ചക്കയും മാങ്ങയുമൊക്കെ വീട്ടിൽ സുലഭമായി ലഭിക്കുമെങ്കിലും മലയാളികൾ, ഇവയുടെ ഒക്കെ സീസൺ സമയം കഴിഞ്ഞാൽ പിന്നെ ആയിരങ്ങൾ ചിലവാക്കി ആണെങ്കിലും വാങ്ങാൻ തയ്യാറായവർ ആണ്. ഇതുപോലെ വീട്ട് മുറ്റത്ത് സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് ആഞ്ഞിലിപ്പഴം. കൂടുതലും കേരളത്തിൽ കാണപ്പെടുന്ന ഈ മരം ജനുവരി മുതൽ മാർച്ച് മാസം വരെയാണ് പൂക്കുന്നത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളാണ് ആഞ്ഞിലിയുടെ വിളവെടുപ്പുകാലം. ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ പല സ്ഥലങ്ങളിലും ഇത് അറിയപ്പെടുന്നു.
പൊതുവെ രോഗബാധ കുറഞ്ഞ ഇനം മരമാണ് ആഞ്ഞിലി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധ ഗുണങ്ങളും ഈ നാടൻ പഴത്തിനുണ്ട്. ജീവകം എ,സി എന്നിവയും സിങ്ക്, സോഡിയം, ഫോളിക് ആസിഡ്, പൊട്ടാസിയം എന്നിവയും ഇതിൽ ധാരാളമുണ്ട്. ഫൈബർ ധാരാളമടങ്ങിയിട്ടുണ്ട് ഈ പഴത്തിൽ.ഇതിന്റെ കുരുവും വറുത്ത് തൊലി കളഞ്ഞ് ഭക്ഷിക്കാവുന്നതാണ്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നതിനൊപ്പം ആഞ്ഞിലിപ്പഴത്തിന്റെ മാംസത്തിലും വിത്തിലും അസ്കോർബിക് ആസിഡും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ആൻ്റിഓക്സിഡൻ്റ് പ്രവർത്തനത്തിന് സഹായിക്കുന്നു. ഇതിലെ ഫൈറ്റോകെമിക്കലുകൾ ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ, അസ്ഥികളുടെ വേദന തുടങ്ങിയവയുടെ അപകടസാധ്യതകൾ കുറയ്ക്കുന്നു. നാഡികളുടെയും പേശികളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിനു കഴിയും. രക്തത്തിലെ ഹാനികരമായ ഹോമോസിസ്റ്റീൻ സാന്ദ്രത കുറയ്ക്കാനും ഈ പഴങ്ങൾക്ക് കഴിയും. ഉയർന്ന അളവിൽ പൊട്ടാസ്യം ഉള്ളതിനാൽ, രക്തസമ്മർദ്ദം കുറയ്ക്കാൻ ആഞ്ഞിലിപ്പഴം സഹായിക്കുന്നു. പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുടെ അപകടസാധ്യതകളെ തടയുകയും ചെയ്യുന്നുണ്ട്. ആഞ്ഞിലിപ്പഴത്തിൽ നിന്ന് ലഭിക്കുന്ന മറ്റ് ചില അവശ്യ ധാതുക്കൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുന്നവയാണ്.
ഇത്രയേറെ ആരോഗ്യഗുണങ്ങളും പോഷക സമൃദ്ധവുമാണ് ഈ കുഞ്ഞൻ പഴങ്ങൾ എന്നുള്ള അറിവ് നമുക്കൊക്കെ കുറവ് ആയിരുന്നു. അതുകൊണ്ട് തന്നെ വീട്ടുമുറ്റത്ത് വീണ് ഇവ നശിച്ചുപോകുന്നത് കേരളത്തിൽ ഒരു സ്ഥിരം കാഴ്ചയും ആയിരുന്നു മുൻപ്. ഇപ്പോൾ, എന്നാൽ കാലം മാറിയിരിക്കുകയാണ്. ആഞ്ഞിലിപ്പഴത്തെ പുതു തലമുറ ഏറ്റെടുത്തിരിക്കുകയാണ്. പഴ വിപണിയിൽ വൻ ഡിമാന്റായതോടെ ആഞ്ഞിലി ചക്കയ്ക്ക് 800 മുതൽ 1000 വരെ ആണ് ഇപ്പോൾ വില. കീടനാശിനി സാന്നിദ്ധ്യമില്ലാത്ത പഴ വർഗമെന്ന നിലയിൽ പോഷക സമൃദ്ധമായ ആഞ്ഞിലിച്ചക്ക സുരക്ഷിതമായി കഴിക്കാം എന്നതും ആരോഗ്യ ഗുണങ്ങൾ കൂടുതൽ ഉള്ളതുമാണ് ഇതിന്റെ വില വർദ്ധനവിന് കാരണം.
ആഞ്ഞിലിച്ചക്കയുടെ ഗുണങ്ങൾ മനസിലാക്കിയ അന്യസംസ്ഥാന തൊഴിലാളികൾ ആണ് ഇവയുടെ ഉപയോക്താക്കളിൽ കൂടുതലും. ഇവരാണ് കൂടുതലായി വാങ്ങുന്നത് എന്ന് കച്ചവടക്കാരും അഭിപ്രായപ്പെടുന്നു.
Discover the surprising health benefits of Anjili fruit, a nutrient-rich and pesticide-free fruit native to Kerala, packed with vitamins, antioxidants, and essential minerals. Learn why it’s gaining popularity despite its seasonal availability.