ഗതാഗത മാർഗങ്ങളിൽ ഒന്നായി മാത്രം നമ്മളൊക്കെ കണ്ടിരുന്ന ഒന്നാണ് സൈക്കിൾ. പക്ഷെ കാലം മാറി, ഇന്ന് ഏറ്റവും അധികം സൈക്കിൾ ഉപയോഗിക്കുന്നവർ തങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് ഇത് ഉപയോഗിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇന്ത്യയുടെ സൈക്കിൾ വ്യവസായം അന്താരാഷ്ട്ര മാർക്കറ്റിൽ ഉൾപ്പെടെ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. യുകെ, ജർമ്മനി, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ആണ് ഈ സൈക്കിൾ ആവശ്യക്കാരുടെ എണ്ണത്തിൽ വർധന ഉള്ളത്. മൊസാംബിക്, ഛാഡ് തുടങ്ങിയ വികസ്വര രാജ്യങ്ങളും സൈക്കിൾ വാങ്ങാൻ ഇന്ത്യയെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
2023-24 സാമ്പത്തിക വർഷത്തിൽ, മൊസാംബിക്കിലേക്ക് ആണ് ഇന്ത്യയിൽ നിന്നും ഏറ്റവും അധികം സൈക്കിൾ കയറ്റുമതി നടത്തിയത്. ഇന്ത്യൻ സൈക്കിളുകൾ 10.41 മില്യൺ ഡോളർ വിലയിലാണ് ഈ രാജ്യത്തേക്ക് കയറ്റുമതി നടത്തിയത്. അതായത് മുൻ വർഷത്തെ അപേക്ഷിച്ച് 17.82% വർദ്ധനവ് ആണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. കയറ്റുമതിയിൽ 130% വർധനവിൽ 8.85 മില്യൺ ഡോളർ മൂല്യവുമായി യുകെ ആണ് തൊട്ട് പിന്നിൽ. നെതർലാൻഡ്‌സിൽ 169.38% വർധനയുണ്ടായി, കയറ്റുമതി മൂല്യം 3.47 മില്യൺ ഡോളർ ആയിരുന്നു. വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പറയുന്നത് ഇന്ത്യയുടെ സൈക്കിൾ കയറ്റുമതി 2023 സാമ്പത്തിക വർഷത്തിൽ 46.5 മില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 54.38 മില്യൺ ഡോളറായി വളർന്നു എന്നാണ്.
ഇന്ത്യൻ നിർമ്മിത സൈക്കിളുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് നിരവധി ഘടകങ്ങൾ കാരണമായുണ്ട്. ഉയർന്ന നിലവാരമുള്ള ഉൽപ്പാദനം, ചെലവ്-ഫലപ്രാപ്തി, വൈവിധ്യമാർന്ന ഉൽപ്പന്ന വാഗ്ദാനങ്ങൾ, പിന്തുണയ്ക്കുന്ന വ്യാപാര നയങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടുന്നു. വിലകുറഞ്ഞതും നിലവാരം കുറഞ്ഞതുമായ മറ്റുള്ള രാജ്യങ്ങളുടെ സൈക്കിളുകളെ അപേക്ഷിച്ച് ഉയർന്ന നിലവാരമുള്ളതിനാൽ ഇന്ത്യയുടെ സൈക്കിളുകൾക്ക് ജനപ്രീതി ഏറുന്നു എന്ന് തന്നെ പറയാം.
വർദ്ധിച്ചുവരുന്ന ഈ കയറ്റുമതിയ്ക്ക് ആരോഗ്യ അവബോധം വർദ്ധിക്കുന്നതും ഒരു പ്രധാന ഘടകം ആണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൃദയ സംബന്ധമായ ഗുണങ്ങൾ, ശരീര ഭാരം നിയന്ത്രിക്കൽ, മലിനീകരണം കുറയ്ക്കൽ എന്നിവയ്ക്ക് സൈക്കിൾ ഒരു നല്ല ഓപ്‌ഷനായി ആളുകൾ കണക്കാക്കുന്നു. ലോക മെഡിക്കൽ അസോസിയേഷനും സൈക്ലിംഗിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് ഈ ആരോഗ്യ ആനുകൂല്യങ്ങൾ ഒരു കാരണമാണെന്ന് പറയുന്നുണ്ട്.
മറ്റുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സൈക്കിൾ ഇറക്കുമതി നടത്തിക്കൊണ്ടിരുന്നതും ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. ഉദാരഹരണമായി ഇന്ത്യയിലേക്ക് ഏറ്റവും അധികം സൈക്കിൾ ഇറക്കുമതി നടത്തിക്കൊണ്ടിരുന്ന രാജ്യങ്ങളിൽ ഒന്നായ ചൈനയിൽ നിന്നുള്ള സൈക്കിൾ ഇറക്കുമതി ഗണ്യമായി കുറഞ്ഞു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. 2023 സാമ്പത്തിക വർഷത്തിൽ 9.2 മില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 4.4 മില്യൺ ഡോളറായി ഈ ഇറക്കുമതി കുറഞ്ഞു.
ഇന്ത്യൻ സൈക്കിളുകളുടെ വർദ്ധിച്ചുവരുന്ന കയറ്റുമതി വിപണി, ആഗോള വ്യാപാര ചലനാത്മകതയെ തന്നെ മാറ്റിമറിക്കുകയും ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉപഭോക്തൃ അവബോധത്തെ വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യ സൈക്കിളുകളുടെ ഉൽപ്പാദനവും അന്താരാഷ്ട്ര സാന്നിധ്യവും വർധിപ്പിക്കുന്നത് തുടരുമ്പോൾ, ആഗോള സൈക്കിൾ വിപണിയിൽ കൂടുതൽ മുന്നിലേക്ക് രാജ്യം എത്തുമെന്ന് പ്രതീക്ഷിക്കാം.
Discover how India’s bicycle industry is thriving with a 16.95% increase in exports in FY2024, driven by high demand from Europe and developing nations. Learn about key export destinations, contributing factors, and the future outlook for Indian bicycles.