ്ഞു.

ഏഷ്യൻ പെയിന്റ്സ് സാധാരണക്കാരന്റെ പെയിന്റ് ആയി ചുരുങ്ങിപ്പോയാൽ ശരിയാവില്ല! പ്രീമിയം ആകണം. പ്രീമിയം ക്ലാസിന് യോജിക്കാവുന്ന മുഖമായിരുന്നില്ല ഗട്ടുവിന്റേത്. വികൃതി ചെക്കനെ വെച്ച് പ്രീമിയത്തിൽ വിൽക്കാനാവില്ല! ബ്രാൻഡിംഗിൽ കോർപ്പറേറ്റ് ബുദ്ധി പ്രയോഗിച്ചു. ഏഷ്യൻ പെയിന്റ്സ്, A P എന്ന ലെറ്ററുകളിൽ വരച്ച ലോഗോയിലേക്ക് ഐഡന്റിറ്റി മാറ്റിയെടുത്തു.
ഗട്ടു എന്ന ചരിത്രം
ഗട്ടു അരങ്ങത്ത് നിന്ന് അകത്തേക്ക് മാറി. അത് അങ്ങനെ ആവണമല്ലോ, കാലത്തിനനുസരിച്ച് മാറിയല്ലേ പറ്റൂ! മനുഷ്യനായാലും മനസ്സായാലും മാർക്കറ്റിംഗ് ആയാലും! പക്ഷെ, ഭാഗ്യം കൊണ്ടുവന്ന പയ്യനല്ലേ, കൊല്ലാൻ പറ്റില്ലല്ലോ, ഗട്ടു ഇനാമൽ എന്ന ഒരു പ്രൊഡക്റ്റ് ഇപ്പോഴും മാർക്കറ്റിൽ നിലനിർത്തിയിട്ടുണ്ട് ഏഷ്യൻ പെയിന്റ്സ്!

ഗട്ടു, ഒരു പ്രതിഭയുടെ വിചാരത്തിൽ നിന്ന് വരയിലേക്ക് വന്നു വീണ വികൃതി! അവൻ കോടികൾ കോരിയെടുക്കാൻ ഒരു കോർപ്പറേറ്റിനെ സഹായിക്കുന്നു. ഒടുവിൽ അവന് ജന്മം കൊടുത്ത ജീനിയസ്സും, ജീവനില്ലാത്ത ഗട്ടു എന്ന ആ രൂപവും കാലത്തിന്റെ കിത്താബിലേക്ക് മടങ്ങുന്നു! പക്ഷെ ചരിത്ര സൃഷ്ടികൾക്ക് ഒരു പ്രശ്നമുണ്ട്, തലമുറകൾ അത് പങ്കുവെക്കും. ഉടമ മറന്നാലും ഊർജ്ജം ചോരാതെ ഉയിരോടെ ഇരിക്കും. ഗട്ടുവിനെപ്പോലെ!
Discover the fascinating history of Asian Paints, India’s largest paint company, from its founding in 1942 to becoming a multinational giant. Learn about Gattu, the iconic mascot created by RK Laxman, and how it played a pivotal role in the company’s success.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.