കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽ ഓൺലൈൻ പ്ലാറ്റ്ഫോം വഴി വിദശ മദ്യവും ലഭിക്കുമോ എന്നതാണിപ്പോഴത്തെ ചോദ്യം. കേരള സമൂഹം ഇത് അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. നികുതി വരുമാന സമാഹരണം തന്നെയാണ് സംസ്ഥാനങ്ങളുടെ താൽപര്യങ്ങളിൽ മുന്നിൽ നിൽക്കുന്നത്. എന്തായാലും ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം സ്വിഗ്ഗി , സൊമാറ്റോ എന്നിവ ഉൾപ്പെടെയുള്ളവ ഡെലിവറി ആപ്പുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. നിലവിൽ ബംഗാളും ഒഡീഷയും ഓൺലൈൻ മദ്യവിതരണത്തിന് അനുമതി നൽകിയിട്ടുണ്ട്. കേരളത്തിന് പുറമേ ഡൽഹി, ഹരിയാന, കർണാടക, പഞ്ചാബ്, ഗോവ, തമിഴ്നാട് എന്നിവയാണ് പദ്ധതി ആലോചിക്കുന്നതെന്ന് മാധ്യമറിപ്പോർട്ടുകളുണ്ട്.
തുടക്കത്തിൽ ബീയറും വൈനും ആകും പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യുക. കേരളം ഇതിനോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്. വിദേശമദ്യത്തിൽ നിന്നുള്ള നികുതി വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് കേരളമടക്കം ഈ രീതിയിലേക്ക് ചിന്തിക്കുന്നത്. അങ്ങനെയെങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം വാങ്ങുന്നതുപോലെ ഇനി മദ്യവും വാങ്ങിക്കാം.
പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ കൂടാതെ ബിഗ്ബാസ്കറ്റ്, ബ്ലിൻകിറ്റ് എന്നീ ഡെലിവറി കമ്പനികളുമായും സഹകരിച്ച് പരീക്ഷണാർത്ഥമാണ് പദ്ധതി നടപ്പാക്കുക. മദ്യവില്പന ശാലകളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങാൻ പ്രയാസമുള്ള മുതിർന്ന വ്യക്തികൾ, സ്ത്രീകൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്നവർ, ടൂറിസ്റ്റുകളായി എത്തുന്നവർ തുടങ്ങിയവർക്ക് ഈ പദ്ധതി പ്രയോജനകരമാകും വിധം നടപ്പാക്കാനാണ് ശ്രമം. പദ്ധതി നടപ്പാക്കുന്നതിൻറെ മുന്നോടിയായി ഓൺലൈൻ ഡെലിവറി കമ്പനികളുമായും മദ്യനിർമാണ കമ്പനികളുമായും സംസ്ഥാന സർക്കാരുകൾ ചർച്ചകൾ തുടരുകയാണ്.
നിലവിൽ ബംഗാളും ഒഡീഷയും ഓൺലൈനായി ഓർഡർ സ്വീകരിച്ച് വിതരണം തുടങ്ങിയതോടെ വരുമാനത്തിൽ 20-30 ശതമാനം വർധനയുണ്ടായെന്നു കണക്കുകൾ പറയുന്നു. നേരത്തേ കോവിഡ് സമയത്ത് മഹാരാഷ്ട്ര, ജാർഖണ്ഡ്, അസം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ ഓൺലൈൻ മദ്യ വിതരണത്തിന് താൽകാലിക അനുമതി നൽകിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ അനുമതി പിൻവലിക്കുകയും ചെയ്തു.
കേരളത്തിൽ ഓൺലൈനായി മദ്യവിതരണം നടത്തുന്നതിനെതിരെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ നിന്ന് എതിർപ്പുകൾ ഉയരാൻ സാധ്യത ഏറെയാണ്. കേരളത്തിൽ മദ്യ വില്പനയിൽ നിന്നുള്ള നികുതി വരുമാനം ഇത്തരത്തിൽ വർധിക്കുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം വർധിക്കുമെന്ന് പ്രതീക്ഷയുണ്ട്. അതേസമയം, ഓൺലൈൻ മദ്യവിതരണ പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കേരളം തയാറാക്കുന്ന മദ്യനയത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Kerala is considering allowing online liquor sales through platforms like Swiggy and Zomato to boost tax revenue. Learn about the potential impact and ongoing discussions.