പണ്ടൊക്കെ എവിടേക്ക് നോക്കിയാലും കാണാമായിരുന്നു ഒരു വെറ്റിലയെടുത്ത് മുറുക്കി ചവച്ച് തുപ്പി നടക്കുന്നവരെ. എന്നാൽ ഇന്നത്തെ മാറിയ പുതുതലമുറയ്ക്ക് ഇതൊന്നും കാണാൻ പോലും കിട്ടാത്ത കാഴ്ചയാണ്. അങ്ങനെയുള്ളവരെ കാണുന്നത് പുതുതലമുറയിലെ പിള്ളേർക്ക് അത്ര ഇഷ്ടവുമല്ല.
എന്നാൽ നമുക്കൊക്കെ അറിയാത്ത എത്രയോ പോഷകമൂല്യമേറിടുന്ന ഒരു ഔഷധം എന്ന് വിശേഷിപ്പിക്കുന്ന ഇലയാണ് വെറ്റില. നിലവിൽ ഇതിന്റെ ഉപഭോഗം കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയിരുന്ന തിരൂരിലെ വെറ്റില കർഷകർക്ക് പ്രതീക്ഷ നൽകി എറണാകുളത്തെ ഓയിൽ ലീഫ് എക്സാട്രാക്ട്.
തിരൂർ വെറ്റില ഓയിലാക്കി മാറ്റാനും മൂല്യവർധിത ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനും ആണ് പുതിയ പദ്ധതി.18 ഡയറക്ടർമാരുള്ള തിരൂർ വെറ്റില ഉത്പാദക കമ്പനിയിലെ വെറ്റിലയിൽ നിന്നും ഔഷധഗുണവും പ്രത്യേക രുചിയും ഉപയോഗപ്പെടുത്തി ഓയിൽ നിർമിക്കാനാണ് നടപടി തുടങ്ങിയത്. സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാൻ ഒന്നര കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഇലകളിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടത്.
വെറ്റില ഓയിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകാമെന്നു കമ്പനി അറിയിച്ചതായി ഉത്പാദക സംഘം പറഞ്ഞു. വെറ്റില ഓയിൽ കലർന്ന സൗന്ദര്യവർധകവസ്തുക്കൾക്ക് വിപണിയിൽ നല്ല ഡിമാൻഡുമുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ ഇതിനു വേണ്ട സൗകര്യമൊരുങ്ങിയിരുന്നില്ല. നൂറ് മില്ലി വെറ്റില ഓയിലിന് ഓൺലൈൻ സൈറ്റുകളിൽ 4,000 രൂപ വരെയാണ് വില. ഈ വിപണി കീഴടക്കാൻ ആണ് തിരൂർ ഒരുങ്ങുന്നത്.
മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, മൗത്ത് ഫ്രഷ് ച്യൂവിംഗ് ഗം, മുറിവെണ്ണ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് വെറ്റില ഉപയോഗപ്രദമാണ്. തേർഡ് ക്വാളിറ്റി വെറ്റില ഇലകൾ ഉപയോഗിച്ചും ഓയിൽ നിർമ്മിക്കാനാവും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. നിലവിൽ ഫസ്റ്റ്, സെക്കന്റ് ക്വാളിറ്റി ഇലകൾ വിപണിയിൽ എത്തിക്കുമ്പോൾ തേർഡ് ക്വാളിറ്റി ഇലകൾ കർഷകർ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരുമാസം പത്ത് കിന്റലിൽ അധികം തേർഡ് ക്വാളിറ്റി ഇലകൾ ഉണ്ടാവാറുണ്ട്. കൂടിയ തോതിൽ ഓയിൽ വാങ്ങിക്കാനുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വെറ്റില ഉത്പാദക സംഘം.