കേരളത്തിലെ കർഷകർക്ക് ആശ്വാസമാകുമോ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി? മൂന്നാംവട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ തുക വിതരണം ചെയ്യാനുള്ള ഫയലിലായിരുന്നു. 2,000 രൂപ വീതം 9.3 കോടി കർഷകർക്ക് ലഭ്യമാക്കാൻ 20,000 കോടിയോളം രൂപ വകയിരുത്താനുള്ള തീരുമാനമായിരുന്നു അത്.
പദ്ധതിയിലെ ആനുകൂല്യം ഇക്കുറി ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചാൽ അതിന്റെ ആനുകൂല്യം രാജ്യത്തെ ഇരട്ടി കർഷകർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ കുറഞ്ഞത് 30 ലക്ഷം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആനുകൂല്യം ലഭിക്കാൻ അവസരമുണ്ടാകും. പിഎം കിസാനിൽ അംഗങ്ങളായി കേരളത്തിൽ നിന്ന് 23.4 ലക്ഷം പേരുണ്ട്. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ 20.96 ലക്ഷം പേർ ആണുള്ളത്. കൂടുതൽ പേർ കേരളത്തിൽ നിന്നുണ്ടെന്നതും ശ്രദ്ധേയം. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകർക്ക് ആവിഷ്കരിച്ച ഈ പദ്ധതി ആശ്വാസം ഇരട്ടിയാക്കുമെന്നാണ് സൂചന. നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്നത്. ഇത് 8,000 രൂപയോ 10,000 രൂപയോ ആയി ഉയർത്തിയേക്കാമെന്നാണ് വിലയിരുത്തലുകൾ.
കർഷകർക്ക് വരുമാന പിന്തുണയെന്നോണം 2018 ഡിസംബർ ഒന്നിന് കേന്ദ്രം അവതരിപ്പിച്ചതാണ് പിഎം കിസാൻ പദ്ധതി. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ളവരാണ് ആനുകൂല്യത്തിന് അർഹർ. 100 ശതമാനവും കേന്ദ്രം പണം ചെലവിടുന്ന പദ്ധതിയാണ് പിഎം കിസാൻ. മഹാരാഷ്ട്രയും ഉത്തർപ്രദേശും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണെന്നതു പരിഗണിച്ചു ബജറ്റിൽ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ സർക്കാർ ഉറപ്പാക്കിയേക്കും. ഇടക്കാല ബജറ്റിൽ പിഎം കിസാൻ പദ്ധതിക്കായി 60,000 കോടി രൂപയാണ് നിർമല നീക്കിവച്ചത്. സമ്പൂർണ ബജറ്റിൽ തുക 80,000 കോടി രൂപയായി ഉയർത്തിയേക്കുമെന്നും സൂചനകളുണ്ട്.
Will the PM Kisan Samman Nidhi scheme provide relief to Kerala farmers? With Narendra Modi’s third term, the scheme aims to support 30 lakh farmers in Kerala by potentially increasing the annual benefit from Rs 6,000 to Rs 8,000 or Rs 10,000.