ഗുരുവായൂർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയ്ക്ക് സർക്കാർ അനുമതി

ഗുരുവായൂർ ദേവസ്വത്തിൻ്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ സാങ്കേതിക അവ്യക്തത നീങ്ങി. ദേവസ്വം മന്ത്രി വി എൻ വാസവൻ ജൂലൈ 30 ന് ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ (ആർഐഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ആശുപത്രിയുടെ നിർമ്മാണത്തിനായി 56 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2022 സെപ്റ്റംബറിൽ ഗുരുവായൂരിൽ ദർശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ്‌ അംബാനിയുടെ വാഗ്ദാനം.

നിലവിലുള്ള ദേവസ്വം മെഡിക്കൽ സെൻ്ററിൻ്റെ തെക്കുഭാഗത്തായി രണ്ടര ഏക്കറിലാണ് പുതിയ ആശുപത്രി വരുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ് നാലു നില കെട്ടിടം ആണ് ആശുപത്രിയ്ക്കായി പണിയുന്നത്. കാഞ്ഞങ്ങാട് ആസ്ഥാനമായ ദാമോദരൻ ആർക്കിടെക്റ്റ് എന്ന സ്ഥാപനമാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്ലാൻ തയ്യാറാക്കിയത്.  

 ആശുപത്രിക്ക്‌ സർക്കാരിന്റെയും ദേവസ്വം കമ്മിഷണറുടെയും അനുമതി നേരത്തേ ലഭിച്ചതാണ്. എന്നാൽ ആശുപത്രിക്കായി ഉദ്ദേശിച്ച പറമ്പിൽ 50 വർഷം മുമ്പ് നിലനിന്നിരുന്ന കുളം ഇപ്പോഴും രേഖകളിൽ കുളമാണ്. ഈ കുളം തൂർന്ന് പോയെങ്കിലും രേഖകളിൽ കുളമെന്ന് കാണിക്കുന്നതിനാൽ അനുമതി നൽകാൻ കഴിയില്ലെന്ന് സംസ്ഥാന ടൗൺ പ്ലാനർ നിലപാടെടുത്തു.ഒടുവിൽ ജില്ലാ കളക്ടറുടെ ഇടപെടലിലൂടെയാണ് കാര്യങ്ങൾ മുമ്പോട്ടു നീങ്ങിയത്.

ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് നിലവിൽ ഒരു മെഡിക്കൽ സെന്റർ മാത്രമാണുള്ളത്. ഇവിടെ ദിവസവും 200-300 ഒപി രോഗികൾ എത്തുന്നുണ്ട്. ചികിത്സ സൗജന്യമാണ്. എന്നാൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എങ്ങനെയായിരിക്കും കാര്യങ്ങൾ എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. ഗുരുവായൂർ ദർശനത്തിനെത്തുന്ന പ്രായം ചെന്നവർക്കും അസുഖ ബാധിതർക്കുമെല്ലാം ഈ ആശുപത്രി വലിയൊരു ആശ്വാസമായി മാറും. അത്യാസന്നവിഭാഗം, ഒ.പി.-ഐ.പി.വിഭാഗം, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തിയേറ്റർ, എം.ആർ.ഐ.-സി.ടി.സ്കാൻ യൂണിറ്റുകൾ, എക്സ്‌റേ-ഇ.സി.ജി. -ടി.എ.ടി.-യു.എസ്.ജി. ലാബ് തുടങ്ങിയെല്ലാം ഈ ആശുപത്രിയിലുണ്ടാകും.

മുകേഷ് അംബാനി ദർശനത്തിന് വന്നപ്പോൾ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിക്കായി സഹായിക്കണമെന്ന് ദേവസ്വം അധികാരികൾ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. വിശദമായ പദ്ധതിരേഖ തയാറാക്കാൻ അദ്ദേഹം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ പദ്ധതിരേഖ തയ്യാറാക്കി. 2023 ജനുവരി മാസത്തിൽ അനന്ത് അംബാനിയും രാധികാ മെർച്ചന്റും ഗുരുവായൂർ ദർശനത്തിന് എത്തിയപ്പോൾ അനന്ത് അംബാനിയോടും ഇക്കാര്യം ദേവസ്വം അധികാരികൾ ചര്‍ച്ച ചെയ്തു. ഇക്കാര്യം തങ്ങൾ ചർച്ച ചെയ്തിരുന്നതാണെന്നും വേണ്ടത് ചെയ്യാമെന്നും അദ്ദേഹവും പറഞ്ഞു. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ഡിപിആർ അനന്ത് അംബാനിക്ക് കൈമാറുകയും ചെയ്തു.

ഇപ്പോഴത്തെ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി ആ സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാണ് പുതിയ ആശുപത്രി പണിയുക. പിൻഭാഗത്തെ കൂടുതൽ സ്ഥലം ഉപയോഗിച്ച് ആകെ 80,000 ചതുരശ്ര അടി വിസ്തീർണത്തിൽ ആശുപത്രി പണിയും. ഗ്രൗണ്ട് ഫ്ലോർ അടക്കം 5 നിലകളാണ് കെട്ടിടത്തിനുണ്ടാവുക. 2 നിലകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വാർഡ്. ഒരു നിലയിൽ മുറികൾ. ബേസ്മെന്റിൽ കാർ പാർക്കിങ്. ഡയാലിസിസ്, കാർഡിയോളജി, ഗൈനക്കോളജി, ശസ്ത്രക്രിയ സൗകര്യങ്ങൾ ഉണ്ടാകും.

ആശുപത്രിയുടെ നിർമാണത്തിനുള്ള തടസ്സങ്ങൾ നീങ്ങിയതോടെ അംബാനി ഗ്രൂപ്പിനെ വിവരം അറിയിക്കുകയും അവർ നൽകുമെന്ന് വാഗ്ദാനം ചെയ്ത തുക വാങ്ങുന്നതുമാണ് അടുത്ത നടപടി. ഈ തുക ആശുപത്രി കെട്ടിടത്തിൻ്റെ നിർമാണത്തിന് മാത്രമാണ്. ബാക്കി തുക ദേവസ്വം വിനിയോഗിക്കും. ദേവസ്വം തന്നെ ആശുപത്രിയുടെ പ്രവർത്തന മേൽനോട്ടം വഹിക്കും.

The construction of the Guruvayur Devaswom’s super specialty hospital begins on July 30, with a ₹56 crore pledge from Mukesh Ambani. The hospital will offer comprehensive medical facilities and serve as a major relief for visitors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version