സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാട്. ജീവനും ജീവിതവും നഷ്ടപ്പെട്ട നിരാലംബരായ ഒരുപറ്റം ജനങ്ങള്‍ മാത്രമാണ് മുണ്ടെൈക്കയിലും ചൂരല്‍മലയിലും ഇനി അവശേഷിക്കുന്നത്. അവരെ ഓരോരുത്തരേയും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. ഇതിന്റെ ഭാഗമാവുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷനും ഒരു കൂട്ടം സംരംഭകരും.
എറണാകുളം സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സംരംഭകർ ഒത്തുചേരുന്ന സ്റ്റാർട്ടപ്പ് സ്‌ക്വയർ എന്ന കമ്മ്യൂണിറ്റി മുൻകൈ എടുത്താണ് വയനാടിന് കൈത്താങ്ങ് ഒരുക്കിയിരിക്കുന്നത്. സംരംഭകരും സ്റ്റാർട്ടപ്പ് മിഷന്റെ ജീവനക്കാരും ചേർന്ന് സംഭരിച്ച വയനാടിന് വേണ്ടിയുള്ള അവശ്യ വസ്തുക്കൾ എറണാകുളം കളക്ട്രേറ്റിൽ എത്തിക്കുകയും അവിടെ നിന്നും വയനാട്ടിലേക്ക് കൊണ്ടുപോകുകയും ആയിരുന്നു. ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം, ബെഡ്ഷീറ്റുകൾ, കിടക്കകൾ എന്നിങ്ങിനെ ദുരിതഭൂമിയിലേക്ക് തങ്ങളാൽ കഴിയുന്ന സഹായമെത്തിക്കാൻ സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ ഈ ഡ്രൈവ് മറ്റുള്ളവർക്കും പ്രചോദനമാവുകയാണ്.
വയനാട് ഉരുൾപൊട്ടൽ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധിപേർ മരണപ്പെടുകയും നിരവധിപേർക്ക് ഗുരുതരമായ പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുകയും ചെയ്യുന്നുണ്ട്. പ്രിയപ്പെട്ടവരെയും ഒരായുസ്സിന്റെ അധ്വാനവും കഷ്ടപ്പാടും നഷ്ടപ്പെട്ടവരെയും ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിൽ അധിവസിപ്പിച്ചിരിക്കുകയാണ്. ഉരുൾപൊട്ടലിൽ ആടിയുലഞ്ഞ വയനാടിനെ ലോകമെമ്പാടുമുള്ള സുമനസ്സുകൾ ഒന്നടങ്കം ചേർത്ത് പിടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വയനാട്ടിലേക്ക് സഹായമെത്തുന്നുണ്ട്.
വിവിധ സ്ഥലങ്ങളിൽ വയനാടിന് വേണ്ടി കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ജില്ലാഭരണകൂടത്തിന്‍റെ കീഴിലുമായെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ ശേഖരിച്ച് വയനാട്ടിലേക്ക് എത്തിക്കുന്നുണ്ട്. മറ്റുചിലരാകട്ടെ തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറുന്നുണ്ട്.
ഇക്കൂട്ടത്തിൽ സാധാരണക്കാരും സിനിമാ താരങ്ങളുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മഹാദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന വയനാട് മുണ്ടക്കൈ, ചൂരല്‍മല സ്വദേശികള്‍ക്കായി സ്റ്റാർട്ടപ്പ് മിഷൻ നൽകിയ സഹായവും അഭിനന്ദനാർഹം തന്നെയാണ്.
Discover how Kerala Startup Mission and entrepreneurs are aiding Wayanad in the aftermath of the devastating landslide. Learn about community initiatives and global support efforts to help those affected.