ഇന്ത്യൻ വിപണിയിലേക്ക് മടങ്ങി വരാൻ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോഴ്സ്. 2021ൽ ഇന്ത്യൻ വാഹന വിപണിയിൽ നിന്നും മടങ്ങിയ ഫോർഡ്, കൂടുതൽ നിക്ഷേപങ്ങൾ നടത്തിയും ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമുള്ള പ്രവർത്തനങ്ങളിലൂടെ വിപണി പിടിക്കാനുള്ള ശ്രമവുമായാണ് മടങ്ങിയെത്തുന്നത്.
ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനുള്ള സാധ്യതാ പഠനം പൂർത്തിയായെന്നും ഇനി കമ്പനി ആസ്ഥാനത്ത് നിന്നുള്ള അന്തിമ അനുമതി മാത്രമാണ് ബാക്കിയെന്നും റിപ്പോർട്ട് തുടരുന്നു. 1995 മുതൽ 2021 വരെയാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ ഇക്കോ സ്പോർട്, ഫിഗോ അടക്കമുള്ള നിരവധി കിടിലൻ വണ്ടികൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞു.
ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച ശേഷം ചൈനീസ്, യൂറോപ്യൻ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ ഫോർഡിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ത്യൻ വാഹന വിപണി നല്ല രീതിയിൽ വളരുന്നുമുണ്ട്. ഇത് മുതലെടുത്തു കൂടുതൽ മോഡലുകൾ ഇറക്കി വിപണി പിടിക്കാനാണ് കമ്പനിയുടെ പ്ലാൻ.
ചൈനയും അമേരിക്കയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. മാത്രവുമല്ല ഇന്ത്യയിലെ വാഹന ഉപയോക്താക്കൾക്കിടയിൽ ഇപ്പോഴും നല്ല പേര് നിലനിർത്താൻ ഫോർഡിന് കഴിഞ്ഞിട്ടുണ്ട്. വിൽപ്പന അവസാനിപ്പിച്ചെങ്കിലും ആഫ്റ്റർ സെയിൽസ് വിഭാഗത്തിന്റെ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കൂടാതെ ഫോണിന്റെ മിക്ക മോഡലുകൾക്കും ഇപ്പോഴും ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഇതു മനസ്സിലാക്കിയ ഫോർഡ് ഇന്ത്യയിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കുകയും കഴിഞ്ഞവർഷം ചെന്നൈയിലെ തങ്ങളുടെ പ്ലാന്റ് വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾ, പ്രത്യേകിച്ച് മാർച്ചിൽ അവതരിപ്പിച്ച പുതിയ ഇലക്ട്രിക് വാഹന നയം, ഫോർഡിൻ്റെ പുനരാലോചനയിലെ പ്രധാന ഘടകങ്ങളാണ്. ആഗോള നിക്ഷേപങ്ങൾ ആകർഷിച്ചുകൊണ്ട് ഇന്ത്യയെ ഇവികളുടെ നിർമ്മാണ കേന്ദ്രമാക്കി മാറ്റുകയാണ് നയം ലക്ഷ്യമിടുന്നത്. കമ്പനികൾ കുറഞ്ഞത് 4,150 കോടി രൂപ (ഏകദേശം 500 മില്യൺ ഡോളർ) ഇവി നിർമ്മാണ കേന്ദ്രങ്ങളിൽ നിക്ഷേപിക്കണമെന്ന് ഇത് നിർബന്ധമാക്കുന്നുണ്ട്. കൂടാതെ, 15 ശതമാനം കസ്റ്റംസ് തീരുവയിൽ പ്രതിവർഷം 8,000 പൂർണ്ണമായും നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ വരെ ഇറക്കുമതി ചെയ്യാൻ നയം അനുവദിക്കുന്നുണ്ട്.
Discover how Ford Motors is planning a comeback to the Indian auto market with a focus on electric vehicles and significant investments. Learn about their strategy and the impact of India’s new EV policy.