വൈകുന്നേരത്തെ പ്രതീക്ഷ

സ്ക്കൂളിലും കോളേജിലുമൊക്കെ പഠിച്ച കാലത്ത് മാസത്തിൽ മൂന്ന് നാല് തവണയേ വീട്ടിലെത്താറുണ്ടായിരുന്നുള്ളൂ. ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തുമ്പോ വൈകുന്നേരമായിട്ടുണ്ടാകു. എന്റെ വരവും കാത്ത് ഒരു കപ്പിൽ ചായയും അതിന് അരികെ മൂന്ന് നാല് ബിസ്ക്കറ്റുകളും ഉണ്ടാകും. വന്നപാടെ കഴിക്കാൻ അമ്മ കരുതി വെച്ചിട്ടുള്ള നല്ല പാൽമണമുള്ള ബിസ്കറ്റസ്!

മഞ്ഞയും ചുവപ്പും കളറുകളുള്ള ബിസ്ക്കറ്റ് കവർ! അതിൽ വെളുത്ത അക്ഷരങ്ങളിൽ പേര്! ഒപ്പം ഒരു ഒരു കൊച്ച് പെൺകുട്ടിയുടെ കുസൃതി നിറഞ്ഞ മുഖം.
അന്ന് അറിയില്ലായിരുന്നു, ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന ബിസ്ക്കറ്റാണ് കഴിക്കുന്നതെന്ന്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേക്കാൾ പ്രായമുള്ള ബിസ്ക്കറ്റ് ബ്രാൻഡ്! 86 വർഷം മുമ്പ് തുടങ്ങിയതാണീ ബിസ്ക്കറ്റ് കമ്പനി. ഏതാണ്ട് 70 വർഷത്തോളമായി ഒരേ ടേസ്റ്റ്, ഒരേ ക്വാളിറ്റി. ഒരു ചായയുടെ വില രണ്ട് രൂപയായിരുന്ന മൂന്ന് പതിറ്റാണ്ട് മുൻപും, ചായവില 15 രൂപയായ ഇന്നും ഈ ബിസ്ക്കറ്റിന്റെ ഒരു പായ്ക്കറ്റിന് വില 5 രൂപ തന്നെ!
സ്വദേശി സംരംഭം തുടങ്ങുന്നു

80 വർഷം മുമ്പ് ബ്രിട്ടീഷ് ബിസ്ക്കറ്റ് കമ്പനികളെ നേരിടാൻ നല്ല ദേശി ബിസ്ക്കറ്റ് ഉണ്ടാക്കി ഇന്ത്യക്കാരന്റെ സ്വദേശി മോഹങ്ങളെ തീപിടിപ്പിച്ച ഒരു സംരംഭം! മാർക്കറ്റിൽ പിടിച്ചുനിൽക്കാനുള്ള തത്രപ്പാടിൽ ഒരു ബ്രാൻഡ് നെയിം കണ്ടെത്താൻ പോലും മറന്നുപോയ ഒരു ബിസ്ക്കറ്റ് കമ്പനി. അങ്ങനെ ആദ്യഫാക്ടറി നിന്ന സ്ഥലത്തിന്റെ പേര് സ്വാഭാവികമായി ബ്രാൻഡായി മാറി! മുംബൈയിലെ വിലെ പാർലെയുടെ പേര് ബ്രാൻഡാക്കിയ നമ്മുടെ സ്വന്തം പാർലെ ജി. ഓരോ ഇന്ത്യക്കാരനും അവന്റെ കുട്ടിക്കാലം മുതൽ ഒരേ രൂപത്തിലും ഒരേ രുചിയിലും ഒരേ സ്റ്റൈലിലും കണ്ടുകൊണ്ടും കഴിച്ചുകൊണ്ടും ഇരിക്കുന്ന പാർലെ ജി ബിസ്ക്കറ്റ്സ്!

ചായയിൽ പാർലെ ജി മുക്കി കഴിക്കാത്ത ഒരു ബാല്യമുണ്ടോ? അങ്ങനെ ചായയിൽ മുക്കികഴിച്ചുകൊണ്ടിരിക്കവേ നനഞ്ഞ് കുതിർന്ന ഒരു കഷണം അടർന്ന് ചായയിൽ വീണതും, ചായ കുടിച്ച് തീർത്താൽ അലിഞ്ഞ് കപ്പിനടിയിൽ കിടക്കുന്ന ബിസ്ക്കറ്റ് കോരിയെടുത്ത് വായിലാക്കും! ഏതൊരു ഇന്ത്യക്കാരന്റേയും നൊസ്റ്റാൾജിയയിൽ അത്രേമേൽ അലിഞ്ഞ് ചേർന്ന രുചിയാണ് പാർലെ-ജി!

ലോകമാകെ ഒരോ സെക്കന്റിലും ഏതാണ്ട് 4500 പേർ പാർലെ-ജി ബിസ്ക്കറ്റ് കഴിക്കുന്നു. ഒരു മാസം ഉണ്ടാക്കുന്ന പാർലെ-ജി ബിസ്ക്കറ്റ്സ് ഒന്നിനുപുറകെ ഒന്നായി ചേർത്ത് വെച്ചാൽ 7 ലക്ഷം കിലോമീറ്റർ നീളമെത്തും, അതായത് ഭൂമിയിൽ നിന്ന് ചന്ദ്രനിലെത്തി മടങ്ങാം. ഇങ്ങനെ നിരവധിയുണ്ട് പാർലെ-ജി കഥകൾ..
ആരാണ് ആ പെൺകുട്ടി?
ഇതിനിടെ പാർലെ ജി-യുടെ കവറിലെ ആ പെൺകുട്ടി ആരാണെന്ന് നെറ്റിസൺസ് തിരഞ്ഞു. അത് സുധാമൂർത്തിയുടെ പഴയ പടമാണെന്ന് ചിലർ. എന്നാൽ കമ്പനി തന്നെ ഒടുവിൽ പറഞ്ഞു, എവറസ്റ്റ് എന്ന ബ്രാൻഡിംഗ് ഏജൻസിയിലെ ഒരു ആർട്ടിസ്റ്റിന്റെ പെൻസിലിൽ പിറന്നതാണ് കോടിക്കണക്കിന് ആരാധകരുള്ള ആ പെൺകുട്ടി.

പാർലെ-ജി-യുടെ ഭാഗ്യ ചിഹ്നം.
1947-നു മുമ്പ് ഇന്ത്യയിൽ ബിസിനസ്സ് തുടങ്ങുക എന്നത് ചിന്തിക്കാനാകാത്ത സാഹസമായിരുന്നു. സമരവും സഹനവും കൊണ്ട് തുടങ്ങിയ സംരംഭങ്ങൾ പോലും ബ്രീട്ടീഷ് ഭരണത്തിനെതിരായ രോഷമായിരുന്നു. പാർലെ അത്തരമൊരു സംരംഭമായിരുന്നു.

പണക്കാരായ പാഴ്സികൾ പലരും അക്കാലത്ത് സംരംഭം തുടങ്ങിയിരുന്നു. മൂലധനവും അവർക്ക് ഒരു പ്രശ്നമല്ലായിരുന്നു. ആ സമയത്താണ് സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന ആഹ്വാനം കേട്ട് ഗുജറാത്തിയായ മോഹൻലാൽ ചൗഹാൻ (Mohanlal Chauhan) ബേക്കറി തുടങ്ങാൻ തുനിഞ്ഞത്. അദ്ദേഗഹം ഒരു തയ്യൽക്കാരൻ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ മൂലധനം എന്തിനും പോന്ന 5 ആൺമക്കളും. മനേക് ലാൽ (Maneklal), പീതാംബർ (Pitambar), നാരോത്തം (Narottam), കാന്തി ലാൽ (Kantilal) പിന്നെ ജയന്തിലാൽ (Jayantilal).

ബേക്കറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ബേക്കിംഗ് അറിയണം. അക്കാലത്ത് ഇതൊക്കെ പരിചയമുള്ളത് നാടിനെ നട്ടം ചുറ്റിക്കുന്ന ബ്രിട്ടീഷ് കാർക്ക് മാത്രവും. ബേക്കിംഗിന്റെ ഹെഡ് ആപ്പീസ് ഫ്രാൻസും ജർമ്മനിയുമാണ്. ആകെയുള്ള സമ്പാദ്യത്തിൽ നിന്ന് കുറച്ചെടുത്ത് ജർമ്മനിക്കുള്ള കപ്പൽ പിടിച്ചു മോഹൻലാൽ ചൗഹാൻ. ബേക്കിംഗ് പഠിച്ച് തിരികെ ഇന്ത്യയിലെത്തി. ഇനി പണി തുടങ്ങണം. അതിന് ബേക്കിംഗ് യന്ത്രങ്ങൾ വേണം. മുന്നിൽ രണ്ട് വഴി മാത്രം. ഒന്നുകിൽ സ്വന്തം സമ്പാദ്യം മുഴുവൻ എടുത്ത് ജർമ്മനിയിൽ നിന്ന് യന്ത്രങ്ങൾ വരുത്തണം, അല്ലെങ്കിൽ മോഹം ഉപേക്ഷിച്ച് തയ്യൽ ജോലി തുടരണം! തൊട്ടടുത്ത ദിവസം എല്ലാം വിറ്റുപെറുക്കി സ്വരൂപിച്ച 60,000 രൂപ ജർമ്മനിയിലേക്ക് അയച്ചു, മോഹൻലാൽ ചൗഹാൻ! അത്ര സീരിയസ്സായിരുന്നു ബിസിനസ്സിൽ അദ്ദേഹം! സംരംഭം പരാജയപ്പെട്ടാൽ കുടുംബവും പെരുവഴിയിലാകും. പക്ഷെ മോഹൻലാൽ ചൗഹാന് കുലുക്കമുണ്ടായില്ല, ഈ സംരംഭം അദ്ദേഹത്തിന് ഒരു സമരമുഖം തുറക്കലായിരുന്നു, ഈ നാട് വേട്ടയാടുന്ന ബ്രിട്ടീഷുകാരന്റെ സ്നാക്സിനുള്ള ഇന്ത്യൻ ബദൽ!
ഒരു ചരിത്രം തുടങ്ങുന്നു


1929! വീട്ടുകാരുൾപ്പെടെ 12 പേരുമായി മോഹൻലാൽ ദയാൽ ചൗഹാൻ മധുരപലഹാരങ്ങളുടെ പ്രൊഡക്ഷൻ തുടങ്ങി. 1938-ൽ ബിസ്ക്കറ്റ് നിർമ്മാണം ആരംഭിച്ചു. മുംബൈയിലെ പാർലെ-യിൽ ആയിരുന്നു ഫാക്ടറി. അതുകൊണ്ട് പാർലെ ഗ്ലൂക്കോ എന്ന് പേരിട്ടു. അക്കാലത്ത് പണക്കാരന്റെ പശിയടക്കുന്ന പ്രീമിയം പ്രൊഡക്റ്റായിരുന്നു, ബിസ്ക്കറ്റ് ! പാർലെ പാവപ്പെട്ടവന്റെ പലഹാരമായി! അരമനകളിൽ വരേണ്യ രുചിയായിക്കണ്ട ബിസിക്കറ്റിനെ അക്ഷരാർത്ഥത്തിൽ അരപ്പട്ടിണിക്കാരന്റെ അമൃതാക്കി മാറ്റി പാർലെ!
പിന്നീടങ്ങോട്ട് പാർലെ പടരുകയായിരുന്നു. വാസ്തവത്തിൽ ഈ രാജ്യത്തിന്റെ ചരിത്രവും, അധികാരത്തിലിരുന്ന പലരും കാട്ടിയ ചതിയും, സാധാരണക്കാരായ മനുഷ്യരുടെ വേദനയും, ധീരരായ സംരംഭകരുടെ വിജയവും എല്ലാം, പാർലെയുടെ പടയോട്ടത്തിൽ കാണാം.

തൊണ്ണൂറുകളുടെ ആദ്യം, ഇന്ത്യയുടെ ക്രിക്കറ്റ് കളി കാണാൻ ടിവിക്ക് മുന്നിൽ ഇരിക്കുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട പരസ്യങ്ങളായിരുന്നു തംപ്സ് അംപിന്റേയും ഗോൾഡ് സ്പോട്ടിന്റേയും ലിംകയുടേയുമൊക്കെ പരസ്യം. മറ്റേത് കോളയേക്കാളും എന്താണെന്നറിയില്ല, തംപ്സ് അപ് എന്ന് കേൾക്കുമ്പോഴേ, നുരഞ്ഞ് പൊന്തുന്ന ആ കോളയുടെ രുചി ദാ ഇപ്പോഴും നാവിലെത്തും. കൊക്കൊക്കേളയ്ക്കും പെപ്സിക്കുമുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു തംപ്സ് അപ്. തംപ്സ് അപ്, ലിംക, ഗോൾഡ് സ്പോട്ട്.. ഇതെല്ലാം പാർലെയുടെ പ്രൊഡക്റ്റായിരുന്നു. സ്വദേശി കോള! പക്ഷെ അമേരിക്കൻ കോള ഭീമന്മാരുടെ ആർത്തിയുടെ കഥകൂടിയുണ്ട് ദേശസ്നേഹം കൊണ്ട് ദേശി ബിസ്ക്കറ്റ് ഉണ്ടാക്കിയ പാർലെയ്ക്ക് പറയാൻ!
കൊക്കക്കോള ഔട്ട്

1970-കളുടെ അവസാനം. മൊറാർദി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സർക്കാർ കൊക്കക്കോളയോട് അവരുടെ സീക്രട്ട് റെസിപ്പി രാജ്യത്തോട് പറയണം എന്നാവശ്യപ്പെട്ടു. അമേരിക്കൻ കോള നിരസിച്ചു. സാക്ഷാൽ ജോർജ്ജ് ഫെർണാണ്ടസ് ആണ് വ്യവസായ മന്ത്രി. ഈ രാജ്യത്തിന്റെ നിയമം അനുസരിക്കാൻ പറ്റില്ലങ്കിൽ ഏത് കോളയായാലും കെട്ട് കെട്ടിക്കോളാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഒറ്റയ്ക്ക് ഈ രാജ്യത്തെ അപ്പാടെ ഊറ്റിയിരുന്ന കൊക്കക്കോള ഇന്ത്യവിട്ടു. ആ സമയം നോക്കി മാർക്കറ്റിൽ കാലുറപ്പിച്ചത് നമ്മുടെ സ്വന്തം പാർലെ-യുടെ ഡ്രിംഗ്സുകളും, നേരത്തെ പറഞ്ഞ തംപ്സ് അപ്, ലിംക, ഗോൾഡ് സ്പോട്ട്! ഏതാണ്ട് പത്ത് പതിനഞ്ച് വർഷം, സ്വേദേശി കോള നാട് വാണു.

1970-കളുടെ അവസാനം മാസ എന്ന ഡ്രിംഗും 1980-ളിൽ ഇന്ത്യയുടെ എക്കാലത്തേയും പാർട്ടി ജ്യൂസായി മാറിയ ഫ്രൂട്ടിയും പിറന്നു, രണ്ടും പാർലെയുടെ തന്നെ. എല്ലാം ശുഭമായിരുന്നു, നവലിബറൽ പോളിസിയുടെ ഭാഗമായി മാർക്കറ്റ് തുറന്നിടുന്നത് വരെ!. ഇതോടെ FMCG കോർപ്പറേറ്റുകൾ ഇന്ത്യൻ മാർക്കറ്റിന്റെ ലാഭം ഊറ്റാൻ കത്തിയും വലയുമായി ഇരച്ചുകയറി. അക്കൂട്ടത്തിൽ ആ പഴയ സ്രാവും, കൊക്കക്കോള!
തിരിച്ചു വന്ന സ്രാവിന്റെ പക!

തിരിച്ചുവന്ന കോളയ്ക്ക് മാർക്കറ്റിലെ ഏറ്റവും വലിയ വെല്ലുവിളി പാർലെയുടെ കോളകൾ തന്നെ. കൊക്കക്കോളയ്ക്ക് മാത്രമല്ല, പെപ്സിക്കും. തംപ്സ് അപ്പിനും ലിംകയ്ക്കും ഗോൾഡ് സ്പോട്ടിനും മാസയ്ക്കുമെല്ലാം കോള വിലയിട്ടു. വിലയിടുക മാത്രമല്ല, അമേരിക്കൻ കോർപ്പറേറ്റിന്റെ സമ്മർദ്ദവും മറ്റ് പലതും. പാർലെ, അവരുടെ കോളകൾ അമേരിക്കൻ ഭീമന് തീറെഴുതിയില്ലെങ്കിൽ രാജ്യമാകെ ഫ്രീയായി കോള വിറ്റ്, ഈ നാടിന്റ ബ്രാൻഡിനെ തകർക്കുമെന്ന് വരെ ഭീഷണി ഉയർന്നതായി കേൾക്കുന്നു. ഗത്യന്തരമില്ലാതെ, കൊക്കക്കോളയ്ക്ക് മുന്നിൽ ഈ രാജ്യത്തിന്റെ സ്വന്തം ദേശി കോള കീഴടങ്ങി! വളർത്താനായിരുന്നില്ല ആ വാങ്ങൽ! മാർക്കറ്റിൽ അപ്പോഴും തരംഗം തീർത്തിരുന്ന ഗോൾഡ് സ്പോട്ടിനെ മാർക്കറ്റ് പിടിക്കാനായി കൊക്കക്കോള കൊന്നു കളഞ്ഞു. ഗോൾഡ് സ്പോട്ടും ആ രുചിയും ഇന്ത്യക്കാരന് ഓർമ്മയായി. കോള കോർപ്പറേറ്റ് തന്ത്രത്തിലൂടെ മാർക്കറ്റ് കീഴടക്കി. ഉടയോനിൽ നിന്ന് അടർത്തിയെടുത്ത തംപ്സ് അപ്പും, ലിംകയും കൊക്കകോളയുടെ പ്രൊഡക്റ്റായി, സ്വന്തം അസ്തിത്വം എവിടെയോ നഷ്ടപ്പെട്ടവരെ പോലെ പിന്നേയും ബേക്കറികളിലെ റഫ്രിജറേറ്റിൽ ആ രണ്ട് കോളകളും തണുത്തുറഞ്ഞിരുന്നു, മാസയ്ക്ക് ഒപ്പം!

ഈ നാടിന്റെ സ്വന്തം ബ്രാൻഡുകളെ കൊക്കക്കോളെ ഇവിടുത്തെ മാർക്കറ്റിലിട്ട് തല്ലുകയും കൊല്ലുകയും ഒക്കെ ചെയ്തപ്പോഴും അതിന് ബിസിനസ്സ് മാനം മാത്രമേ ഇവിടുള്ളവർ കണ്ടുള്ളൂ, അതിനുമപ്പുറം ഈ രാജ്യത്തിന്റെ സ്വാത്ന്ര്യ സമരവും അതിലർപ്പിച്ച ജീവിതങ്ങളുടെ ത്യാഗവും ആ ബ്രാൻഡുകളുടെ പിന്നിൽ ഉണ്ടായിരുന്നുവെന്ന കാര്യം സൗകര്യപൂർവ്വം മറന്നു. ബ്രിട്ടീഷുകാരുടെ അടിമത്വത്തിൻ കീഴിൽ ഒരു ധീരന് ഒരു സംരംഭകനാകാനായി. രാജ്യം സ്വാതന്ത്ര്യം നേടി അമ്പത് വർഷം കഴിഞ്ഞ, 1990-കളിലാണ് അമേരിക്കൻ കോർപ്പറേറ്റ് ഇതേ സംരംഭത്തിന്റെ മുനയൊടിക്കാൻ ശ്രമിച്ചതും അതിൽ വിജയിച്ചതും. പക്ഷെ ഇതിലൊന്നും പാർലെ എന്ന സംരംഭമോ അവരുടെ കീർത്തിയോ മങ്ങിയില്ല. 1990-കളിലെ ബാല്യവും കൗമാരവും യൗവനവും കഴിഞ്ഞ ഏതൊരു ഇന്ത്യക്കാരന്റേയും നാവിലെ രസമുകുളങ്ങളെ മോഹിപ്പിച്ച രുചിയെല്ലാം പാർലെയുടേതായിരുന്നു.

മാംഗോ ബൈറ്റ്, പോപ്പിൻസ്, ക്രാക്ക് ജാക്ക്, നേരത്തെ പറഞ്ഞ ഫ്രൂട്ടി, ആപ്പി ഫിസ് തുടങ്ങി എല്ലാം പാർലെ പ്രൊഡക്റ്റുകളായിരുന്നു. എന്തിന് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കുപ്പിവെള്ള ബ്രാൻഡ് ബിസ് ലേരി പാർലെയുടെ കുടുംബത്തിൽ നിന്നാണ്.
സുനിൽ ഗവാസ്ക്കറിന്റെ അസ്വസ്ഥത
ബിസ്ക്കറ്റ് നിർമ്മാണത്തിൽ നിന്നും സംരംഭക സാമ്രാജ്യം പടുത്തുയർത്തിയ ചൗഹാൻ കുടുംബം 1961-ൽ ബിസിനസ്സ് ഭാഗം വെക്കൽ നടത്തി. ഇന്ന് വിജയ് ചൗഹാന്റെ ഉടമസ്ഥതയിലാണ് പാർലെ-ജി, മാംഗോ ബൈറ്റ്, പോപ്പിൻസ്, ക്രാക്ക് ജാക്ക് എന്നിവ. ഫ്രൂട്ടിയും ആപ്പി ഫിസും പാർലെ അഗ്രോ നിയന്ത്രിക്കുന്ന പ്രകാശ് ചൗഹാന്റേയും മക്കളുടേതുമാണ്. രമേശ് ചൗഹാനാണ് ബിസ്ലേരി വെള്ളത്തിന്റെ ഓണർ.


ക്രിക്കറ്റ് ലെജന്റ് സുനിൽ ഗവാസ്ക്കർ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് പോയ സമയം. ഇന്ത്യവിട്ട് എവിടെപ്പോയാലും അദ്ദേഹത്തിന്റെ ഒരു ബാഗ് നിറയെ പ്രിയപ്പെട്ട ബിസ്ക്കറ്റിന്റെ പാക്കറ്റ് മാത്രമായിരിക്കും. വെസ്റ്റ്ഇൻഡീസിൽ ആയിരിക്കെ ആ ബിസ്ക്കറ്റ് തീർന്നു. അദ്ദേഹം ആകെ അസ്വസ്ഥനായി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ബോംബെ എയർപോർട്ടിൽ കാത്ത് നിന്ന് വെസ്റ്റ് ഇൻഡീസിലേക്കുള്ള യാത്രക്കാരനെ തേടിപ്പിടിച്ച് ഒരു ബാഗ് ബിസ്ക്കറ്റ് അവിടെ എത്തിക്കും വരെ സുനിൽഗവാസ്ക്കർ അസ്വസ്ഥനായിരുന്നുവത്രെ. അതും വൈകിട്ട് ചായയ്ക്ക് ഒപ്പം കഴിക്കുന്ന അതേ ബിസ്ക്കറ്റ് തന്നെ! പാർലെ-ജി.

2011-ഓടെ ലോകത്ത് ഏറ്റവും അധികം വിൽക്കപ്പെടുന്ന ബിസ്ക്കറ്റായി പാർലെ-ജി. ചൈനയിൽ മറ്റെല്ലാം ബ്രാൻുകളുടേയും വിൽപ്പനകളൊന്നിച്ചെടുത്താൽ അതുക്കും മുകളിലാണ് പാർലെ ജിയുടെ വിൽപ്പന. ഇന്ത്യ-പാക് യുദ്ധസമയത്ത് പാകിസ്ഥാൻകാർ ആഗ്രഹിച്ചത് പാർലെ-ജി ഒന്നു രുചിക്കാനായിരുന്നു. ഇവിടെ 5 രൂപയ്ക്ക് കിട്ടുന്ന പാർലെ-ജി-ക്ക് പക്ഷെ പാകിസ്ഥാനിൽ ഏതാണ്ട് 50 രൂപയക്ക് അടുത്താണ് വില.
5000 കോടി എന്ന ചരിത്ര നേട്ടം!

2012-ൽ പാർലെ-ജി വീണ്ടും ചരിത്രമെഴുതി. ഒരൊറ്റ വർഷത്തെ വിറ്റുവരവ് 5000 കോടി കടക്കുന്ന ഇന്ത്യയിലെ ആദ്യ FMCG ബ്രാൻഡായി പാർലെ-ജി.
ഇതാണ്, ഗുജറാത്തിലെ ഒറ്റമുറി തയ്യൽക്കടയിൽ ഇരുന്ന് സൂചിയിൽ നൂൽകോർത്ത അതേ സൂക്ഷ്മതയോടെ സംരംഭത്തിന് ഇറങ്ങിത്തിരിച്ച ദീർഘദർശിയായ ഒരു മനുഷ്യന്റെ കഴിവ്. അദ്ദേഹം കണ്ട സംരംഭക സ്വപ്നത്തിന് അത്രമേൽ ഗുരുത്വമുണ്ടായിരുന്നു. ഇന്ന് പാർലെയുടെ മൊത്തം ബിസിനസ്സ് ടേൺ ഓവർ 17,000 കോടിക്ക് മുകളിലാണ്.
ഒരുമാസം ഒരു കോടിക്കു മുകളിൽ ബിസ്ക്കറ്റ് പാക്കറ്റുകൾ വിൽക്കുന്നു! ആർത്തിപൂണ്ട്, അന്നത്തിന് വിലകയറ്റിയ ചരിത്രം ഇല്ലാതിരുന്നത് കൊണ്ടാവാം, അദ്ദേഹത്തിന് മാത്രമല്ല, പിന്നീടിങ്ങോട്ടുള്ള തലമുറകൾക്കും വെല്ലുവിളികളെ വകഞ്ഞ്മാറ്റാനാകുന്നത്. ബ്രാൻുകൾ വളരുന്തോറും സാധാരണക്കാരന് അപ്രാപ്യമാകുകയും കൂടുതൽ ലാഭമുള്ള പ്രീമിയം പ്രൊഡക്റ്റിലേക്ക് മാറുകയും ചെയ്യും.
എല്ലാവരും പണ്ട് ചോദിക്കുമായിരുന്നു പാർലെ ജി എന്തേ ഇന്നും 5 രൂപയ്ക്ക് വിൽക്കുന്നു എന്ന്? കൊറോണ നൽകി ഉത്തരം. എല്ലാം പൂട്ടി സീൽ വെച്ച് ബിസിനസ്സും മനുഷ്യരും താഴിട്ട് തരിച്ച് ഇരുന്നു പോയ കൊറോണക്കാലത്ത് റെക്കോർഡ് വിൽപ്പനയായിരുന്നു പാർലെ ജി-ക്ക്.
ആകാശത്തെ പാർലെ-ജി

ഈ ചെറിയ ബിസ്ക്കറ്റിന്റെ വലിയ കഥകൾ ഇനിയും ഒരുപാടുണ്ട്. ഒന്നും അതിശയോക്തി ഒട്ടുമേ ഇല്ലാത്തത്. ഒരു ഫോട്ടോ പങ്കുവെച്ച് അവസാനിപ്പിക്കാം. എക്സിൽ വന്ന ഒരു പോസ്റ്റാണ്. ബാംഗ്ലൂർ-ഡൽഹി ഇൻഗോയിൽ നിന്ന് എടുത്ത പടം. എന്റെ അടുത്തിരിക്കുന്ന യാത്രക്കാരൻ! ഇൻഡിഗോയുടെ പ്രൊമോട്ടറും എംഡിയുമായ രാഹുൽ ഭാട്ടിയ. കോടീശ്വരൻ. അദ്ദേഹം ചായയിൽ മുക്കി പാർലെ-ജി കഴിച്ചുകൊണ്ടിരിക്കുന്നു!
Parle-G is an iconic Indian biscuit brand, renowned for its simple yet delicious taste and affordability. Established over 86 years ago, Parle-G has maintained consistent quality and flavor, becoming a staple in Indian households. This beloved biscuit, with its recognizable yellow and red packaging and the image of a smiling girl, is a nostalgic favorite for many, often enjoyed with a cup of tea. Despite its humble price, Parle-G is one of the world’s best-selling biscuits, symbolizing a cherished part of India’s culinary heritage.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.