തമിഴ്നാട് സർക്കാരിന്റെ വൈദ്യുത വിതരണ കമ്പനിയായ ടാംഗഡ്കോയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെട്ടിനാട് ഗ്രൂപ്പിന്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചെന്നൈ യൂണിറ്റാണ് ചെട്ടിനാട് ഗ്രൂപ്പിന്റെ സൗത്ത് ഇന്ത്യൻ കോർപറേഷൻ ലിമിറ്റഡ് (SICPL) സ്ഥാപനം റെയ്ഡ് നടത്തി 298 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്.
2023 മാർച്ചിൽ സംസ്ഥാന വിജിലൻസ് വിഭാഗമാണ് (DVAC) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെട്ടിനാട് ഗ്രൂപ്പിനെതിരെ ആദ്യം എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വൈകാതെ കേസന്വേഷണം ഇ.ഡി ഏറ്റെടുത്തു. എസ്ഐസിപിഎല്ലുമായി നടന്ന കൽക്കരി ഇടപാടിൽ സർക്കാർ സ്ഥാപനമായ ടാംഗഡ്കോയ്ക്ക് 908 കോടി നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. ടാംഗഡ്കോയിലെ മുൻ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.
2023 ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ കമ്പനിയുമായി ബന്ധപ്പെട്ട 358.2 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഇ.ഡി കണ്ടുകെട്ടിയിരുന്നു. ചെട്ടിനാട് ഗ്രൂപ്പിന്റെ ഓഫിസുകൾക്ക് പുറമെ ടാംഗഡ്കോയുടെ കൽക്കരി വിഭാഗം മുൻ ഡയറക്ടർ, ചില സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളടക്കം 10 സ്ഥലങ്ങളിലാണ് ഇ.ഡി അന്ന് പരിശോധിച്ചത്.
2001ൽ വിശാഖപട്ടണം തുറമുഖത്തുണ്ടായിരുന്ന ടാംഗഡ്കോയുടെ കൽക്കരി കൈകാര്യം ചെയ്യുന്നതിനായി എസ്ഐസിപിഎല്ലിന് 5 മാസത്തെ കരാർ നൽകിയിരുന്നു. പിന്നീട് ഈ ഇടപാട് ചെന്നൈയിലെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. 2019 വരെ ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾ കോടതി വിലക്കുകയും ചെയ്തു.
2011 മുതൽ 2019 വരെ, എസ്ഐസിപിഎൽ വിശാഖപട്ടണം പോർട്ട് ട്രസ്റ്റിന് ലെവിയായി 217.31 കോടി അടച്ചിരുന്നു. എന്നാൽ ടാംഗഡ്കോയിൽനിന്ന് 1,126.1 കോടി രൂപയാണ് എസ്ഐസിപിഎല് ഈ ഇനത്തിൽ വാങ്ങിയെടുത്തത്. 908.79 കോടിയുടെ നഷ്ടം ഈ ഇടപാടിലൂടെ മാത്രം ടാംഗഡ്കോയ്ക്കുണ്ടായെന്ന് കണ്ടെത്തിയതോടെ പിഎംഎൽഎ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു.
The Enforcement Directorate has seized assets worth Rs 298 crore from Chettinad Group’s South Indian Corporation Limited (SICPL) in a money laundering case involving Tamil Nadu’s Tangadco. The case alleges a Rs 908 crore loss in a coal deal.