മെയ്ഡ് ഇന്ത്യ എന്ന വാക്ക് എവിടെ കണ്ടാലും ഓരോ ഇന്ത്യക്കാരനും അത് ഒരു അഭിമാന മുഹൂർത്തം തന്നെയാണ്. കാണുന്നത് ഇസ്രായേലിൽ ആണെങ്കിലോ, അതും മെയ്ഡ് ഇൻ കേരള. ഒരു മലയാളിയെ സംബന്ധിച്ച് അഭിമാനിക്കാൻ വേറെ ഒന്നും വേണ്ട. ഇസ്രായേൽ പൊലീസിന് യൂണിഫോം തയ്ച്ച് നൽകുന്നത് കേരളത്തിലെ ഒരു സ്ഥാപനം ആണ്.

കണ്ണൂർ കൂത്തു പറമ്പിലെ മരിയൻ അപ്പാരൽ (Maryan Apparel) എന്ന സ്ഥാപനമാണ് ഇസ്രായേൽ പോലീസ് സേനയ്ക്കായി യൂണിഫോമുകൾ നിർമിച്ചു നൽകുന്നത്.  വർഷങ്ങളായി ഈ സ്ഥാപനം ഇസ്രായേലിലേക്ക് വസ്ത്രങ്ങൾ നൽകുന്നുണ്ട്. എല്ലാ വർഷവും ഏകദേശം ഒരു ലക്ഷം യൂണിഫോമുകളാണ് കയറ്റുമതി നടത്തുന്നത്. ഇസ്രായേലിലേക്ക് മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾക്കടക്കം യൂണിഫോം തയ്യാറാക്കി നൽകുന്നത് മരിയൻ അപ്പാരലാണ്. ഈ സ്ഥാപനത്തിൽ ആകെയുള്ള 1,500 ജോലിക്കാരിൽ 1,300 പേരും വനിതകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

 കണ്ണൂരിലെ ബീഡി വ്യവസായം പ്രതിസന്ധിയിലായപ്പോൾ നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇവരിൽ പലർക്കും മരിയൻ അപ്പാരൽ ജോലി നൽകിയ ചരിത്രവുമുണ്ട്. തുടക്കത്തിൽ കമ്പനിയുടെ യൂണിറ്റ് തിരുവനന്തപുരത്തായിരുന്നു. പിന്നീടാണ് കണ്ണൂരിലേക്ക് മാറിയത്. മുംബൈ ആസ്ഥാനമായ ഈ സ്ഥാപനം നടത്തുന്നത് മലയാളി ബിസിനസുകാരനായ തോമസ് ഒലിക്കൽ ആണ്.

ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം കമ്പനിയുടെ യൂണിറ്റ് സന്ദർശിച്ച്, സംതൃപ്തി പ്രകടിപ്പിച്ചാണ് ഓർഡർ നൽകിയതെന്നും, തുടർന്നിങ്ങോട്ട് എല്ലാ വർഷവും ഓർഡർ ലഭിക്കുകയാണെന്നും മരിയൻ അപ്പാരൽ ഫാക്ടറി വെളിപ്പെടുത്തിയിട്ടുണ്ട്. 2006-ൽ കണ്ണൂരിലെ, സർക്കാർ ഉടമസ്ഥതയിലുള്ള കിൻഫ്ര പാർക്കിൽ ആണ് ഈ സ്ഥാപനം സ്ഥാപിതമായത്.

“മെയ്ഡ് ഇൻ ഇന്ത്യ” ടാഗോടെ കണ്ണൂരിൽ നിന്നും പോകുന്ന ഈ യൂണിഫോമുകൾ,  ആഗോള തലത്തിൽ ഇന്ത്യൻ നിർമിത വസ്തുക്കളുടെ  വർദ്ധിച്ചുവരുന്ന ഡിമാന്റിന് ഉദാഹരണം തന്നെയാണ്. 

Maryan Apparel Pvt Limited in Kannur, Kerala, has made a mark globally by producing high-quality uniforms for international clients, including the Israel police force. Discover their journey and impact.

Share.

Comments are closed.

Exit mobile version