ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ ഇൻവെസ്റ്റ് ആക്കി മാറ്റിയാൽ ജീവിതത്തിൽ വിജയം കൈവരിക്കാനാവും എന്ന് തെളിയിച്ച ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്. അവരിൽ ഒരാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായ ആർജി ചന്ദ്രമോഹൻ. ഒരു ചെറിയ ഐസ് മിഠായി ഫാക്ടറിയിൽ നിന്ന് ഹാറ്റ്സൺ അഗ്രോ പ്രോഡക്ട്സിനെ രാജ്യത്തെ ഏറ്റവും വലിയ ഡയറി കമ്പനിയായി ഉയർത്തിയിരിക്കുകയാണ് ഈ 71 വയസ്സുകാരൻ. ചെന്നൈ ആസ്ഥാനമായുള്ള ഹാറ്റ്സൺ അഗ്രോ പ്രൊഡക്ട്സിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആണ് ചന്ദ്രമോഹൻ.

തെക്കൻ തമിഴ്നാട്ടിലെ തിരുതങ്കൽ ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ആളാണ് ചന്ദ്രമോഹൻ. പിതാവിൻ്റെ ചെറുകിട സാധനങ്ങൾ വിൽക്കുന്ന കട അടച്ചുപൂട്ടിയതിനെത്തുടർന്ന് കുടുംബത്തിൻ്റെ സമ്പത്ത് ക്ഷയിച്ചതോടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും വരുമാനത്തെ കുറിച്ചും ചന്ദ്രമോഹൻ ആലോചിച്ചു തുടങ്ങുന്നത്. അച്ഛൻ തറവാട് വക ആയുള്ള ഭൂമി വിറ്റതിൽ നിന്നും കൊടുത്ത 13,000 രൂപ കൊണ്ട് ചന്ദ്രമോഹൻ പല ബിസിനസുകളെ കുറിച്ചും ആലോചിച്ചു. അങ്ങനെ 1970-ൽ റോയപുരത്ത് നാല് ജീവനക്കാരുമായി 250 ചതുരശ്ര അടി സ്ഥലത്ത് ഒരു ചെറിയ ഐസ് മിഠായി ഫാക്ടറി സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. അന്ന് അദ്ദേഹത്തിന്റെ പ്രായം വെറും 21 വയസ്സ് ആയിരുന്നു.

ഫാക്ടറിക്ക് പ്രതിദിനം 10,000 ഐസ് മിഠായികൾ ആയിരുന്നു ഉല്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നത്. അവ ചെന്നൈയിൽ ‘അരുൺ’ ബ്രാൻഡിന് കീഴിൽ ആയിരുന്നു അദ്ദേഹം വിറ്റിരുന്നത്. അരുണോദയം എന്നതിൻ്റെ ചുരുക്കിയ രൂപമായിരുന്നു അരുൺ. ഈ തമിഴ് വാക്കിന്റെ അർത്ഥം ‘സൂര്യരശ്മികൾ’ എന്നായിരുന്നു. രാത്രിയാകുമ്പോൾ ഈ ഫാക്ടറി ആയിരുന്നു ചന്ദ്രമോഹന്റെ കിടപ്പുമുറി. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിരവധി പദ്ധതികൾ ആണ് ചന്ദ്രമോഹൻ ബിസിനസിന്റെ വളർച്ചയ്ക്കായി ആവിഷ്കരിച്ചത്. 1978-ൽ ചെന്നൈയിൽ ഐസ്ക്രീം പാർലർ സ്ഥാപിക്കുന്നത് വരെ കമ്പനി ഏറെക്കുറെ സ്തംഭനാവസ്ഥയിലായിരുന്നു.

1984-ഓടെ, തമിഴ്നാട്ടിലെ ഏറ്റവും വലിയ ഐസ്ക്രീം നിർമ്മാതാക്കളായിരുന്നു അരുൺ ഐസ്ക്രീംസ്. ചെന്നൈ മാർക്കറ്റ് വികസിപ്പിക്കുന്നതിനായി വൻതോതിൽ നിക്ഷേപം നടത്താൻ തുടങ്ങി. തുടർന്ന് കമ്പനി ഒന്നാമതെത്തി. താമസിയാതെ, ഇത് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയും ദക്ഷിണേന്ത്യൻ വിപണിയിലെ ഏറ്റവും വലിയ വിപണികളിലൊന്നായി മാറുകയും ചെയ്തു. 1995-ൽ തമിഴ്നാട്ടിലെ സേലത്ത് ‘ആരോക്യ’ ബ്രാൻഡ് പാൽ പുറത്തിറക്കിക്കൊണ്ട് ഡയറി ബിസിനസ്സിലേക്ക് കടക്കാൻ കമ്പനി തീരുമാനിച്ചു. മിക്ക എതിരാളികളും 3 ശതമാനം കൊഴുപ്പുള്ള ടോൺഡ് മിൽക്ക് വിൽക്കാൻ ശ്രമിക്കുമ്പോൾ, 4.5 ശതമാനം കൊഴുപ്പുള്ള പാൽ വിൽക്കാൻ ചന്ദ്രമോഹൻ തീരുമാനിച്ചു. ഇന്നും കമ്പനിയുടെ വിൽപ്പനയുടെ ഭൂരിഭാഗവും ഈ പാലിൽ നിന്നാണ് വരുന്നത്.

ഒമ്പത് പാൽ സംസ്കരണ, പാക്കേജിംഗ് യൂണിറ്റുകൾ, രണ്ട് പാൽ ഉൽപന്ന നിർമ്മാണ യൂണിറ്റുകൾ, രണ്ട് ഐസ്ക്രീം നിർമ്മാണ യൂണിറ്റുകൾ എന്നിവ ഉൾപ്പെടെ രാജ്യത്തുടനീളം കമ്പനി 20 പ്ലാൻ്റുകൾ ആണ് പ്രവർത്തിപ്പിക്കുന്നത്. ഡയറി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ചന്ദ്രമോഹൻ 2015 മുതൽ ഞങ്ങൾ വീണ്ടും ഐസ്ക്രീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.

മൂന്നു ജോലിക്കാരും 15 ഉന്തുവണ്ടികളുമായി അങ്കത്തട്ടിലിറങ്ങിയ ചന്ദ്രമോഹൻ ഇന്ന് കോടികള് വരുമാനം ലഭിക്കുന്ന തലത്തില് എത്തിയിരിക്കുകയാണ്. ഇന്ന് 1.3 ബില്യൺ ഡോളറിൻ്റെ ആസ്തിയാണ് ചന്ദ്രമോഹനുള്ളത്. 21 ആം വയസ്സിൽ അനുഭവിച്ച കഷ്ടപ്പാടും മുന്നോട്ട് പോകാനുള്ള ഇച്ഛാശക്തിയും ഫോർബ്സ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ചന്ദ്രമോഹനെ എത്തിച്ചു.
Discover G. Chandramogan’s journey from academic setbacks to leading India’s largest private dairy company, Hatsun Agro Products. Learn how his entrepreneurial spirit and focus on innovation have revolutionized the dairy industry.