4ജി സേവനങ്ങള്‍ രാജ്യവ്യാപാകമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിഎസ്എന്‍എല്ലിനെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ പരിഗണിക്കുന്നത്. ടെലികോം കമ്പനികള്‍ ഈയിടെ നിരക്കുയര്‍ത്തിയതിന് പിന്നാലെ ഭൂരിഭാഗം ആളുകളും ബിഎസ്എന്‍എല്ലിലേക്ക് മാറിയിരുന്നു. സ്വകാര്യ കമ്പനികൾ റേറ്റ് കുത്തനെ കൂട്ടിയതോടെ ജൂലൈ മൂന്ന് മുതല്‍ 2.50 ലക്ഷം ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് മാറിയത്. ഒപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന് ലഭിച്ചു.
ഇതിനിടയിൽ പാർലമെന്റിൽ ഇന്നലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലും ബിഎസ്എൻഎല്ലിന് നല്ലകാലം തന്നെയാണ്. കേന്ദ്ര ബജറ്റില്‍ ടെലികോം മന്ത്രാലയത്തിന് 1.28 ലക്ഷം കോടി രൂപയുടെ വിഹിതം ആയിരുന്നു ഇന്നലെ പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന് കീഴിലെ പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായ നീക്കിവെച്ച ഫണ്ടില്‍ ഭൂരിഭാഗവും പൊതുേമഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനാണ്. 1 ലക്ഷം കോടി രൂപ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ബന്ധപ്പെട്ട ചെലവുകള്‍ക്കാണ്. ഇതില്‍ 82,916 കോടി രൂപ ബിഎസ്എന്‍എല്‍ നവീകരിക്കാനും ടെക്നോളജി അപ്ഗ്രേഡ് ചെയ്യാനുമായി ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്.
ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയിലെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾക്കായി 17,510 കോടി രൂപ വകയിരുത്താൻ ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം എംടിഎന്‍എല്‍ ബോണ്ടുകളുടെ പ്രിന്‍സിപ്പല്‍ തുക തിരിച്ചടയ്ക്കാന്‍ 3668.97 കോടി രൂപ അനുവദിച്ചു. ഒപ്പം മദര്‍ബോര്‍ഡുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളുടെ കസ്റ്റംസ് ഡ്യൂട്ടി 5 ശതമാനം ഉയര്‍ത്തി. ഇത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
4ജി സേവനങ്ങള്‍ രാജ്യവ്യാപകമാക്കാനുള്ള ശ്രമങ്ങളാണ് ബിഎസ്എൻഎല്‍ നടത്തുന്നത്. ഇതിനായി കമ്പനി നേരത്തെ ടാറ്റ കൺസൾട്ടൻസി സർവീസസുമായി ചേര്‍ന്ന് കരാറിലെത്തിയിരുന്നു. ടിസിഎസിനൊപ്പം ടാറ്റ കമ്പനിയായ തേജസും പൊതുമേഖലാ സ്ഥാപമായി സി–ഡോട്ടും ചേര്‍ന്നാണ് ബിഎസ്എന്‍എല്ലിന് വേണ്ടി 4ജി, 5ജി ടെക്നോളജിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.
Discover how BSNL is gearing up for nationwide 4G services with significant budget allocations and partnerships, amidst a surge in new connections due to recent telecom rate hikes.