ബുർജ് ഖലീഫ; ആ പേര് കേൾക്കാത്ത മലയാളിയുണ്ടാവില്ല. ലോകമെങ്ങുമുള്ള സഞ്ചാരികൾ കാണാൻ കൊതിക്കുന്ന അദ്‌ഭുതസൗധം എന്ന് വിശഷിപ്പിക്കാം ഈ കെട്ടിടത്തെ. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടം എന്ന ബഹുമതിയുമായി നിൽക്കുന്ന ബുർജ് ഖലീഫ ദുബായിയുടെ അഭിമാനം തന്നെയാണ്. 828 മീറ്റർ ഉയരമുള്ള ഈ കൂറ്റൻ കെട്ടിടത്തിൽ ഏറ്റവുമധികം അപ്പാർട്ട്‌മെന്റുകളുള്ളവരിൽ ഒരാൾ ഒരു മലയാളിയാണെന്നറിയുമ്പോൾ നമ്മൾ മലയാളികളുടെ അഭിമാനം കൂടിയാവുകയാണ് അത്.

ബുർജ് ഖലീഫയിലെ 900 അപ്പാർട്ട്‌മെന്റിൽ 22 എണ്ണം സ്വന്തമായുള്ളത് തൃശ്ശൂർ അഴഗപ്പനഗറിനടുത്ത മണ്ണംപേട്ട സ്വദേശി ജോർജ് നെരേപ്പറമ്പിലിനാണ്. യു.എ.ഇ.യിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഈ ബിസിനസ് പ്രമുഖന് മറ്റൊരു വിശേഷണംകൂടി സ്വന്തമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുക്കാൻ പിടിക്കുന്ന സിയാലിന്റെ ഏറ്റവും വലിയ ഓഹരിയുടമകളിൽ ഒരാൾകൂടിയാണ് ഇദ്ദേഹം.

ചില മനുഷ്യരുണ്ട്, അവർ സ്വപ്നംകാണുക മാത്രമല്ല, അവയെ കഠിനാധ്വാനത്തിലൂടെ വെട്ടിപ്പിടിക്കുകയും ചെയ്യും. തൃശ്ശൂരിൽ അപ്പനോടൊപ്പം അടക്കയും കശുവണ്ടിയുമെല്ലാം വിറ്റ് കാർഷികജീവിതം നയിച്ചിരുന്ന ജോർജ് നെരേപ്പറമ്പിൽ  അത്തരം ഒരു വെട്ടിപിടിക്കലിന്റെ ഉത്തമ ഉദാഹരണമാണ്.

കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ജോർജ് ജനിച്ചത്. ചെറു പ്രായത്തിൽ തന്നെ അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. 11 -ാം വയസിൽ, നാണ്യവിളകൾ കൊണ്ടുപോകുന്നതിനും വ്യാപാരം ചെയ്യുന്നതിനും അദ്ദേഹം പിതാവിനെ സഹായിച്ചു. കുരുമുളകിലും കൊപ്രയിലും പുളിയിലും കശുവണ്ടിയിലുമെല്ലാം തിരിവ് എന്നപേരിൽ കച്ചവടക്കാർ മാറ്റിയിടുന്ന ‘വേസ്റ്റ്‌’ ചെറിയ വിലയ്ക്ക് വാങ്ങി അതിൽ കുറച്ച് പരിശ്രമിച്ച് ഒന്നാംതരമാക്കി വേർതിരിച്ചെടുക്കുന്ന വിദ്യയാണ് ജോർജിലെ കച്ചവടക്കാരനെ വളർത്തിയത്. പുളിങ്കുരു ഉൾപ്പെടെയുള്ള ഇത്തരം അവശേഷിപ്പുകൾക്ക് വേറെ മാർക്കറ്റുണ്ടെന്ന് കുട്ടിക്കാലത്തുതന്നെ ജോർജ് കണ്ടെത്തിയിരുന്നു. ഈ തന്ത്രംതന്നെയാണ് എ.സി. യന്ത്രങ്ങളിലും ജോർജ് പരീക്ഷിച്ചത്. ചില ഭാഗങ്ങൾ മാറ്റിയിട്ടാൽ എ.സി. നന്നാക്കിയെടുക്കാനാവുമെന്ന് അയാൾ തിരിച്ചറിഞ്ഞു. ഒരു എ.സി.യിൽ കേടായ ഭാഗം മറ്റൊന്നിൽനിന്ന് അയാൾ കണ്ടെത്തി. ഇത്തരത്തിൽ സ്‌ക്രാപ്പിൽനിന്ന് പലതിനുമുള്ള ഭാഗങ്ങൾ അയാൾക്ക് ലഭിച്ചു. അവിടെയായിരുന്നു ജോർജിലെ ബിസിനസുകാരന്റെ വളർച്ച ആരംഭിച്ചത്. പിന്നെ ജോർജിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.  ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ തുടക്കംകൂടിയായിരുന്നു അത്.

കൂടെയുണ്ടായിരുന്ന ഒരു ബന്ധു ഒരിക്കൽ ജോർജിനോട്, ബുർജ് ഖലീഫയിൽ ജോർജിനൊന്നും  കയറാൻപോലും കഴിയില്ല എന്ന നിർദോഷമായ ഒരു തമാശ പറഞ്ഞു. ‘‘എന്റെ നിഘണ്ടുവിൽ അസാധ്യം എന്നൊന്നില്ല. പരിശ്രമിച്ചാൽ നേടാവുന്നതേയുള്ളൂ’’ അതായിരുന്നു ജോർജിന്റെ മറുപടി. ഇതിനിടയിൽ ബുർജ് ഖലീഫയിൽ ഒരു ഫ്ളാറ്റ് വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന ഒരു പരസ്യം  ഇംഗ്ലീഷ് പത്രത്തിൽ വന്നു. വാടകക്കരാർ ഉറപ്പിച്ച  അടുത്ത ദിവസം തന്നെ ജോർജ് താമസം ബുർജ് ഖലീഫയിലെ ഫ്ളാറ്റിലേക്ക് മാറ്റി. ഓരോ വർഷം കഴിയുന്തോറും പടർന്നുകയറിയ ബിസിനസിന്റെ ലാഭം നിക്ഷേപിക്കാൻ ബുർജ് ഖലീഫതന്നെ ജോർജ് തിരഞ്ഞെടുത്തു. വാടകയ്ക്ക് താമസിച്ച ഫ്ളാറ്റിലിരുന്നുകൊണ്ട് ജോർജിന് അവിടെ ഇപ്പോൾ 22 അപ്പാർട്ട്‌മെന്റുകൾ സ്വന്തം. ഇതിൽ 12 എണ്ണം വാടകയ്ക്ക് കൊടുത്തിരിക്കുന്നു. അവയിൽനിന്ന് കിട്ടുന്ന ആദായംകൊണ്ട് കൂടുതൽ അപ്പാർട്ട്‌മെന്റുകൾ വാങ്ങിക്കുന്നതായിരുന്നു ജോർജിന്റെ ബുർജ് ഖലീഫ വ്യാപാരസൂത്രം. സ്വന്തമായി 25 അപ്പാർട്ട്‌മെന്റ് -ബുർജ് ഖലീഫയിൽ സ്വന്തമാക്കുക എന്നതാണ് ജോർജിന്റെ സ്വപ്നം. 4800 കോടി രൂപ ആസ്തിയുള്ള ജോർജ്ജ്, ബുർജ് ഖലീഫയിൽ സ്വത്ത് കൈവശം വച്ചിരിക്കുന്ന ഏറ്റവും സമ്പന്നരായ സംരംഭകരിൽ ഒരാളാണ്.

Discover how George V Nereamparambil, originally from Kerala, became the largest property owner in the Burj Khalifa, transforming from a humble mechanic to a real estate tycoon with 22 luxury apartments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version